‘ചട്ടക്കാരി’യുടെ വിലക്ക് തിയേറ്റര്‍ ഉടമകള്‍ പിന്‍വലിച്ചു
കൊച്ചി: ജി സുരേഷ്‌കുമാറിന്റെ ചട്ടക്കാരി എന്ന ചിത്രത്തിനേര്‍പ്പെടുത്തിയ വിലക്ക് തിയറ്ററുടമകള്‍ പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ചലച്ചിത്രസംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. തിയറ്ററുകളില്‍ നിന്ന് ക്ഷേമനിധി വിഹിതം പിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാമെന്ന ധാരണയെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു
ക്ഷേമനിധി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജി സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രം വിലക്കാന്‍ കഴിഞ്ഞ മാസമാണ് തിയറ്ററുടമകള്‍ തീരുമാനമെടുത്തത്. തിയറ്ററുകളില്‍ നിന്ന് മൂന്ന് രൂപാ ക്ഷേമനിധി വിഹിതമായി പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക്. വിലക്ക് പിന്‍വലിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ചലച്ചിത്രസംഘടനകളുടെയും ഭാരവാഹികള്‍ പങ്കെടുത്തു.
ക്ഷേമനിധി വിഹിതം തിയറ്ററുകളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനൊപ്പം നില്‍ക്കാമെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ഉറപ്പ് നല്‍കി. ഈ ധാരണയിലാണ് വിലക്ക് നീക്കാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തയ്യാറായത്. ഫലത്തില്‍ ക്ഷേമനിധി വിഹിതം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തിയറ്ററുടമകള്‍ക്കൊപ്പം നിര്‍മ്മാതാക്കളുടെയും
വിതരണക്കാരുടെയും സംഘടന എതിര്‍ക്കും.
ചട്ടക്കാരിക്ക് വിലക്കേര്‍പ്പെടുത്താനുള്ള തിയറ്ററുടമകളുടെ തീരുമാനത്തിനെതിരെ നേരത്തെ മന്ത്രി കെ ബി ഗണേഷ്‌കുമാറും പരസ്യമായി രംഗത്തെത്തിയിരുന്നു. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍,അമ്മ പ്രസിഡന്റ് ഇന്നസെന്റ്,സെക്രട്ടറി ഇടവേള ബാബു, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍,ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ഡിസട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാഗാ അപ്പച്ചന്‍ എന്നിവരാണ് കൊച്ചിയില്‍ നടന്ന സംയുക്ത യോഗത്തില്‍ പങ്കെടുത്തത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































