Stay Connected:

Indiavision Live | Malayalam News Channel

മനുഷ്യാവകാശം…!

എം ബി സന്തോഷ്‌ | Published: June 22, 2012 Change Font size: (+) | (-)


സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി കുടുംബസമേതം സഞ്ചരിച്ച ഔദ്യോഗികകാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ  ദമ്പതികള്‍ക്ക് പരിക്കേറ്റു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേരളത്തിലെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്ന ആര്‍ക്കും അപകടം സഹയാത്രികനാകുന്ന സ്ഥിതി ഒരു വിശദീകരണവും കൂടാതെ മനസ്സിലാവും.

ന്യായാധിപന്‍മാര്‍ സമൂഹത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ കാരണം അവരുടെ നീതിനിഷ്ഠവും നിഷ്പക്ഷവുമായ നിലപാടുകളാണ്. എന്നാല്‍, പദവികള്‍ ലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ പാദം നക്കാന്‍പോലും തയ്യാറായി ജഡ്ജിമാര്‍ മുന്നോട്ടുവന്നത് നാടിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌പോലും ആരോപണവിധേയനായി എന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല ബാധിച്ചത്.

എന്നാല്‍, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ കാര്യം അങ്ങനെയങ്ങ് ലഘൂകരിക്കാനാകില്ല.ദേശീയപാതാബൈപാസില്‍ അദ്ദേഹത്തിന്റെ കാറിടിച്ച് പരിക്കേറ്റ ദമ്പതിമാര്‍ അരമണിക്കൂറോളം റോഡില്‍ കിടന്നു. ചോരയൊലിപ്പിച്ച് നടുറോഡില്‍ കിടന്ന അവരെ ആരും ആശുപത്രിയിലെത്തിക്കാനില്ലായിരുന്നു. ജഡ്ജിയോ അദ്ദേഹത്തിന്റെ കാറിലുണ്ടായിരുന്ന വേറാരെങ്കിലുമോ പുറത്തിറങ്ങി നോക്കാന്‍പോലും തയ്യാറായില്ല. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായാല്‍ മനുഷ്യത്വം തീരെ വേണ്ടെന്നാണോ?

അവിടത്തെ നാട്ടുകാര്‍ പക്ഷേ, ചെയര്‍മാനോളം മനുഷ്യത്വമില്ലാത്തവരായിരുന്നില്ല.അവര്‍ സ്ഥലത്ത്  ഓടിക്കൂടി. പ്രശ്‌നമായപ്പോള്‍ പൊലീസ് എത്തി. അവര്‍ പരിക്കേറ്റുകിടന്നവരെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ദമ്പതികളിലൊരാളുടെ നില അതീവ ഗുരുതരമാണ്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാര്‍ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. പൊലീസ് എത്തിയതിനാല്‍ വേറെ വാഹനത്തിലെങ്കിലും തടികേടാകാതെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന് രക്ഷപ്പെടാനായി.

ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ കമ്മീഷന്‍  അംഗങ്ങള്‍ക്കും മനുഷ്യാവകാശം എത്രത്തോളം സംരക്ഷിക്കാനാകുന്നു എന്ന ചോദ്യം കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. ഒരാള്‍ പരിക്കേറ്റ് വഴിയില്‍ കിടന്നാല്‍ ആശുപത്രിയില്‍ എത്തിക്കുക എന്നത് ഏതൊരാളുടെയും കടമയോ ഉത്തരവാദിത്തമോ ഒക്കെ ആവുമ്പോള്‍ ചുവന്ന ബീക്കണ്‍ ഘടിപ്പിച്ച കാറില്‍ വീണുപരിക്കേറ്റവരുടെ ഉള്‍പ്പെടെ നികുതിപ്പണംകൊണ്ട് സഞ്ചരിക്കുന്ന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന് മാത്രം അതൊന്നും ബാധകമല്ലാത്തത് എന്തുകൊണ്ടാണ്?

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ മനുഷ്യത്വരഹിതമായി ഇടപെടുന്നുവെന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നതാണ്. കോഴിക്കോട്ട് എസ് എഫ് ഐ മാര്‍ച്ചിനുനേരെ ഡിവൈ എസ് പി റിവോള്‍വറെടുത്ത് വെടിവച്ച സംഭവം സംസംഥാനത്തൊട്ടാകെ വലിയ പ്രതിഷേധത്തിനിടയാക്കിയതാണ്. അന്ന് ഈ ജഡ്ജിയദ്ദേഹത്തിന് പോലീസുകാരുടെ അവകാശത്തെക്കുറിച്ച് വാചാലനാവാനായിരുന്നു താല്പര്യം. ഇരകളുടെ അവകാശമാണ് സംരക്ഷിക്കേണ്ടത് എന്നതൊക്കെ പഴയ കാര്യം.

ഇപ്പോള്‍ വേട്ടപ്പട്ടികളാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് അഭിപ്രായമുള്ള ഇത്തരം കഥാപാത്രങ്ങള്‍ നാടാകെ പെരുകുകയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇദ്ദേഹത്തിന്റെ നിലപാടിന്‍മേല്‍ രെു കലാപമുണ്ടാവാതിരുന്നതിന് കേരളീയരുടെ സഹിഷ്ണുതയ്ക്ക് നന്ദി പറയണം.

ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് വികസനമെന്നതാണ്. അതില്‍തന്നെ വന്‍കിട പദ്ധതികള്‍. സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണവും അതില്‍ പ്രധാന പങ്ക് വഹിക്കുന്നു.  റിയല്‍ എസ്റ്റേറ്റ് പരിപാടികളിലൂടെ ‘പത്ത് പുത്തന്‍’ ഒപ്പിക്കാമോ എന്നാണ് ഈ വികസനരാജാക്കന്‍മാരുടെ ചിന്താഗതി. അതിനെ എതിര്‍ക്കുന്നവരെക്കെ വികസനശത്രുക്കളാവും! രണ്ടോ മൂന്നോ സെന്‍്‌റിലെ കൂരയോ  കിടപ്പാടമോ വികസനത്തിന്‍്‌റെ പേരില്‍ നഷ്ടപ്പെടുമ്പോള്‍ പകച്ചിരുന്നുപോവുന്നവരുടെ മനുഷ്യാവകാശമൊന്നും ആര്‍ക്കും വിഷയമല്ലാതായിട്ട് എത്രയോ കാലമായി.

അപ്പോഴാണ് റോഡരികില്‍ സ്വന്തം വണ്ടിയിടിച്ചിട്ടവരുടെ കാര്യം. റോഡില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിച്ച് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നവരുടെ മനുഷ്യാവകാശത്തിനായി ഈ ‘മഹാജസ്റ്റിസ്’ ശുപാര്‍ശ നല്‍കിക്കളയുമോ എന്നാണ് ഇനി നോക്കേണ്ടത്! റോഡില്‍ വാഹനമിടിച്ചിടാനുള്ളവരുടെ അവകാശത്തിനുവേണ്ടിയും അദ്ദേഹം വാദിച്ചുകൂടെന്നില്ല! മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ കാര്‍ പുതിയതായി വാങ്ങി നല്‍കിയതാണ്. അതിനുശേഷം എത്ര അപകടങ്ങള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. കുറഞ്ഞപക്ഷം മാസത്തില്‍ ഒന്ന് എന്നതിനപ്പുറം അപകടമുണ്ടാക്കരുതെന്നെങ്കിലും സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം!

ജഡ്ജിമാരുടെ നിയമനം മനുഷ്യാവകാശ കമ്മിഷനില്‍ ഉറപ്പുവരുത്തിയത് സാങ്കേതികതയുടെ പേരില്‍ സാധാരണക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനാണ്. എന്നാല്‍, ഇപ്പോള്‍ കുറേനാളായി വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് അവിടെ കാണാനാവുന്നത്.

ന്യായാധിപന്‍മാര്‍ സമൂഹത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ കാരണം അവരുടെ നീതിനിഷ്ഠവും നിഷ്പക്ഷവുമായ നിലപാടുകളാണ്. എന്നാല്‍, പദവികള്‍ ലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ പാദം നക്കാന്‍പോലും തയ്യാറായി ജഡ്ജിമാര്‍ മുന്നോട്ടുവന്നത് നാടിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌പോലും ആരോപണവിധേയനായി എന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല ബാധിച്ചത്. നേരത്തേ, കേരളീയരുടെ അഭിമാനമായിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ എത്രപെട്ടെന്നാണ് അവരുടെ ഹൃദയത്തില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടത്!

ഇതിനിടയിലും പ്രകാശഗോപുരംപോലെ ചില ന്യായാധിപന്‍മാരുണ്ട്.സാമൂഹികപ്രതിബദ്ധത അങ്ങാടിമരുന്നോനീറ്റുമരുന്നോ എന്നന്വേഷിക്കുന്ന ന്യായാധിപസമൂഹത്തിനുമുന്നില്‍ ഒരാളെപ്രത്യേകം പരാമര്‍ശിക്കാതിരിക്കാനാവില്ല.ദമ്പതികളെവണ്ടിയിടിച്ചിട്ടശേഷം അവരെ ആശുപത്രിയിലെത്തിക്കാന്‍ ജസ്റ്റിസ് കോശി തയ്യാറാകാതിരുന്ന അതേസമയംതന്നെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ മാതൃകാപ്രവൃത്തി.

ഹൈക്കോടതിയിലെ ഈ ജഡ്ജി തന്റെ വസതിയുടെ മുന്‍ വശത്തുള്ള റോഡ് വൃത്തിയാക്കാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു. മഴയത്ത് മണ്‍വെട്ടിയുമായി റോഡിലിറങ്ങാന്‍ ഈ ജഡ്ജിയെ പ്രേരിപ്പിച്ചത് പനി പടരുന്ന നിലവിലെ സാഹചര്യം ഒഴിവാക്കലാണ്.

മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെയോ പൊതുമരാമത്ത് വകുപ്പിനെയോ ഇക്കാര്യം അറിയിച്ചാല്‍ അവര്‍ എപ്പോള്‍ ഇതൊക്കെ വൃത്തിയാക്കി എന്നുചോദിച്ചാല്‍ മതി. പക്ഷേ, അതിനപ്പുറം ഇത് തന്റെ ഉത്തരവാദിത്തമാണെന്ന് സ്വയം തിരിച്ചറിഞ്ഞ ഒരു ന്യായാധിപന്‍ തീര്‍ച്ചയായും നീതിനിഷ്ഠരുടെ ഗണത്തില്‍പെടുമെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

ഒരേദിവസം, ഒരേ സമയത്താണ് ഇത് രണ്ടും നടന്നത്.  ഇവിടെ പ്രകടമാവുന്നത്. രണ്ടുപേരുടെയും മനോഭാവമാണ്. ഈ പാവപ്പെട്ടവരെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു എന്ന് വിധിന്യായമെഴുതിയ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയിലുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷപദം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിപ്പോവാനുള്ള ഒരു ലാവണം മാത്രമല്ല  എന്ന് ഇനിയെങ്കിലും ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം. അല്ലെങ്കില്‍, അത് മനസ്സിലാക്കിപ്പിക്കാന്‍ നിയമവകുപ്പ് മുന്‍കൈ എടുക്കണം.

അതിന് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ അതിന് നിര്‍ബന്ധിതരാവും. അപ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തിന്റെ ചൂണ്ടുവിരല്‍ ഉയരുമ്പോഴുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറാവണമെന്നുമാത്രം.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar