Stay Connected:

Indiavision Live | Malayalam News Channel

സി പി എമ്മിന്റെ ബംഗാള്‍ മനോരാജ്യം

അഡ്വ. ജയശങ്കര്‍ | Published: June 25, 2012 Change Font size: (+) | (-)

ഴ്ചകള്‍ നീണ്ട കൂടിയാലോചനകള്‍ക്കും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും അറുതിയാകുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് കുമാര്‍ മുഖര്‍ജിയും പി.എ സാംഗ്മയും തമ്മിലായിരിക്കും മത്സരം എന്നുറപ്പായി. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള യുപിഎ കക്ഷികളുടെയും എസ്പി, ബിഎസ്പി പാര്‍ട്ടികളുടെയും പിന്തുണയുള്ള മുഖര്‍ജി ജയിക്കും എന്നുറപ്പാണ്. എന്‍ഡിഎ ഘടകകക്ഷികളായ ജനതാദള്‍(യു)വും ശിവസേനയും കൂടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പി.എ സാംഗ്മ മത്സരിക്കാന്‍ വേണ്ടി മത്സരിക്കുന്നതാണ്. ജയിക്കാന്‍ ഒരു സാധ്യതയുമില്ല. ബിജു ജനതാദളും ജയലളിതയും കൂടിയാണ് സാംഗ്മയെ വിഡ്ഢി വേഷം കെട്ടിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ ജയിച്ചു എന്ന അപഖ്യാതി ഒഴിവാക്കാന്‍ വേണ്ടി മാത്രം ബിജെപി സാംഗ്മയെ പിന്താങ്ങുന്നു.

ബിജെപിയോടും കോണ്‍ഗ്രസിനോടും തൊട്ടുകൂടായ്മയുണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്. പത്ത് കൊല്ലം മുമ്പ് കോണ്‍ഗ്രസും ബിജെപിയും ദ്രാവിഡ, യാദവ പാര്‍ട്ടികളും ഒറ്റക്കെട്ടായി എപിജെ അബ്ദുള്‍ കലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ വന്ദ്യവയോധികയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ മത്സരിപ്പിച്ച് പ്രതിബദ്ധത തെളിയിച്ച പാരമ്പര്യവുമുണ്ട്. ആ നിലയ്ക്ക് മുഖര്‍ജിക്കും സാംഗ്മയ്ക്കുമെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. ജയിക്കാനോ ഭരിക്കാനോ രാഷ്ട്രപതി ഭവനില്‍ സുഖവാസം അനുഭവിക്കാനോ വേണ്ടിയല്ല, നിലവിലുള്ള വ്യവസ്ഥിതിയോട് പ്രതിഷേധം രേഖപ്പെടുത്താന്‍ വേണ്ടി മാത്രം.

എന്നാല്‍ യുപിഎയിലും എന്‍ഡിഎയിലും കണ്ടതിനേക്കാള്‍ ഭീകരമായ ഭിന്നിപ്പാണ് ഇടതുമുന്നണിയില്‍ ഉണ്ടായിട്ടുള്ളത്. സിപിഐയും ആര്‍എസ്പിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒരു കാരണവശാലും പിന്താങ്ങില്ല എന്ന് ശഠിച്ചിരുന്ന  സിപിഎം പ്രണബ് മുഖര്‍ജിക്ക് വോട്ട് ചെയ്യാന്‍ പോകുന്നു.

മന്‍മോഹന്‍ സര്‍ക്കാരിന്റെ മടിശ്ശീല സൂക്ഷിപ്പുകാരനാണ് മുഖര്‍ജി. നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരന്‍. മാസാമാസം പെട്രോള്‍ വില കൂട്ടുന്നതും വിദേശ കുത്തകകള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതും പരവതാനി വിരിക്കുന്നതും മറ്റാരുമല്ല. രാജ്യത്തോട് ഇതുവരെ ചെയ്ത സകല ദ്രോഹത്തിനും പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് പ്രണബ് മുഖര്‍ജിയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അനുകൂലിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം. ഇതോടെ കോണ്‍ഗ്രസും മമതയും തമ്മിലുള്ള സഖ്യം അവസാനിക്കും, കേന്ദ്ര മന്ത്രിസഭയില്‍നിന്ന് തൃണമൂല്‍ മന്ത്രിമാരും ബംഗാള്‍ മന്ത്രിസഭയില്‍നിന്ന് കോണ്‍ഗ്രസ്സുകാരും രാജിവയ്ക്കും, വരുന്ന തെരഞ്ഞെടുപ്പില്‍ ത്രികോണമത്സരത്തിന്റെ ആനൂകുല്യം നമുക്ക് ലഭിക്കും എന്നൊക്കെയാണ് സഖാക്കളുടെ മനോരാജ്യം.

രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാലാകില്ല. രാഷ്ട്രീയത്തില്‍  അത് ചിലപ്പോള്‍ അഞ്ചാകും, മറ്റു ചിലപ്പോള്‍ മൂന്നാകും. ലളിതമായ ഈ ഗണിതശാസ്ത്രം സിപിഎം നേതാക്കള്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇനി മനസ്സിലാകാനും സാദ്ധ്യതയില്ല.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar