അശ്‌ളീലവും അര്‍മാദവും അരാജകത്വവും

കാഴ്ചക്കാരനെ ചിരിപ്പിക്കാന്‍ ദ്വയാര്‍ത്ഥഹാസ്യവും അശ്‌ളീല തമാശകളും നിര്‍ബന്ധമാക്കുന്ന വാണിജ്യചേരുവാ സിനിമകകളില്‍ കൂടിയ ഇനമാണ് അമല്‍നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’. സ്റ്റൈലും തല്ലും ത്രില്ലും വെടിയുതിര്‍ക്കലും മാറ്റി നിര്‍ത്തിയാല്‍ കഥയും കാമ്പുമില്ലാത്ത ചിത്രം. ആസ്വാദനസമഗ്രതയില്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ഒന്നും പരിഗണനയാകാത്ത പ്രേക്ഷകര്‍ക്ക് മാത്രം നിരാശ സമ്മാനിക്കാത്ത ചിത്രം.
കഥയിലേക്ക് കടക്കേണ്ടതില്ല എന്നിടത്ത് ‘ബാച്ചിലര്‍ പാര്‍ട്ടി’ ആസ്വദിപ്പിച്ചതും അസ്വസ്ഥമാക്കിയതും എങ്ങനെയെന്ന് ഉദാഹരിക്കുന്നതാണ് ഉചിതം. സ്‌ളോ മോഷന്‍ രംഗങ്ങളുടെ ബാഹുല്യത്തിലൂടെയാണ് നായകന്‍മാരും വില്ലന്‍മാരുമെല്ലാം ഇവരുടെ ചെറുപ്പകാലങ്ങളിലടക്കം പ്രേക്ഷകരിലെത്തുന്നത്. ശൈലീസൗന്ദര്യത്തിന് ആവശ്യത്തിനും അനാവശ്യത്തിനും സ്‌ളോ മോഷനുകള്‍. മദ്യപിച്ചും പുകവലിച്ചും വെടിയുതിര്‍ത്തും തെറി പറഞ്ഞും ഒടുക്കം കൂട്ടവെടിയുതിര്‍ത്തും ആഘോഷം.
സിനിമയെന്ന മാധ്യമത്തിന്റെ വാണിജ്യസാധ്യതയോട് പരിധിയില്‍ കവിഞ്ഞ നീതി പുലര്‍ത്തിയൊരുക്കിയതിനാല്‍ നവനിരശ്രമങ്ങളുടെ കുത്തൊഴുക്കില്‍ കുറുകെനിന്ന് ഇനീഷ്യല്‍ ഭദ്രമാക്കിയെന്നത് സിനിമയുടെ ബോക്‌സ് ഓഫീസ് കണക്കെടുപ്പില്‍ ആശ്വാസമൂലധനവുമാകുന്നു. സാങ്കേതികസമ്പന്നവും ആഖ്യാനതീവ്രതയും വേണ്ടുവോളമുണ്ടായിട്ടും ചിത്രം പാകം തെറ്റിയ പകര്‍പ്പായെന്നത് മാത്രമാണ് ബോക്‌സ് ഓഫീസിന്റെ വിമര്‍ശനം.
പ്രണയകഥ പങ്കുവയ്ക്കുന്ന ആസിഫിന്റെ കഥാപാത്രത്തോട് സ്‌ളോ മോഷനില്‍ പറയാന്‍ ഇതെന്താ അമല്‍നീരദിന്റെ ചിത്രമാണോ എന്ന് ഇന്ദ്രജിത്തിന്റെ കഥാപാത്രം ചോദിക്കുന്ന രംഗമുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയെ അളവില്‍കവിഞ്ഞ പ്രതീക്ഷയോടെ കാണാനെത്തുന്ന പ്രേക്ഷകര്‍ക്കുള്ള ഒറ്റവരി മറുപടി തന്നെയാണിത്.
മങ്കാത്തയും ഡല്ലിബെല്ലിയും മായാമോഹിനിയും കയ്യടിച്ചുനിര്‍ത്താതെ കണ്ടുതീര്‍ത്ത പ്രേക്ഷകരാണ് അമല്‍നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി അശ്‌ളീലത്തില്‍ കുതിര്‍ത്ത ചിത്രമെന്ന് പരാതിപ്പെട്ടത് എന്നത് തമാശ കൂടിയാണ്. ബാച്ചിലര്‍ പാര്‍ട്ടി അവതരണത്തിലും ആസ്വാദനത്തിലും ശരാശരിക്ക് താഴെനില്‍ക്കുന്ന ചിത്രമെന്ന ബോധ്യത്തില്‍ തന്നെയാണ് ഈ വൈരുദ്ധ്യത്തെ കാണേണ്ടത്.

ദൃശ്യപരിചരണത്തില്‍ പുതുമയൊരുക്കിയും ആഖ്യാനത്തില്‍ സാമ്പ്രദായിക ശൈലിയെ നിരാകരിച്ചും ആസ്വാദനത്തെ വേറിട്ട പാതയിലെത്തിക്കുന്ന ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അമല്‍നീരദ്. ‘ബിഗ് ബി’ മുതല്‍ ‘അന്‍വര്‍’ വരെയുള്ള ചിത്രങ്ങളില്‍ ദൃശ്യആഖ്യാനശൈലികളിലൂടെ സ്വന്തം കയ്യൊപ്പിടാന്‍ സാധിച്ചപ്പോഴും മൗലികത ചോദ്യം ചെയ്യപ്പെട്ടിരുന്നു.
പ്രേക്ഷകരുടെ മനസില്‍ നിന്നകലാത്ത വിദേശസിനിമകളുടെ പകര്‍പ്പൊരുക്കിയെന്നത് തന്നെയായിരുന്നു കുറ്റം.യുക്തിയും കഥയും ആസ്വാദനത്തില്‍ ശഠിക്കാത്ത പ്രേക്ഷകര്‍ അമല്‍നീരദിനൊപ്പമുണ്ട് എന്നതിന്റെ സാക്ഷ്യമാണ് ബാച്ചിലര്‍ പാര്‍ട്ടിക്ക് ആദ്യദിനങ്ങളില്‍ ലഭിച്ച വലിയ ഇനീഷ്യല്‍.
യുക്തിഭദ്രമായ തിരക്കഥ, പ്രതീക്ഷിതവും അപ്രതീക്ഷിവുമായ വളവുതിരിവുകളും ലക്ഷ്യത്തിലെത്തലും,അതുവരെയുള്ള കാഴ്ചയെ തൃപ്തമാക്കുന്ന ക്‌ളൈമാക്‌സ്. ഈ സാമ്പ്രദായിക നിര്‍ബന്ധങ്ങളൊന്നും തന്നെ പാലിക്കാന്‍ ബാച്ചിലര്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല. മാത്രമല്ല ഇതുവരെ കണ്ടതെല്ലാം സിനിമാക്കഥ മാത്രമെന്ന് പ്രേക്ഷകരോട് ആവര്‍ത്തിക്കാന്‍ നരകത്തില്‍ നായകന്‍മാരും വില്ലന്‍മാരും കൈകോര്‍ത്തുപാടുന്ന ഹെല്‍ഡാന്‍സും ബാച്ചിലര്‍ പാര്‍ട്ടി പരീക്ഷിച്ചു.
യുക്തിഭദ്രമായ കഥ, അപ്രതീക്ഷിത വളവുതിരിവുകള്‍, ഭേദപ്പെട്ട ക്‌ളൈമാക്‌സ് എന്നിവ അമല്‍ നീരദിയന്‍ പ്രേക്ഷകരുടെയും നിര്‍ബന്ധമല്ലെന്ന് ആദ്യദിനത്തിലെ ആളിരമ്പം ബോധ്യപ്പെടുത്തി.’ സിന്‍ സിറ്റി’ എന്ന ഗ്രാഫിക്‌സ് നോവലാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ പ്രചോദനമെന്ന് കരുതാനാകില്ല. ജോണി ടോയുടെ 2006ല്‍ പുറത്തിറങ്ങിയ എക്‌സൈല്‍ഡ് എന്ന സിനിമയുടെ പാതിയിലേറെ പകര്‍ത്തിയാണ് ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.
കഥയിലേക്ക് കടക്കേണ്ടതില്ല എന്നിടത്ത് ബാച്ചിലര്‍ പാര്‍ട്ടി ആസ്വദിപ്പിച്ചതും അസ്വസ്ഥമാക്കിയതും എങ്ങനെയെന്ന് ഉദാഹരിക്കുന്നതാണ് ഉചിതം. സ്‌ളോ മോഷന്‍ രംഗങ്ങളുടെ ബാഹുല്യത്തിലൂടെയാണ് നായകന്‍മാരും വില്ലന്‍മാരുമെല്ലാം ഇവരുടെ ചെറുപ്പകാലങ്ങളിലടക്കം പ്രേക്ഷകരിലെത്തുന്നത്. ശൈലീസൗന്ദര്യത്തിന് ആവശ്യത്തിനും അനാവശ്യത്തിനും സ്‌ളോ മോഷനുകള്‍.മദ്യപിച്ചും പുകവലിച്ചും വെടിയുതിര്‍ത്തും തെറി പറഞ്ഞും ഒടുക്കം കൂട്ടവെടിയുതിര്‍ത്തും ആഘോഷം.
കാഴ്ചയില്‍ പിടിച്ചിരുത്താനും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലേക്ക് കൈപിടിക്കാനും ചിത്രത്തിന് സാധിക്കുന്നില്ല. രമ്യാനമ്പീശന്‍ ഭൂമിയിലെയും പത്മപ്രിയ നരകത്തിലെയും ഐറ്റം ഡാന്‍സര്‍മാരായി ബാച്ചിലര്‍ പാര്‍ട്ടിയിലെ നിഴല്‍നായികമാരായി.അല്‍പ്പമെങ്കിലും പ്രകടനത്തിന് അവസരം ലഭിച്ചത് നിത്യാമേനോന്.
കെട്ടുറപ്പുള്ള കഥയില്ലെങ്കിലും ആസ്വാദനക്ഷമമായ അന്തരീക്ഷം ചിത്രത്തിലുണ്ടാകണമായിരുന്നു. പതിവ് ഭാവങ്ങളെ കൈവിട്ട മേക്ക് ഓവറുകളില്‍ റഹ്മാനും കലാഭവന്‍മണിയും ഒരു പടി മുന്നില്‍ നിന്നു. യുവനിരയിലെ പേരെടുത്ത എഴുത്തുകാരായ ആര്‍ ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവുമാണ് അശ്‌ളീലഅര്‍മാദത്തിന് തിരക്കഥയെഴുതിയത് എന്നത് തുടര്‍പ്രതീക്ഷകളെയാണ് തളര്‍ത്തുന്നത്.

മലയാളസിനിമ പ്രാഥമിക പരിഗണനയാക്കാന്‍ ഇനിയും തയ്യാറാകാത്ത സാങ്കേതിക പൂര്‍ണതയുടെ കാര്യത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി തോല്‍വി സമ്മതിക്കില്ല. ശബ്ദസംവിധാനമൊരുക്കിയ തപസ് നായിക്കും സംഗീതമൊരുക്കിയ രാഹുല്‍രാജും പ്രവീണ്‍ വര്‍മ്മയുടെ വസ്ത്രാലങ്കാരവും സിനിമയുടെ സ്റ്റൈലിഷ് ഗെറ്റപ്പിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. പാട്ടുകള്‍ക്കൊപ്പം പാട്ടുകളുടെ ചിത്രീകരണവും ലൊക്കേഷനുകളും വരെ മനോഹരമാക്കിയിട്ടുണ്ട്.
എന്നാല്‍ രാഹുല്‍രാജിന്റെ തന്നെ പശ്ചാത്തലസംഗീതം എക്‌സൈല്‍സിനോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. മുത്തശിക്കഥ മുതല്‍ ബാച്ചിലര്‍ ലൈഫാണഭയം എന്ന് തുടങ്ങുന്ന ഗാനം വരെയുള്ള ചിത്രത്തിന്റെ എന്‍ട്രിസീനുകള്‍ കയ്യടിപ്പിക്കും വിധമാണ്. അമല്‍നീരദ് എന്ന ഛായാഗ്രാഹകന്‍ മാത്രമാണ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ കയ്യൊപ്പിടുന്നത്. ന്യായീകരണങ്ങള്‍ ഏത് വിധത്തില്‍ നിരത്തിയാലും അശ്ലീലം പരിധിവിട്ടൊരുക്കിയ തമാശകളും ആക്രണോത്സുകതയും മാത്രം നിറയുന്ന സിനിമാശ്രമം എന്ന് മാത്രമാകും കാഴ്ചയില്‍ ബാച്ചിലര്‍ പാര്‍ട്ടിയുടെ നീക്കിയിരിപ്പ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































