ഹോളിവുഡ് സംവിധായിക നോറ എഫ്രണ്‍ തിരയൊഴിഞ്ഞു
പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകയുമായ നോറ എഫ്രണ്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ലുക്കീമിയയ്ക്ക് ചികിത്സയിലായിരുന്നു.
വെന്‍ ഹാരി മെറ്റ് സാലി, സ്ലീപ്ലെസ് ഇന്‍ സീറ്റില്‍ തുടങ്ങി പതിനഞ്ച് ചിത്രങ്ങള്‍ക്ക് നോറ തിരക്കഥയെഴുതി.
റൊമാന്റിക് കോമഡി ചിത്രങ്ങളാണ് നോറയുടെ മനസില്‍ മൊട്ടിട്ട് ഹോളിവുഡിന്റെ തിരശ്ശീലയില്‍ വിരിഞ്ഞത്.
സ്വന്തം ദാമ്പത്യത്തകര്‍ച്ച ‘ഹാര്‍ട്ട്‌ബേണ്‍’ എന്ന പേരില്‍ നോറ ചലച്ചിത്രമാക്കി. ഓസ്‌കര്‍ ജേതാകേകളായ ജാക്ക് നിക്കോള്‍സണും മെറില്‍ സ്ട്രീപ്പുമായിരുന്നു നായികാനായകന്‍മാര്‍. മെറില്‍ സ്ട്രീപ്പുമായി ഗാഢ സൗഹൃദമുണ്ടായിരുന്നു നോറയ്ക്ക്. മെറില്‍ സ്ട്രീപ്പിനെ പ്രധാന വേഷത്തിലവതരിപ്പിച്ച് 2009ലൊരുക്കിയ ‘ജൂലിയ ആന്റ് ജൂലിയ’യാണ് അവസാനചിത്രം.
1941ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച നോറയ്ക്ക് മൂന്ന് തവണ ഓസ്‌കാര്‍ നാമനിര്‍ദ്ദേശവും ലഭിച്ചെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ന്യൂയോര്‍ക്ക് പോസ്റ്റില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച നോറ വിവിധ മാഗസിനുകള്‍ക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചു. മൂന്ന് തവണ വിവാഹിതയായ നോറ മൂന്നാം ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























