കടുവകള്‍ക്കു താങ്ങായി വ്യവസായലോകം
വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ ലോകബാങ്കുമായി ചേര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ പദ്ധതി. ഇതിനായി ഇന്ത്യ വൈല്‍ഡ്‌ലൈഫ് ബിസിനസ് കൗണ്‍സില്‍ രൂപീകരിച്ചു.
ലോകത്തുനിന്ന് അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കടുവകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് ഇന്ത്യയില്‍ നിന്നു തന്നെ തുടക്കമിട്ടത് ശഌഘനീയമാണെന്ന് സി ഐ ഐയുമായി ധാരണയൊപ്പിട്ട ശേഷം ലോക ബാങ്ക് പ്രസിഡണ്ട്് റോബര്‍ട്ട് സില്ലിക്ക് പ്രതികരിച്ചു.
വ്യവസായമേഖലയും പ്രകൃതിസംരക്ഷണ മേഖലയുമായുള്ള ബന്ധം ആരോഗ്യകരമാക്കിയെടുക്കാന്‍ കെല്‍പുള്ള രാജ്യമാണ് ഇന്ത്യ. ലാഭത്തിനൊപ്പം ഭൂമിയുടെയും ജനതയുടെയും സംരക്ഷണമെന്ന ലക്ഷ്യത്തിലേക്കുകൂടി വ്യവസായരംഗത്തെ വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ വൈല്‍ഡ്‌ലൈഫ് ബിസിനസ് കൗണ്‍സില്‍ വഴി ശ്രമിക്കുമെന്ന് ലോകബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ റോബര്‍ട്ട് സില്ലിക്ക് പറഞ്ഞു.
വികസന അജന്‍ഡ തീരുമാനിക്കുമ്പോള്‍ ജൈവവൈവിധ്യം കൂടി വിഷയമാക്കാന്‍ വ്യവസായലോകത്തെ ഇതു പ്രേരിപ്പിക്കും. കടുവകളെ സംരക്ഷിക്കാനുള്ള യത്‌നത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുകവഴി ഈ രംഗത്ത് പുതിയ ആശയങ്ങള്‍ നടപ്പാക്കാനും വിഭവസമാഹരണം നടത്താനും സാധിക്കും.
നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്മാര്‍ട്ട് ഗ്രീന്‍ പോലുള്ള വീക്ഷണങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി കടുവ സങ്കേതങ്ങളെ സംരക്ഷിക്കാന്‍ വ്യവസായലോകം ശ്രമിക്കണം. 2022 ഓടെ ലോകത്തെ കടുവകളുടെ എണ്ണം ഇരട്ടിപ്പിക്കാന്‍ സാധിക്കുമെന്ന് ലോകബാങ്ക് പ്രസിഡണ്ട് പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലാകെ മൂവായിരത്തോളം കടുവകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് കരുതുന്നത്.
ദേശീയ മൃഗമായ കടുവയുടെ വംശനാശം തടയാനുള്ള യത്‌നത്തിന് ഇന്ത്യയില്‍ നിന്നു തന്നെ തുടക്കമിടുന്നുവെന്നതില്‍ സന്തോഷമുണ്ടെന്ന് സിഐ ഐ പ്രസിഡന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഇന്ദ്രാണി കര്‍ പറഞ്ഞു. കടുവകളെ സംരക്ഷിക്കാന്‍ എല്ലാ മേഖലകളിലുമുള്ളവരുടെ സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു.
വ്യവസായമേഖലയ്ക്കും പ്രകൃതിസംരക്ഷകര്‍ക്കും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യ വൈല്‍ഡ്‌ലൈഫ് ബിസിനസ് കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേള്‍ഡ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട സ്ഥാപനങ്ങളായ ഐ ബി ആര്‍ ഡിയും ഐ ഡി എയും ഐ എഫ് സിയും കടുവസംരക്ഷണ പദ്ധതിയുമായി സഹകരിക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































