Stay Connected:

Indiavision Live | Malayalam News Channel

ലോഹിതദാസ് വിടപറഞ്ഞിട്ട് മൂന്നാണ്ട്

 | Published: June 28, 2012

ഭാവതീവ്രമായ ചലച്ചിത്രസൃഷ്ടികളാല്‍ മലയാളസിനിമയെ സര്‍ഗമ്പന്നമാക്കിയ ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്.  ജീവിതത്തിന്റെ നടവഴിയിലെ വര്‍ത്തമാനങ്ങളും ഇടവഴിയിലെ അടക്കം പറച്ചിലുകളും ആ തൂലികയില്‍ അതിഭാവുകത്വമില്ലാത്ത കഥയും കഥാപാത്രങ്ങളുമായെത്തി. തിരയുടെ ഭ്രമാത്മകഭൂമികയിലേക്ക് ജീവിതത്തിന്റെ തീവ്രതയും നനവും ഇഴചേര്‍ത്താണ് ലോഹിയുടെ കൈപിടിച്ച് ഈ കഥാപാത്രങ്ങള്‍ ഓരോന്നുമെത്തിയത്. അരക്ഷിതാവസ്ഥയും ഏകാന്തതയും നോവില്‍പഴുപ്പിച്ച കാലത്തെ ആത്മശാന്തിയായിരുന്നു ലോഹിതദാസിന് എഴുത്ത്.

ആത്മസംഘര്‍ഷത്തിന്റെ പൊള്ളലേറ്റവരും ജീവിതത്തെ പുറമേ സന്തോഷിച്ച് നേരിട്ടവരും പച്ചമണ്ണിന്റെ ചൂര്‌ചേര്‍ന്ന് കാഴ്ചയില്‍ സഹയാത്രികരായി. അനുഭവതീക്ഷ്ണവും ഭാവതീവ്രവുമായ രചനാസാമര്‍ത്ഥ്യത്താല്‍ ആസ്വാദകനെ അമ്പരപ്പിച്ച സര്‍ഗജാലം.

ഭ്രാന്ത് പാരമ്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെട്ടപ്പോള്‍ ജീവിതത്തില്‍ തനിച്ചായ ബാലന്‍മാഷിനും സാഹചര്യങ്ങളുടെ താളപ്പെരുക്കത്തില്‍ എല്ലാം നഷ്ടമായ സേതുമാധവനും അമരത്തിലെ അച്ചൂട്ടിക്കും മേലേടത്ത് രാഘവന്‍നായര്‍ക്കുമൊപ്പം നമ്മള്‍ ഇരുട്ടകത്ത് ഉള്ളുലഞ്ഞിരുന്ന് കണ്ണീര്‍വാര്‍ത്തത് അകലങ്ങളില്ല അവരെന്നറിഞ്ഞു തന്നെ.

നാല്‍പ്പത്തിനാല് തിരക്കഥകള്‍, പന്ത്രണ്ട് സിനിമകളുടെ സംവിധാനം. മലയാളസിനിമയുടെ വാണിജ്യശ്രേണിയിലും പൊന്നുംവിലയുള്ള തൂലിക. നായകസങ്കല്‍പ്പത്തിലെ നിയതരേഖകളെ ലംഘിച്ചും നായകന്റെ നിഴലൊതുങ്ങാത്ത നട്ടെല്ലുറപ്പുള്ള പെണ്‍കഥാപാത്രങ്ങളായും വഴിയോരങ്ങളിലെവിടെയെക്കൊയെ കണ്ടുമറന്നവര്‍ ലോഹിയുടെ തൂലികയില്‍ നിന്നെത്തി ലോഹ്യം കൂടി.

കുടുംബമെന്ന സ്ഥിരപ്രതലത്തിലും വൈവിധ്യമേറെയുണ്ടായിരുന്നു കഥകളോരോന്നിലും. ശുഭാന്ത്യത്തിലേക്ക് പൊരുതിജയിച്ചെത്തുന്ന നായകന്‍മാരേക്കാള്‍ പരാജയതുരുത്തുകളില്‍ ഒറ്റപ്പെട്ടവരായിരുന്നു അവരിലേറെയും. മരിച്ചാലേ നന്നാകൂ അതാണ് മലയാളിയുടെ പ്രത്യേകതയെന്ന് മരണശേഷം താന്‍ ആഘോഷമുതലാകുമെന്ന ബോധ്യത്തില്‍ ലോഹിതദാസ് നേരത്തെ പറഞ്ഞുവച്ചിരുന്നു.

ജീവിതത്തിന്റെ ആഴക്കാഴ്ചകളില്‍ അകന്നുനില്‍ക്കുന്ന  സമകലാലികചലച്ചിത്രശ്രമങ്ങള്‍ക്കിടയില്‍ ലോഹിക്കൊപ്പം മറഞ്ഞത് സര്‍ഗസമ്പന്നതയുടെ  വസന്തകാലമാണെന്ന് കാഴ്ചയുള്ളവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലോഹിതദാസിന്റെ പ്രമുഖ ചിത്രങ്ങളുടെ വീഡിയോകള്‍ കാണാം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar