Stay Connected:

Indiavision Live | Malayalam News Channel

പ്രത്യാശയുടെ പ്രതീകം: ദുര്‍ബലമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും

ഡോ.എം. കുഞ്ഞാമന്‍ | Published: June 30, 2012


ന്ത്യയിലെ മാറുന്ന സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടുകള്‍ രാജ്യപുരോഗതിയുമായി ഏത് വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലത്ത് ശക്തമായ ഒരു കേന്ദ്രസര്‍ക്കാരും അത്രയൊന്നും ശക്തമല്ലാത്ത സംസ്ഥാനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഏക പാര്‍ട്ടി ഭരണത്തില്‍ നിന്ന് മുന്നണി രാഷ്ട്രീയത്തിലേക്ക് മാറിയ കേന്ദ്രഭരണം, ഇപ്പോള്‍ മുന്നണിക്കുള്ളിലെ നീക്കുപോക്കുകളിലായി മാത്രം പിടിച്ചുനില്‍ക്കും വിധം ദുര്‍ബലമാണ്. എന്നാല്‍ സംസ്ഥാനവും, സംസ്ഥാന നേതാക്കളും കൂടുതല്‍ പ്രബലമായിക്കഴിഞ്ഞു. ഇത് ഫെഡറല്‍ ജനാധിപത്യം ശക്തമായതിന്റെ സൂചനകൂടിയായി കാണേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് പിരിച്ചുവിടപ്പെട്ട ആദ്യസംസ്ഥാന ഭരണകൂടം കേരളത്തിലേതാണ്. എന്നാല്‍ സമാനമായ ഒരു നീക്കത്തിന് ഇന്നത്തെ കേന്ദ്രസര്‍ക്കാരിന് ധൈര്യം വരുമോ?

ദേശീയ നേതൃത്വം എന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടായ അപചയവും, ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ ഉയര്‍ന്നുവരലും ഈ രാഷ്ട്രീയ മാറ്റത്തിന് പ്രധാന പങ്ക് വഹിച്ചു. ഈ മാറ്റം ഗൗരവമായി ചര്‍ച്ചചെയ്യുമ്പോള്‍, അത് ഇന്ത്യന്‍ സമൂഹത്തിന്റെ തന്നെ മാറ്റത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാകും. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന അഭിപ്രായക്കാരനായിരുന്നു ഗാന്ധിജി. എന്നാല്‍ അധികാരകേന്ദ്രമായി, ദേശീയപ്രസ്ഥാനത്തില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടിയാകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.

നെഹ്‌റുകാലഘട്ടത്തിന് ശേഷം, ആശയപരമായ അപാകതകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. മാറ്റങ്ങളുടെ കാലഘട്ടമായിരുന്ന 1960കള്‍ കോണ്‍ഗ്രസിന്റേയും തകര്‍ച്ചയുടെ ആരംഭമായിരുന്നു. 1967ല്‍ എട്ട് സംസ്ഥാനങ്ങളില്‍ അവര്‍ക്ക് അധികാരം നഷ്ടമായി. പിന്നീടൊരിക്കലും, ആദ്യകാല പ്രൗഢി അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ആയതുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ്, നക്‌സല്‍ ആധിപത്യം അങ്ങനെ 60കള്‍ പിന്നേയും വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായിരുന്നു. അധികാര കേന്ദ്രങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിച്ച ഘട്ടം എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.

സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിടുമ്പോഴും പിന്നോക്ക വിഭാഗം പൊതുവില്‍ പാര്‍ശ്വവല്‍കൃത സമൂഹമായി തന്നെ അവശേഷിക്കുന്നു. ചുരുക്കം ചില വ്യക്തികള്‍ സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തിയെങ്കിലും അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്.അവബോധവും അഭിപ്രായങ്ങളും രൂപീകരിക്കാനും  തീരുമാനങ്ങളെടുക്കാനും പ്രാപ്തമാക്കുന്ന  അക്കദമീയ,മീഡിയ രംഗങ്ങളില്‍ പിന്നോക്കക്കാരുടെ സാന്നിധ്യം തുലോം കുറവാണിന്നും. ഈ വര്‍ത്തമാനത്തിലാണ് ദുര്‍ബലമായ കേന്ദ്രവും, ശക്തമായ സംസ്ഥാനങ്ങളും പുതിയ ഊര്‍ജ്ജം നല്‍കുന്നത്.

അധികാര കേന്ദ്രങ്ങള്‍ക്കുണ്ടായ മാറ്റത്തിന് വേഗത കൂട്ടിയ ഘടകങ്ങളായിരുന്നു ഭൂപരിഷ്‌ക്കരണം, ഹരിത വിപ്ലവം തുടങ്ങിയവ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമി ഉത്പാദക ഘടകം മാത്രമല്ല; സാമ്പത്തി-ശക്തി സ്രോതസ്സ് കൂടിയാണ്. ഭൂപരിഷ്‌ക്കരണം നടന്നതോടെ ഭൂമി മേലാളനില്‍ നിന്നും പാട്ടക്കാര്‍ക്ക് ലഭിച്ചു. മധ്യവര്‍ഗ്ഗത്തിന്റെ കൈയിലേക്ക് ഭൂമിയും, അതുവഴിഅധികാരവും എത്തുന്നതിന് ഇത് കാരണമായി.

വിവിധ സംസ്ഥാനങ്ങളില്‍ ഭൂപരിഷ്‌ക്കരണത്തിന്റെ  വേഗവും തോതും വ്യത്യസ്തമാണെങ്കിലും ഇന്ത്യയില്‍ മൊത്തത്തില്‍ നടന്ന  മാറ്റം തന്നെയായിരുന്നു ഇത്. മധ്യവര്‍ഗ്ഗത്തില്‍ നിന്നും ബിസിനസുകാരും വ്യവസായികളും ഉയര്‍ന്നു വരുന്നതിനും അവരുടെ സാമൂഹിക പുരോഗതിയ്ക്കും ഈ മാറ്റം വഴിവെച്ചു. പ്രാദേശിക നേതാക്കളുടെ ഉത്ഭവം ഇവിടെ നിന്നായിരുന്നു. ഹരിത വിപ്ലവത്തിലൂടെയുണ്ടായ പുത്തന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും, ഉത്പാദന ക്ഷമതയുടെ വര്‍ധനയും സഹായിച്ചതും ഇടത്തരക്കാരെയാണ്.

എന്നാല്‍ ഈ കാലഘട്ടങ്ങളിലും ദളിത്-ആദിവാസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഹരിത വിപ്ലവമോ, ഭൂപരിഷ്‌ക്കരണമോ (അതിന്റെ നടത്തിപ്പിലുണ്ടായ അപര്യാപ്തത മൂലമാകാം) ഈ ജനവിഭാഗങ്ങളില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കിയില്ല.അവര്‍ണ്ണരുടെ അധ്വാനത്തിലും സവര്‍ണ്ണരുടെ മൂലധനത്തിലും അധിഷ്ഠിതമായിരുന്നു എന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും, മുതലാളിത്തവും.കായികാധ്വാനത്തിനപ്പുറം മറ്റൊന്നിനും ദളിത്-ആദിവാസി വിഭാഗങ്ങളെ പരിഗണിക്കാന്‍ ഇന്നും ഇന്ത്യന്‍ സമൂഹം തയ്യാറായിട്ടില്ല. ഇവരുടെ അധ്വാന ശേഷിയില്‍ നിന്നും മൂലധനം സമാഹരിച്ചാണ് ഇന്ത്യന്‍ മുതലാളിത്തം വളര്‍ന്നത്. വളര്‍ച്ചയിലെ ഒരുഘടകവും പക്ഷെ, ഇവര്‍ക്ക് നേട്ടം ഉണ്ടാക്കി കൊടുത്തതും ഇല്ല. ഇന്ന് ഇന്ത്യന്‍ സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും ഈ കായികാധ്വാനത്തിന്റെ പേരില്‍ മാത്രമാണ്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇതിന്റെ ഉത്തമ ഉദാഹരണമാണ്. തൊണ്ണൂറുകളിലെ പുത്തന്‍ ഉദാരവത്കരണവും, ഭൂപരിഷ്‌ക്കരണത്തിന്റെയും ഹരിതവിപ്ലവത്തിന്റെയും വഴിയെതന്നെയാണ് നീങ്ങിയതും.

ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജാതീയത. ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയ്ക്ക് പ്രധാന കുറ്റക്കാര്‍ വിദ്യാഭ്യാസ മേഖലയാണെന്ന് പറയാതെ വയ്യ. കാരണം മൂല്യങ്ങള്‍, പ്രക്രിയ, പ്രവൃത്തി എന്നിവയുടെ പ്രത്യുല്പാദനം നടക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. സാമൂഹിക പുരോഗതിയും വളര്‍ച്ചയും പൂര്‍ണമാകണമെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിയും അത്യാവശ്യമാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ജാതീയത നിലനില്‍ക്കുന്ന സമൂഹത്തില്‍ പക്ഷേ, ഇത് ശ്രമകരമാണ്. ഭൂമി, ജലം, സമ്പത്ത്, പുത്തന്‍  സാങ്കേതിക വിദ്യ എന്നിവയ്ക്കായാണ് ദളിത്-ആദിവാസി വിഭാഗങ്ങള്‍ പോരാട്ടം നടത്തേണ്ടത്. ജാതീയതയെ കീറിമുറിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിന് സ്വത്വരാഷ്ട്രീയമാണ് മികച്ച വഴി. ഇത്തരമൊരു നീക്കം സ്വതന്ത്ര ഇന്ത്യയില്‍ ആരംഭിക്കുന്നത് 1984 ല്‍ ബി എസ ്പിയുടെ രൂപീകരണത്തോടെയാണ്.

ആദിവാസി-ദളിത് വിഭാഗങ്ങള്‍ മാത്രമല്ല, സ്ത്രീകളും വിദ്യാര്‍ത്ഥികളും ഒക്കെ ഇന്ന് അസ്വസ്ഥരാണ്. ഇവരുടെ എല്ലാം ഏകീകൃത നേതൃത്വമാകുന്നതിന് ശക്തമായ ഒരു ഇടതുപക്ഷത്തിന്റെ ആവശ്യമുണ്ട്. സമത്വത്തിലും, മതേതരത്വത്തിലും ഊന്നിയുള്ള തൊഴിലാളി വര്‍ഗ്ഗ കൂട്ടായ്മയായിരിക്കണം അത്. ഇന്നുള്ള മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ ഇത്തരം ഊര്‍ജ്ജസ്വലമായ നേതൃത്വമാകാന്‍ പ്രാപ്തമോ സന്നദ്ധമോ അല്ല. ഇന്ത്യയുടെ സെന്‍ട്രല്‍ബെല്‍റ്റിലും ചുറ്റുപാടും വ്യാപിക്കുന്ന നക്‌സല്‍ പ്രസ്ഥാനങ്ങളെക്കുറിച്ച്് ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഈ സന്ദര്‍ഭത്തിലാണ്. ഇന്ത്യയിലെ ആദിവാസി ജനവിഭാഗങ്ങളില്‍ 85 ശതമാനവും ഈ ഭൂപ്രദേശത്ത് വസിക്കുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട വിഭവങ്ങളും ഭൂമിയും നഷ്ടപ്പെട്ട് ചൂഷണ വിധേയരാകുന്ന ഈ ജനതയുടെ പോരാട്ടം തുടങ്ങുന്നത് 1777 ല്‍ ആണെന്നു പറയാം, അതായത് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്.

അതിനാല്‍ തന്നെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ ഈ വിഭാഗങ്ങളെ പോരാട്ട സജ്ജമാക്കുകയല്ല, മറിച്ച് പോരാട്ട പാതയില്‍ കാലോചിതമായ നേതൃത്വമാവുകയാണെന്ന് വിലയിരുത്തേിവരും. ഇത്തരം സായുധ പോരാട്ടങ്ങളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ വിമര്‍ശന വിധേയമാകേണ്ടതാണ്. അതേസമയം, ഭരണഘടനാ വിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്നത് എന്നത് വിയോജിക്കേണ്ട ഘടകവുമാണ്. ദളിത്-ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിയമങ്ങള്‍ പലതും ഭരണഘടയില്‍ പരാമര്‍ശിക്കുകയോ, കാലക്രമേണ നിയമങ്ങളാവുകയോ ചെയ്യുന്നുവെന്നിരിക്കെ അവ യഥാവിധം നടപ്പിലാക്കുക മാത്രമാണ് ഇന്ന് ആവശ്യമായിട്ടുള്ളത്.


ഇങ്ങനെ സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിടുമ്പോഴും പിന്നോക്ക വിഭാഗം പൊതുവില്‍ പാര്‍ശ്വവല്‍കൃത സമൂഹമായി തന്നെ അവശേഷിക്കുന്നു. ചുരുക്കം ചില വ്യക്തികള്‍ സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തിയെങ്കിലും അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്.അവബോധവും അഭിപ്രായങ്ങളും രൂപീകരിക്കാനും  തീരുമാനങ്ങളെടുക്കാനും പ്രാപ്തമാക്കുന്ന  അക്കദമീയ,മീഡിയ രംഗങ്ങളില്‍ പിന്നോക്കക്കാരുടെ സാന്നിധ്യം തുലോം കുറവാണിന്നും. ഈ വര്‍ത്തമാനത്തിലാണ് ദുര്‍ബലമായ കേന്ദ്രവും, ശക്തമായ സംസ്ഥാനങ്ങളും പുതിയ ഊര്‍ജ്ജം നല്‍കുന്നത്.

തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയും ഡി എം കെയും ഉത്തര്‍പ്രദേശില്‍ എസ്പിയും  ബിഎസ്പിയും ബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും അങ്ങനെ അതത് പ്രദേശങ്ങളിലെ ജനതയുടെ പ്രതിച്ഛേദമായ പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വവും ഇന്ന് അധികാര നിര്‍ണയകേന്ദ്രങ്ങളാണ്. അധികാരത്തിലേറുമ്പോള്‍ ഏതൊരു ഭരണകൂടത്തില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല ഇവരെന്നത് ചരിത്രം തെളിയിച്ചിട്ടുണ്ട്. എങ്കിലും മേലാള വര്‍ഗത്തിന്റെ അധികാര കേന്ദ്രങ്ങള്‍ക്ക് ഉലച്ചിലുണ്ടാക്കും വിധം ബദല്‍ സാധ്യമാണെന്ന പ്രതീക്ഷ അധഃകൃത സമൂഹത്തിന് നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുമണ്ട്. ഇതുതന്നെയാണ് ഈ മാറ്റത്തിന്റെ നന്മയും.

ഇന്ത്യയുടെ പൊതുതാല്പര്യത്തെ ഹനിച്ച് പ്രാദേശിക താല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന അപകടം ഇതില്‍ നിലനില്‍ക്കുന്നുണ്ട്. ലാലുവിന് ബീഹാറും മുലയാംസിംഗിന് ഉത്തര്‍പ്രദേശും മാത്രമറിയുമ്പോള്‍ ഇന്ത്യയെ മൊത്തമായറിയാവുന്ന ഒരു നേതൃത്വത്തിന്റെ വിടവ് പ്രകടവുമാണ്. ഇവ നിലനില്‍ക്കുമ്പോള്‍ തന്നെ അധികാരം താഴെതട്ടിലേക്ക് എത്തിക്കാവുന്ന ബദല്‍ സംവിധാനങ്ങള്‍ സാധ്യമാണെന്ന സന്ദേശം ഇവര്‍ നല്‍കുന്നു. മുന്നോക്ക-പിന്നോക്ക-മധ്യവര്‍ഗ്ഗ വ്യത്യാസം കൂടാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും പുരോഗതിയും സ്വന്തമാക്കുന്നതിന്റെ ആദ്യ ചുവട് അത് സാധ്യമാകും എന്ന പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെയാണ് ശക്തമായ സംസ്ഥാനങ്ങളും ദുര്‍ബലമായ കേന്ദ്രവും പ്രത്യാശയുടെ പ്രതീകമാകുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar