Stay Connected:

Indiavision Live | Malayalam News Channel

അതിജീവനത്തിന്റെ പാതയില്‍ അസാഞ്ചെ

 | Published: July 1, 2012 Change Font size: (+) | (-)

ഷംസീര്‍ ഷാന്‍

വരുടെ രഹസ്യങ്ങളില്‍ ലോകത്തിന് വാര്‍ത്തകളുണ്ടെന്ന് പ്രഖ്യാപിച്ച വിക്കീലീക്ക്‌സ് എന്ന വിസില്‍ബ്ലൗവറും ജൂലിയന്‍ അസാഞ്ചെയും അതിജീവനത്തിന്റെ പുതിയ പാതയിലാണിപ്പോള്‍. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദശലക്ഷകണക്കിന് അമേരിക്കന്‍ നയതന്ത്ര രഹസ്യരേഖകള്‍ പുറത്തുവിട്ട വിക്കിയ്ക്കും അസാഞ്ചെയ്ക്കുമെതിരെയുളള നീക്കങ്ങള്‍ തുടരുകയുമാണ്.

സ്വീഡന്‍ സന്ദര്‍ശനവേളയില്‍ സഹപ്രവര്‍ത്തകരായ രണ്ട് സ്ത്രീകളെ നിര്‍ബന്ധിത ലൈഗിംകവേഴ്ച്ചക്ക് ഉപയോഗപ്പെടുത്തി എന്ന കേസാണ് അസാഞ്ചെയ്‌ക്കെതിരെ നിലവിലുളളത്. രാഷ്ട്രീയ പ്രേരിതമാണെന്ന് അസാഞ്ചെ ആരോപിച്ച കേസില്‍ അദ്ദേഹത്തെ യൂറോപ്യന്‍ അറസ്റ്റ് വാറന്റുപയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ് ആദ്യമുണ്ടായത്. കേസ് കോടതിയിലെത്തിയതോടെ അദ്ദേഹത്തെ കര്‍ശന നിബന്ധനകളോട് കൂടി വീട്ടുതടങ്കലില്‍ വിടുകയായിരുന്നു.

ലണ്ടനിലെ വസതിയിലായിരുന്നു അസാഞ്ചെ ഇക്കാലത്ത് കഴിഞ്ഞത്.  സ്വീഡനില്‍ നടന്ന സംഭവമായതിനാല്‍ ആ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് അസാഞ്ചെയെ വിചാരണയ്ക്കായ് വിട്ടുകൊടുക്കണമെന്ന് മറുവിഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു.

ഇത് ശരിവെച്ച ലണ്ടന്‍ കോടതി വിധിക്കെതിരെ അസാഞ്ചെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തളളിക്കൊണ്ട് അസാഞ്ചെയുടെ നാടുകടത്തല്‍ വിധിയെ ശരിവെക്കുകയാണ് ലണ്ടന്‍ സുപ്രീം കോടതി ചെയ്തത്. സൈബര്‍ നിയമങ്ങള്‍ക്ക് വന്‍  ഇളവുകളുളള സ്വീഡനിലാണ് വിക്കിലീക്ക്‌സിന്റെ സെര്‍വ്വറുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.

സ്വീഡന് വിട്ടുനല്‍കുന്നതിലൂടെ ഗ്വണ്ടനാമോ പോലുളള തടവറകളിലേക്ക് അസാഞ്ചെയും തളളപ്പെടുമോ എന്ന ഭീതി ലോകമെങ്ങുമുളള വിക്കി ആരാധകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കുമുണ്ട്. വിക്കിലീക്ക്‌സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിക്കപ്പെട്ട് കോര്‍ട്ട് മാര്‍ഷല്‍ ഭീക്ഷണി നേരിട്ട് തടവില്‍ കഴിയുന്ന മുന്‍ യു എസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനെപ്പോലുളളവരെ ഈ സാഹചര്യത്തില്‍ ഇവര്‍ ചുണ്ടികാണിക്കുന്നുണ്ട്.

എന്തായാലും തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതായി അസാഞ്ചെ വ്യക്തമാക്കിയത്. നാടകീയമായ നീക്കത്തിലൂടെ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് അസാഞ്ചെ എംബസിയിലെത്തിയത്. രാഷ്ട്രീയ അഭയം നല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചതുമുതല്‍ അസാഞ്ചെ തങ്ങളുടെ സംരക്ഷണത്തിലാണെന്ന് ഇക്വഡോര്‍ എംബസിയും വ്യക്തമാക്കുകയുണ്ടായി.

അതേസമയം അപേക്ഷ സമര്‍പ്പിച്ചകാര്യം ഇക്വഡോര്‍ അറിയിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ വൃത്തങ്ങളും വ്യക്തമാക്കി. നയതന്ത്രകാര്യാലയത്തിലെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസിന് അസാധ്യമെന്നിരിക്കെ അസാഞ്ചയെ തളയ്ക്കാന്‍ അധികൃതര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കുമെന്നാണ് കരുതുന്നത്.

ഇക്വഡോറിനപ്പോലുളള ഒരു രാജ്യത്തിന് പാശ്ചാത്യഭരണകൂടങ്ങളുടെ അടവ് നയങ്ങള്‍ക്കുമുന്‍പില്‍ എത്രകണ്ട് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതും നിര്‍ണ്ണായകമാകും. അതേസമയം ഭരണകൂടനീക്കങ്ങള്‍ക്കെതിരെ വിക്കിയും അസാഞ്ചെയും എങ്ങനെ പ്രതികരിക്കുമെന്നും ലോകം ഉറ്റുനോക്കുകയാണ്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar