മറയത്തല്ല, സ്വപ്‌നങ്ങള്‍
സഫ്ദര്‍ ഹാഷ്മി
‘മലര്‍വാടി ആര്‍ട്‌സ് ക്ലബി’ലെ സൗഹൃദകൂട്ടത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം. പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ അയിഷക്കൊപ്പം നടന്ന് വടക്കന്‍ കേരളത്തിലെ പാതിരാക്കാറ്റിനെപ്പോലെ മലയാളികളുടെ മനസ്സിലേക്ക്. ഇത് നിവിന്‍ പോളി. വലിയ സിനിമകളുടെ ഭാഗമായിട്ടില്ലെങ്കിലും ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ വേഷത്തില്‍ തട്ടത്തിന്‍മറയത്ത് ചിത്രം പുറത്തിറങ്ങും മുമ്പെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞു. മൊഞ്ചുള്ള പെണ്ണിനെ പ്രണയിച്ച തലശ്ശേരി നായരുടെ ജീവിതവുമായി ‘തട്ടത്തിന്‍ മറയത്ത്’ തിരയിലെത്തുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും ഇന്ത്യാവിഷനുമൊത്ത് പങ്കുവക്കുകയാണ് നിവിന്‍ പോളി.
ഏവരും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പാട്ടുകളും എല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തെക്കുറിച്ചുള്ള നിവിന്‍ പോളിയുടെ പ്രതീക്ഷകള്‍ എന്താണ്?
എല്ലാവരുടേയും പ്രതീക്ഷകളോട് നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും തട്ടത്തിന്‍ മറയത്ത് എന്നാണ് എന്റെ വിശ്വാസം. ഉത്തരമലാബാറിലെ ഗ്രാമീണപശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥ. തികച്ചും വ്യത്യസ്ഥമായ കഥ എന്നൊന്നും പറയുന്നില്ല. വളരെ സാധാരണരീതിയില്‍ പറയുന്ന ഹിന്ദു മുസ്ലീം പ്രണയകഥ. സന്തോഷവും സംഘര്‍ഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമ. വിഷ്വല്‍ പരമായി തികച്ചും വ്യത്യസ്തമായി എടുക്കാന്‍ ശ്രമിച്ച ചിത്രം കൂടിയാണ് തട്ടത്തിന്‍ മറയത്ത്.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?
ആഘോഷിക്കാന്‍ മാത്രം ജീവിതത്തെ നോക്കികാണുന്ന വിനോദ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ എന്റേത്. യാതൊരു ലക്ഷ്യവുമില്ലാതെ ജിവിക്കുന്ന ഒരാള്‍. കൂട്ടൂകൂടിയും ആഘോഷിച്ചും നടക്കുന്ന സമകാലീന യുവാക്കളുടെ പ്രതിനിധി. അവന്റെ ജീവിതത്തിന്‍ ആക്‌സ്മികമായി കടന്നുവരുന്ന ഒരു മുസ്ലീം പെണ്‍കുട്ടിയും അവളോടുള്ള പ്രണയവും അതിനെതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം.
മലര്‍വാടി ആര്‍ട്‌സ് ക്ലബായിരുന്നു വിനീതുമൊത്തുള്ള ആദ്യചിത്രം. അവിടെ നിന്നും തട്ടത്തിന്‍ മറയത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു?
മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ ഞാനും വിനീതും തമ്മില്‍ ഡയറക്ടര്‍ ആക്ടര്‍ ബന്ധമായിരുന്നു. പക്ഷെ തട്ടത്തിന്‍ മറയത്തില്‍ എത്തുമ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ഈ സൗഹ്യദം ഒത്തിരി സഹായിച്ചിട്ടുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞത് ചിത്രത്തിന് ഏറെ ഗുണം ചെയ്തുവെന്നാണ് വിശ്വാസം.
മലബാറിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമായതിനാല്‍ ഭാഷയും ശരീരഭാഷയുമെല്ലാം മാറ്റേണ്ടിവന്നിരിക്കും. തട്ടത്തിന്‍ മറയത്തിനായി എന്തെങ്കിലും മുന്നൊരുക്കങ്ങള്‍?
ചിത്രത്തിന്റെ ഷൂട്ടിഗ് ആരംഭിക്കുന്നതിന് മൂന്ന് ആഴ്ച്ചക്ക് മുമ്പെ ഞാന്‍ വീനിതിന്റെ പൂക്കോട്ടിലുള്ള വീട്ടില്‍ എത്തി ഒരുക്കങ്ങള്‍ തുടങ്ങി. ചിത്രത്തിലെ ഓരോ രംഗങ്ങളും പഠിച്ചിട്ടായിരുന്നു ഷൂട്ടിംഗിനിറങ്ങിയത്. ഒരോ സീനിലേയും ഡയലോഗുകള്‍ തലശ്ശേരി ഭാഷയിലാക്കി പറഞ്ഞുപഠിച്ചു. തലശ്ശേരി ഭാഷ വഴങ്ങാന്‍ ഏറെ ബുദ്ധിമുട്ടി. വളരെ രസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എനിക്ക് എന്തെങ്കിലും കുറവ് വന്നാല്‍ അത് തിരുത്താന്‍ വിനീതും വിനീതിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞാനും ശ്രമിച്ചു. ചിത്രത്തിന്റെ ഗാനരംഗങ്ങളിലെല്ലാം തന്നെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

കലാലയ ജീവിതത്തില്‍ മൊട്ടിടുന്ന പ്രണയമാണ് ചിത്രം. എല്ലാവരും വളരെ ഗൃഹാത്വരത്തോടെ നോക്കികാണുന്നതാണ് കോളേജ് ജീവിതം. ചിത്രത്തില്‍ ഒരു വിദ്യാര്‍ത്ഥിയായി എത്തുമ്പോള്‍ നിവിന്റെ കലാലയജീവിതം എന്തെങ്കിലും ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കുവാന്‍ സഹായകരമായോ?
ഇല്ല. ഞാന്‍ പഠിച്ച കോളേജ് ജീവിതമായി വളരെയധികം വ്യത്യാസമുള്ളതാണ് തട്ടത്തിന്‍മറയത്തിലെ വിനോദിന്റെ കലാലയജീവിതം. തലശ്ശേരിയിലെ ഒരു നാടന്‍ വിദ്യാര്‍ത്ഥി. ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ അതുകൊണ്ട് തന്നെ നന്നായി മുന്നൊരുക്കം നടത്തേണ്ടി വന്നു. ചിത്രത്തിന്റെ പ്രമേയം എന്നോട് വിവരിച്ച വിനീത് കഥാപാത്രത്തിനായി ഏറെ മാറേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അന്നുമുതലെ ഞാന്‍ വിനോദ് ആകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ എനിക്ക് വിനോദ് എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുമോ എന്ന സംശയം പോലും വിനീതിനുണ്ടായിരുന്നു. പക്ഷെ വിനീതിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എനിക്ക് സാധിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിനീതിന്റെ പിന്തുണ ഇല്ലാതെ അതിന് കഴിയുമായിരുന്നില്ല.
ചിത്രത്തിലെ നായിക പുതുമുഖമാണല്ലൊ?
ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. അവര്‍ മുംബൈ മോഡലാണ്. ചിത്രത്തില്‍ മികച്ച അഭിനയമായിരുന്നു അവരുടേത്.
തട്ടത്തിന്‍മറയത്തിന് ശേഷം വിനീതിനൊപ്പം നിവിന്‍ പോളിയെ ഇനിയും ആരാധകര്‍ക്ക് പ്രതീക്ഷിക്കാനാകുമോ?
അങ്ങനെ എനിക്ക് പറയാനാകില്ല. വിനീത് ഒരു കഥ എഴുതുന്നത് എന്നെ മനസ്സില്‍ കണ്ടിട്ടല്ല. ചിത്രത്തില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിലെ വിനീത് എന്നെ സമീപിക്കൂ.
പുതിയ പ്രൊജക്ടുകള്‍. തിരലോകത്തെ ആഗ്രഹങ്ങള്‍?
നല്ല സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ അമിതമായ ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നില്ല. ശ്രീനിവാസന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘ഭൂപടത്തിന്‍ ഒരിട’വും, തമിഴിലും മലയാളത്തിലുമായി ഒരുക്കിയിരിക്കുന്ന ‘നേരം’ എന്ന ചിത്രമാണ് അഭിനയിച്ചുകഴിഞ്ഞ പുതിയ ചിത്രങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ പേരിടാത്ത ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ്. ട്രാഫിക്കില്‍ അഭിനയിച്ച പ്രണിത വിനോദാണ് ചിത്രത്തിലെ നായിക.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































