സ്‌പോണ്‍സറിന്റെ കാലം
ഭൂതകാലത്തെ വാഴ്ത്തുകയും വര്‍ത്തമാനകാലത്തെ ഇകഴ്ത്തുകയും ചെയ്യുന്ന ഭ്രാന്തന്‍ ഗൃഹാതുരത്വത്തിന്റെ ബാക്കിപത്രമല്ല ഈ ലേഖനം. കാലത്തിന്റെ നേരെ നിന്ന് നോക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നു എന്നു മാത്രം.
ആഗോളവത്കരണത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും ഇക്കാലത്ത് കേരളസമൂഹത്തെ (സ്വഭാവികമായും ലോകസമൂഹത്തെ എന്നു തന്നെ പറയേണ്ടി വരും) ഗ്രസിച്ചിരിക്കുന്ന ഒരു തെറ്റായ സംസ്‌കാരമാണ് സ്‌പോണ്‍സര്‍ഷിപ്പ്..!! ഇന്ന് എന്തിനും ഏതിനും സ്‌പോണ്‍സര്‍ഷിപ്പാണ്. പ്രായോജകന്‍ ഇല്ലാത്ത ഒന്നും നമുക്കിടയില്‍ സാധ്യമല്ല എന്ന് വന്നിരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മഹാസമ്മേളനങ്ങള്‍ തുടങ്ങി പത്തുപേര്‍ ഒത്തുകൂടുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍ വരെ ഏതെങ്കിലുമൊക്കെ സ്‌പോണ്‍സറിന്റെ കൈപിടിച്ചാണ് നടക്കുന്നത്.
സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു രൂപാപോലും മുടക്കാതെ എങ്ങനെയെങ്കിലും കാര്യം നടന്നു കിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്ന തരം സാമൂഹിക മനശ്ശാസ്ത്രത്തില്‍ നിന്നാണ് ഈയൊരു സംസ്‌കാരം നമ്മുടെ ഇടയില്‍ വളരെവേഗം പടര്‍ന്നു പിടിക്കുന്നത് എന്നു തോന്നുന്നു.
മുന്‍ കാലങ്ങളില്‍ ഇല്ലായ്മയുടെ നടുവിലും പങ്കെടുക്കുന്നവര്‍ ഒന്നിച്ച് സ്വരുക്കൂട്ടി നടത്തപ്പെടുന്ന പരിപാടികളായിരുന്നു നമുക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അന്ന് ഏതൊരു പരിപാടിയും എല്ലാവരുടേതുമായിരുന്നു. ഇന്ന് സ്ഥലത്തെ ഏതെങ്കിലും ഒരു ധനാഢ്യനെയോ സ്ഥാപനത്തെയോ പണച്ചുമതലകള്‍ മുഴുവന്‍ ഏല്പിച്ചിട്ട് കൈകെട്ടി നിന്ന് കാഴ്ചകണ്ടാസ്വദിച്ചു പോകുന്ന സമൂഹത്തെയാണ് ഇന്ന് കാണാന്‍ കഴിയുക.
പരിപാടി മുന്‍വര്‍ഷങ്ങളേക്കാള്‍ ഗംഭീരമാകട്ടെ, തന്റെ പോക്കറ്റിനു പരിക്കൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്നൊരു ആശ്വാസമാണ് ഓരോരുത്തര്‍ക്കും ഉള്ളത്. പക്ഷേ അതിനൊരിക്കലും പങ്കാളിത്തത്തിന്റെ സുഖമോ കൂട്ടായ്മയുടെ മാധുര്യമോ ലഭിക്കില്ല. അതാരുടെയോ പരിപാടിയായി മാറുന്നു. അതൊരിക്കലും നമ്മുടേതാവുന്നില്ല.
മെഗാ ഇവന്റുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലെന്നോ സ്ഥലത്തെ പ്രധാന പൗരന്മാരുടെ ധനസഹായം സ്വീകരിക്കരുതെന്നോ അല്ല ഇപ്പറഞ്ഞതുകൊണ്ട് അര്‍ത്ഥമാക്കിയത്. എന്നാല്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ ജ്വരം നാം തിരിച്ചറിയണം എന്നു മാത്രം. സ്വന്തം കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കാന്‍ പോലും സ്‌പോണ്‍സറെ തേടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതാരും ഒരു മോശമായി കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രായോജകനാണ് ഇന്ന് എല്ലാം നിയന്ത്രിക്കുന്നത്.
പരിപാടി എങ്ങനെ നടത്തണം, ആരൊക്കെ വരണം, എവിടെ നടത്തണം എപ്പോള്‍ നടത്തണം എന്നിങ്ങനെ എല്ലാത്തിലും നാം മൗനികളാകുകയും പ്രായോജകന്റെ അപ്രമാദിത്വം അംഗീകരിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. അതിലൂടെ നാം നമ്മുടെ ജീവിതത്തെയാണ് അവരുടെ മുന്നിലേക്ക് വച്ചുകൊടുക്കുന്നത്. നാളെ അവര്‍ നമുക്ക് മേല്‍ അധികാരംകൂടി ചോദിക്കില്ല എന്നാരറിഞ്ഞു..?!!
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































