Stay Connected:

Indiavision Live | Malayalam News Channel

ധാരാ സിംഗ് – ഗുസ്തിയില്‍ ഇന്ത്യയുടെ മേല്‍വിലാസം

 | Published: July 13, 2012

സഫ്ദര്‍ ഹാഷ്മി
ജോര്‍ജ്ജ് ഗോര്‍ഡിംഗോ, ജോണ്‍ ഡിസില്‍വ കിംഗ് കോംഗ് തുടങ്ങിയ ലോക ഗുസ്തിയിലെ പ്രമുഖര്‍ക്കു ഇന്ത്യന്‍ കായികരംഗം നല്‍കിയ മറുപടിയായിരുന്നു ധാരാ സിംഗ്. ഗോദയില്‍ എതിരാളികളുടെ മുട്ടുവിറപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ പ്രശസ്തി രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് എത്തിച്ച കായിക പ്രതിഭ. ഗുസ്തിയെ കേവലം മത്സര ഇനമായി കണക്കാക്കാതെ കായിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് ലോകഗുസ്തിയുടെ അമരത്ത് പേരെഴുതിയവന്‍. കായിക ലോകത്ത് നിന്നും അഭ്രപാളിയിലും അവിടെ നിന്ന് ഭരണനിര്‍വ്വഹണരംഗത്തും ഇടംപിടിച്ച് കൈവെച്ച മേഖലയിലെല്ലാം തന്റെതായ ഇടം കണ്ടെത്തിയ ആള്‍. അതിലുപരി ജനങ്ങള്‍ക്കിടയില്‍ സര്‍വ്വ സമ്മതന്‍. അലങ്കാരങ്ങളുടെ മറയില്ലാതെ ജനമനസ്സില്‍ ഇടം നേടിയ ധാരാ സിംഗിന്റെ പേര് ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുവര്‍ണ്ണ താളുകളിലാണ് എഴുതി വെച്ചിട്ടുള്ളത്.

ഒരു ജനതയുടെ കായിക സ്വപ്‌നങ്ങള്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചവരുടെ പേരുകള്‍ ചരിത്ര താളുകളില്‍ ചികയുമ്പോള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട പേരുകളില്‍ ഒന്നാണ് ധാരാ സിംഗ്.  കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഓര്‍മ്മചെപ്പിലേക്ക് ഒതുക്കിവെക്കാവുന്ന പേരുകളിലേക്ക് ധാരാ സിംഗിന്റെ പേരും മാറ്റിവെക്കുമെങ്കിലും ഗുസ്തിയിലൂടെ ഈ പ്രതിഭ രാജ്യത്തിന് നേടിതന്ന മേല്‍വിലാസം എന്നും മായാതെ തന്നെ നിലനില്‍ക്കും.

ലോകഗുസ്തി ചാമ്പ്യന്‍, ഗുസ്തി മത്സര വിജയങ്ങളില്‍ റെക്കോര്‍ഡ് അങ്ങനെ നിരവധി വിശേഷണങ്ങള്‍ പേരിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ധാരാ സിംഗ് 1928ല്‍ പഞ്ചാബിലെ അമൃത് സറിലാണ് ജനിച്ചത്. യഥാര്‍ത്ഥ പേര് ധാരാ സിംഗ് രഥ്‌വാ. ചെറുപ്പത്തിലെ ഗുസ്തിയോടുള്ള പ്രേമം തലയ്ക്കു പിടിച്ച ധാരാസിംഗ് ഗുസ്തിക്ക് വേണ്ട ശാരീരിക പക്വത നേടിയതുമുതല്‍ പഞ്ചാബിലെ ഗോദ റിംഗുകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.

പ്രാദേശിക മത്സരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ധാരാ സിംഗ് തന്റെ മെയ്ക്കരുത്ത് ദേശീയ മത്സരങ്ങളിലും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഗ്രാമങ്ങളില്‍ ഒതുങ്ങി നിന്ന ഗുസ്തിയെ ദേശീയ വിനോദമായി മാറ്റുന്നതില്‍ ധാരാസിംഗ് നിര്‍ണായക പങ്കുവഹിച്ചു. നിരവധി ഗുസ്തി താരങ്ങളെ മലര്‍ത്തിയടിച്ച് രാജ്യത്തെ ശ്രദ്ധിക്കപ്പെടുന്ന ഗുസ്തി താരമായി ഉയര്‍ന്ന ധാരാ സിംഗിന് അധികം വൈകാതെ രാജ്യാന്തര വേദികളില്‍ പങ്കെടുക്കാനുള്ള ക്ഷണവും ലഭിച്ചു.

അമേരിക്കന്‍ ഗുസ്തി സാമ്രാട്ടുകളായിരുന്നു ധാരാ സിംഗിന്റെ മെയ്ക്കരുത്ത് ആദ്യമായി അറിഞ്ഞ വിദേശ താരങ്ങള്‍. അമേരിക്കന്‍ ഗുസ്തി പ്രേമികളുടെ മനം കവര്‍ന്ന ധാരാ സിംഗ് പിന്നീട് അമേരിക്കയിലെ പ്രമുഖ ഗുസ്തി ടൈറ്റിലുകളില്‍ തന്റെ പേര് എഴുതി ചേര്‍ത്തു. അഞ്ചൂറിലധികം മത്സരങ്ങളില്‍ തോല്‍വിയറിയാത്ത കരിയര്‍ റെക്കോര്‍ഡിനുടമയായ ധാരാസിംഗ് 1959ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും 1968ല്‍ ലോക ചാമ്പ്യനുമായി.

ധാരാ സിംഗിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങിയ പ്രമുഖര്‍ നിരവധിയാണ്. ഓസ്‌ട്രേലിയയുടെ വിഖ്യാത ഗുസ്തി താരം കിംഗ് കോംഗ്, കാനഡ താരം ജോര്‍ജ്ജ് ഗോര്‍ഡിയേങ്കെ, ന്യൂസിലാന്റിന്റെ ജോണ്‍ ഡിസില്‍വ അങ്ങനെ പോകുന്നു ധാരാസിംഗിന് മുന്നില്‍ മുട്ടുമടക്കിയ ലോക ഗുസ്തിയിലെ പ്രശസ്ത ഗുസ്തി താരങ്ങളുടെ നിര. ഗുസ്തിയിലെ വിശിഷ്ഠ അംഗീകാരമായ റുസ്തൂ ഇ ഹിന്ദ് ബഹുമതിയും ധാരാ സിംഗിനെ തേടിയെത്തി. 1983ല്‍ ഗോദയോട് വിടപറച്ചില്‍.

അവിടെ നിന്ന് നേരെ അഭ്രപാളിയിലേക്ക്. ഗുസ്തിമുറകളെ അഭ്രാപാളിയില്‍ ഭാവാഭിനയമാക്കി മാറ്റി തിരപ്രേമികളുടെ മനസ്സു കീഴടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ ധാരാ സിംഗ് പ്രത്യക്ഷപ്പെട്ടു. പ്രശസ്ത ഹിന്ദി നടി മുംതാസിന്റെ ജോഡിയായിട്ടായിരുന്നു ധാരാ സിംഗിന്റെ ആദ്യകാല ചിത്രങ്ങളിലധികവും. അമാനുഷിക കഥാപാത്രങ്ങളായിരുന്നു ഈ ഗുസ്തി താരത്തെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ അധികവും.

വാട്ടണ്‍ സി ദൂര്‍, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേര്‍ ദില്‍, സിക്കന്ദര്‍ ഇ അസം, രാക്ക, മേരാ നാം ജോക്കര്‍, ധരം കരം, മെയിന്‍ മാ പഞ്ചാബ് ദീ തുടങ്ങിയവയാണ് ധാരാസിംഗ് അഭിനയിച്ച പ്രശസ്ത ചിത്രങ്ങള്‍. നൂറോളം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ധാരാ സിംഗ് അവസാനമായി അഭിനയിച്ച ചിത്രം 2007ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റാണ്.

ഹിന്ദുപുരാണങ്ങളിലേക്ക് എത്തിനോക്കുന്ന രാമായണം എന്ന ടെലിവിഷന്‍ പരമ്പരയില്‍ അവതരിപ്പിച്ച ഹനുമാന്‍ കഥാപാത്രത്തിലൂടെ ധാരാ സിംഗ് മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. അക്കാലത്ത് ഏറെ പ്രസിദ്ധി നേടിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നായിരുന്നു രാമായണം. രാമായണത്തിനു പുറമെ മഹാഭാരതം, ഹദ് കര്‍ ദി എന്നീ പരമ്പരകളിലും ധാരാ സിംഗ് ശ്രദ്ധേയ വേഷങ്ങളിലെത്തി.

നിരവധി പഞ്ചാബി സിനിമകളുടെ സംവിധാനവും നിര്‍മ്മാണവും ധാരാസിംഗ് നിര്‍വഹിച്ചു. സിബി മലയിലിന്റെ ‘മുത്താരം കുന്ന് പി ഒ’ എന്ന സിനിമയിലെ ഫയല്‍വാന്റെ വേഷം അതുല്യമാക്കിയതിലൂടെ മലയാള ചലച്ചിത്രപ്രമികള്‍ക്കും സുപരിചതനാണ് ധാരാ സിംഗ്. 2003-2009 കാലഘട്ടത്തില്‍ ബിജെപി പിന്തുണയോടെ രാജ്യസഭ അംഗമായി ജനങ്ങള്‍ക്കിടയില്‍ മറ്റൊരു വേഷത്തില്‍ ധാരാ സിംഗ് എത്തി.

ഒരു ജനതയുടെ കായിക സ്വപ്‌നങ്ങള്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചവരുടെ പേരുകള്‍ ചരിത്ര താളുകളില്‍ ചികയുമ്പോള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട പേരുകളില്‍ ഒന്നാണ് ധാരാ സിംഗ്. ഹോക്കിയിലൂടെ ധ്യാന്‍ ചന്ദ് കായികരംഗത്തെ കുലപതികള്‍ക്ക് ഇന്ത്യ എന്തെന്ന് കാണിച്ചുകൊടുത്തുവെങ്കില്‍ മെയ്ക്കരുത്തിലൂടെ ഇന്ത്യയുടെ പേര് ലോക ഗുസ്തിയില്‍ ഉയരെപിടിച്ചയാളാണ് ധാരാ സിംഗ്. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഓര്‍മ്മചെപ്പിലേക്ക് ഒതുക്കിവെക്കാവുന്ന പേരുകളിലേക്ക് ധാരാ സിംഗിന്റെ പേരും മാറ്റിവെക്കുമെങ്കിലും ഗുസ്തിയിലൂടെ ഈ പ്രതിഭ രാജ്യത്തിന് നേടിതന്ന മേല്‍വിലാസം എന്നും മായാതെ തന്നെ നിലനില്‍ക്കും.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar