ഇന്നിന്റെ യുവാക്കളോട്..
വീണ്ടും വീണ്ടും അക്രമരാഷ്ട്രീയത്തെക്കുറിച്ചും കൊലപാതകരാഷ്ട്രീയത്തെക്കുറിച്ചും പറയേണ്ടി വരുന്നത് കേരള ജനത അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഏറെക്കാലമായി കേള്‍ക്കാതിരുന്ന അക്രമവും കൊലപാതകവും വീണ്ടും കേരളത്തിലെ കലാലയത്തിന്റെ പടികടന്നെത്തിയിരിക്കുന്നു. അടച്ചുകെട്ടി എന്ന് നാം വിശ്വസിക്കുന്ന ഭൂതങ്ങള്‍ പലതും കുടത്തിന്റെ മൂടിപൊളിച്ച് പുതിയ വഴികളിലൂടെ പുറത്തു വരുന്ന കാഴ്ച നടുക്കമുളവാക്കുന്നതാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം അത്രയും അക്രമം നിറഞ്ഞതായിത്തീര്‍ന്ന ഒരു കാലത്ത് കലായലങ്ങളില്‍ നിന്ന് രാഷ്ട്രീയത്തെ പടിയടച്ചുവിടുന്നതില്‍ കേരളസമൂഹം മനസുകൊണ്ടെങ്കിലും പിന്തുണച്ചിരുന്നു. പിന്നീട് അതിന്റെ ദൂഷ്യഫലങ്ങളും നാം അനുഭവിച്ചറിഞ്ഞതാണ്. കലാലയങ്ങളിലെ മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളുടെ വ്യാപനവും മതജാതി സംഘങ്ങളുടെ പിടിമുറുക്കലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കാള്‍ അപകടകരങ്ങളാണെന്ന് കണ്ടുകഴിഞ്ഞു. അതിന്റെ പുതിയ മുഖമാണ് ഇപ്പോള്‍ നടന്ന കൊലപാതകമെന്ന് സംശയിക്കേണ്ടതുണ്ട്.
അതിന്റെ വഴികളും അതിലെ അപകടങ്ങളും ഒരുപക്ഷേ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് ഭീതിയോടെ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
സ്വന്തം അഭിപ്രായങ്ങളെയും സ്വന്തം വിശ്വാസങ്ങളെയും സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയും എതിര്‍ക്കുന്ന ആരെയും നിഗ്രഹിച്ചുകളയാനുള്ള ഒരു അഭിനിവേശം എങ്ങനെയാണ് നമ്മുടെ മനസില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്..? അസഹിഷ്ണുത നമ്മുടെ സ്വഭാവമായി മാറിയിരിക്കുന്നു. അവനവനിലേക്ക് വല്ലാതെ ചുരുങ്ങിപ്പോകുന്നതിന്റെ കുഴപ്പമായിരിക്കുമോ അത്..? അന്യന്റെ വാക്കുകള്‍ മധുരസംഗീതം പോലെ കേള്‍ക്കാന്‍ കഴിയുന്ന ഒരു കാലത്തെക്കുറിച്ച് നമ്മുടെ കുട്ടികള്‍ പഠിക്കുന്നില്ലേ,മനസിലാക്കുന്നില്ലേ.
വൈവിധ്യത്തിന്റെ സൗന്ദര്യം അവര്‍ക്കിനിയും ഓതിക്കൊടുക്കാന്‍ നമുക്കായിട്ടില്ലെന്നോ..?
മറവിയാണ് ഇന്ന് കേരളത്തിന്റെ രോഗം എന്ന് തോന്നുന്നു. ഇന്നലെകളില്‍ കലാലയങ്ങളുടെ മുറ്റത്ത് അസ്തമിച്ചുപോയ എത്രയെത്ര യുവാക്കള്‍. അവരുടെ നഷ്ടം ആര്‍ക്കാണിന്ന് വേദനയുണ്ടാക്കുന്നത്. കൂടുതല്‍ കൂടുതല്‍ അപഹാസ്യവും മ്ലേച്ഛവും ആയിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയമുഖം അവരുടെ മരണങ്ങളെ നോക്കി കൊഞ്ഞനംകുത്തുകയല്ലേ ചെയ്യുന്നത്..? അവരുടെ മരണം ഈ സമൂഹത്തിന് എന്തു ഗുണമുണ്ടാക്കി.? അവര്‍,ഇല്ലാതാകണം എന്നാഗ്രഹിച്ചതൊക്കെ ഈ സമൂഹത്തിലേക്ക് കൂടുതല്‍ ശക്തിയോടെ കടന്നുവരുകയല്ലേ ചെയ്യുന്നത്. അവരുടെ നഷ്ടം അവരുടെ മാതാപിതാക്കളുടെ മാത്രം നഷ്ടമായിമാറിയിരിക്കുന്നു.
ഇതൊന്നും മനസിലാക്കാതെയാണോ നമ്മുടെ കുട്ടികള്‍ വീണ്ടും രാഷ്ട്രീയത്തിന്റെ ബലിയാടുകളാവാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.
ഗുണ്ടകള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ കാലത്തെക്കുറിച്ച് നാം അവരെ കൂടുതല്‍ അവബോധമുള്ളവരും ജാഗരൂകരും ആക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അത് അവരുടെ പരാജയമല്ല ,നമ്മുടെ പരാജയമാണ്.
നമ്മുടെ യുവത്വത്തെ കൂടുതല്‍ ഗുണോന്മുഖവും സര്‍ഗ്ഗാത്മകവുമായ വഴിയിലേക്ക് നാം തിരിച്ചു വിടേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റുകളുടെ ഈ കാലത്ത് ലോകയുവത്വം എങ്ങനെയാണ് കാലത്തിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മുടെ യുവാക്കള്‍ സൂക്ഷ്മമായി പഠിക്കേണ്ടിയിരിക്കുന്നു. ഏകാധിപത്യത്തിനും ധനാധിപത്യത്തിനും അനീതിയ്ക്കും ചൂഷണത്തിനും എതിരെ പൊരുതാനായി തെരുവിലേക്കിറങ്ങുന്ന ഒരു യുവതയെയാണ് നാം ഇന്ന് ലോകത്ത് കാണുന്നത്. അവര്‍ക്ക് കൊടിയും നിറവും പ്രശ്‌നമല്ല. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അപ്പോഴാണ് നമ്മുടെ യുവാക്കള്‍ സങ്കുചിതമായ രാഷ്ട്രീയ മത ജാതി സംഘങ്ങളില്‍ പെട്ട് തമ്മില്‍ തല്ലി ചാവുന്നത്.
ഇന്റര്‍നെറ്റിന്റെ യുവാക്കളേ, ഫേസ്ബുക്കിന്റെ യുവാക്കളെ നിങ്ങള്‍ നിങ്ങളുടെ ജീവന്റെ വില എന്തെന്ന് മനസിലാക്കൂ. നിങ്ങളത് ബലികഴിക്കാന്‍ തയ്യാറായി ഇറങ്ങിപ്പുറപ്പെടും മുന്‍പ് അത് ഈ സമൂഹത്തിന് എന്തു ഗുണമാണ് നേടിക്കൊടുക്കാന്‍ പോകുന്നത് എന്നാലോചിക്കൂ.
നാം ഒരായുസുകൊണ്ട് കൊടുത്തുതീര്‍ക്കാവുന്നതില്‍ അധികമെന്തെങ്കിലും സമൂഹത്തിനു കൊടുക്കാനാകും എന്ന ഘട്ടത്തില്‍ മാത്രമാണ് മരണം അര്‍ത്ഥമുള്ളതായി തീരുന്നത്. അല്ലെങ്കില്‍ അത് അപഹാസ്യമാണ്. നാളത്തെ തലമുറ നിങ്ങളുടെ മരണത്തെ നോക്കി അപഹാസ്യതയോടെ നോക്കിക്കാണുന്ന ഒരു കാലം ഉണ്ടാവാതിരിക്കട്ടെ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























