മമതയുടെ ശാരദാവേഷവും മുളയിലെ നുള്ളിയ അനുരാഗമൊട്ടും

‘ദുശ്ശാഠ്യങ്ങളുടെ രാജ്ഞി’യെന്ന വിളിപ്പേര് തനിക്ക് നന്നായി ഇണങ്ങുമെന്ന് മമത ബാനര്‍ജി ഒരിക്കല്‍ക്കൂടി തെളിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭിന്നാഭിപ്രായങ്ങളാല്‍ യുപിഎയെ ‘എടങ്ങേറാക്കി’, ഏവരെയും സസ്‌പെന്‍സിന്റെ കൊടുമുടിയില്‍ നിര്‍ത്തി ഒടുവില്‍ പൊട്ടിത്തെറിയൊന്നും സമ്മാനിക്കാതെ മമത പ്രണബ് മുഖര്‍ജിയെ പിന്തുണച്ചു. മമതയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വേദനയോടെ’യുള്ള പിന്തുണ..
പ്രണബിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് അണിയറനീക്കം നടത്തുന്നതിനിടെ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയെന്ന് അരങ്ങിലെത്തി പ്രഖ്യാപിച്ച് മമത ആദ്യം ഞെട്ടിച്ചു. കലാമിനു പിന്തുണതേടി സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍, പരസ്യപ്രതികരണങ്ങള്‍. പിന്നാലെ യുപിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാത്ഥിയായ ഹമീദ് അന്‍സാരിക്കെതിരെയും തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാപട്ടിക പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ഇത്തവണ വഴങ്ങാന്‍ കോണ്‍ഗ്രസ് തയാറായില്ല. നഷ്ടം തനിക്കാവുമെന്നുറപ്പായ മമത, ലാഭം കിട്ടാത്ത പിടിവാശി ഉപേക്ഷിക്കാന്‍ രണ്ടാമതാലോചിച്ചിരിക്കില്ല- പിന്തുണ നല്‍കി ഒരു വെടി പൊട്ടിക്കല്‍. ഒരുപക്ഷെ മമതയും കേന്ദ്രവുമായി നടന്ന ഒത്തുകളിയായും ഇതിനെ വ്യാഖ്യാനിക്കാം. മമതയുടെ തീരുമാനത്തില്‍ അത്ഭുതകരമായ ഒന്നുമില്ലെന്നത് ഈ വ്യാഖ്യാനത്തിന് ശക്തിപകരുകയും ചെയ്യും.
രാമകൃഷ്ണ പരമഹംസന്റെ ഭാര്യയും അദ്ദേഹത്തിന്റെ ആത്മീയ പ്രതിരൂപവുമായ ശുഭ്രവസ്ത്രധാരി ശാരദ ദേവിയുടെ ചിത്രം ചുവരിലില്ലാത്ത ബംഗാളി ഭവനങ്ങള്‍ കുറവാണ്. ആത്മത്യാഗത്തിന്റെ വഴിയായ ശാരദ ദേവിയായി മമത സ്വയം ഒരുങ്ങിയിറങ്ങുന്നതിനു പിന്നിലെ രാഷ്ട്രീയ കൗശലം അവരുടെ ഓരോ നീക്കത്തിലും കാണാം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേദിയാക്കി ഈ കൗശലം മമത ഒരിക്കല്‍ക്കൂടി പ്രകടിപ്പിച്ചു അത്രമാത്രം.
മമത തോറ്റോ? ജയിച്ചോ?- കാലം തെളിയിക്കട്ടെ, പക്ഷെ ഇഴകീറി പരിശോധിച്ചാല്‍ ബാലിശമായ പിടിവാശീഭാവങ്ങള്‍ക്ക് പിന്നിലായി മമതയുടെ രാഷ്ട്രീയ ബുദ്ധി തെളിഞ്ഞുപൊങ്ങും.ഇത്തവണ ആ ബുദ്ധിയില്‍ ഞെട്ടിപ്പൊട്ടിത്തെറിച്ചത് സിപിഐ(എം) ആണ്.
‘മമത സിപിഐ(എം)ന്റെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടു’/ ‘അവസാന മണിക്കൂറിലെ കനത്ത പ്രഹരം’/ ‘സിപിഎം-കോണ്‍ഗ്രസ് അനുരാഗമൊട്ട് മുളയിലെ നുള്ളിയ മമത’-ബംഗാളിലെ പത്രത്താളുകളില്‍ നിറഞ്ഞ വാചകങ്ങള്‍.
സിപിഐയും ആര്‍എസ്പിയും പ്രണബിനെ എതിര്‍ത്തപ്പോള്‍ ഇടത് ഐക്യത്തെപ്പോലും ബലികഴിച്ച് സിപിഐ(എം) നവ ഉദാരവത്കരണ നയങ്ങളുടെ നായകനായ പ്രണബിനെ പിന്തുണച്ചതിനു പിന്നില്‍ ചില ബംഗാള്‍ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തം. പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍ത്തന്നെ ഇക്കാര്യം വ്യക്തമായിരുന്നു.
ബംഗാള്‍ സ്വപ്‌നം, അതെന്തായിരുന്നുവെങ്കിലും വില്ലന്‍ഭാവവുമായി നിന്നത് മമതയാണ്. മമതയെ ഒറ്റപ്പെടുത്തിയുള്ള മേല്‍ക്കോയ്മ രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി ലക്ഷ്യം വച്ചു. ബംഗാളില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്തേക്കുയരുന്ന ആദ്യ വ്യക്തിയായ പ്രണബിനു പിന്തുണ നല്‍കാതിരുന്നാല്‍ ബംഗാളിന്റെ പൊതുവികാരം തനിക്കെതിരാകുമെന്നത് മറ്റാരെക്കാളും നന്നായി മമതയ്ക്കു തന്നെയറിയാം. പിന്തുണ നല്കിയില്ലെങ്കില്‍ കേന്ദ്രമന്ത്രിപദമുള്‍പ്പെടെ തൃണമൂലിന് സംഭവിച്ചേക്കാവുന്ന നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ മമത ഒരുക്കമല്ലെന്ന വ്യക്തമാക്കല്‍ കൂടിയായിരുന്നു പിന്തുണയറിയിക്കല്‍. യുപിഎ വിട്ടാല്‍ ചെന്നുകയറാന്‍ മൂക്കോളം മുങ്ങി നില്‍ക്കുന്ന എന്‍ഡിഎ ഒരു നല്ല പടിയല്ലെന്ന് പറഞ്ഞുകൊടുത്തറിയേണ്ട ബുദ്ധിക്ഷയമൊന്നും മമത ബാനര്‍ജിയ്ക്ക് സംഭവിച്ചിട്ടില്ല.
പക്ഷെ നഷ്ടങ്ങളൊന്നും പ്രശ്‌നമേയല്ലെന്ന ബുദ്ധിയാണ് കുറെ കാലമായി സിപിഐ(എം)നെ നയിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനു പിന്തുണയറിയിച്ചതിനു പിന്നാലെ സിപിഐ(എം)ല്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്കാണ് സംഭവിച്ചത്. പാര്‍ട്ടി ഗവേഷണ വിഭാഗം കണ്‍വീനറായിരുന്ന പ്രസന്‍ജിത്ത് ബോസ് പാര്‍ട്ടിബന്ധം അവസാനിപ്പിച്ചതാണ് ആദ്യം വാര്‍ത്തയായത്. നേതൃത്യത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ ജെഎന്‍യു ഘടകം പിരിച്ചുവിട്ടു. ജെഎന്‍യു സിപിഐ(എം) ബ്രാഞ്ചില്‍ നിന്നു മാത്രം 15പേര്‍ പിന്തുണയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോടു വിട പറഞ്ഞു. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിനേതൃത്വത്തിന്റെ നാവ് പിഴയ്ക്കുന്നത് പതിവായിരിക്കുന്നു. എത്ര കൂട്ടിയാലും കിഴിച്ചാലും നഷ്ടം പാര്‍ട്ടിക്കാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസും എം എം മണിയുടെ പ്രസംഗവും ഉള്‍പ്പെടെ സിപിഐ(എം) പ്രതിരോധത്തിലായ വിഷയങ്ങളിലെ വഴിവിട്ട സഹായത്തിനു പരിഹാരമായാണ് പ്രണബിനുള്ള പിന്തുണയെന്നും വിമര്‍ശനമുണ്ട്.

‘നിയോ ലിബറല്‍ നായകന്’ സിപിഐ(എം) പിന്തുണ നല്‍കുന്നത്ര അപാകത ഏതായാലും പ്രണബിനുള്ള മമതയുടെ താങ്ങിനില്ല. അത്ര എളുപ്പത്തില്‍ തേയ്ച്ചുമായ്ച്ചു കളയാവുന്നതല്ല മമത-പ്രണബ് ബന്ധം. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ശേഷം രാജിവ് ഗാന്ധിയോടു തെറ്റി കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുമായി പോയ പ്രണബിനെ തിരികെയത്തിക്കാന്‍ ശ്രമിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു മമത ബാനര്‍ജി.
‘ഞാന്‍ ബംഗാള്‍ മുഖ്യമന്ത്രിയായ ശേഷം ഒരിക്കല്‍പ്പോലും പ്രണബ് ദാ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെത്തി എനിക്കൊപ്പം ഒരുകപ്പ് ചായ കുടിക്കാന്‍ തയാറായിട്ടില്ല. പ്രധാനമന്ത്രിയുമായും സോണിയ ഗാന്ധിയുമായും മാത്രമെ ഞാന്‍ ഇപ്പോള്‍ സംസാരിക്കാറുള്ളു, പ്രണബുമായി സംസാരിച്ചിട്ട് കാലങ്ങളാകുന്നു’ എട്ടു മാസത്തിലേറെയായി പ്രണബ് തന്നോടു മിണ്ടാത്തതിനെപ്പറ്റി മമതയുടെ വാക്കുകള്‍
‘ചിലപ്പോള്‍ സമയം കിട്ടാഞ്ഞിട്ടാകും, രാഷ്ട്രപതിയായ ശേഷം പ്രണബ് ദാ വരുമായിരിക്കും’- ഇതു പറയുമ്പോള്‍ മമതയ്‌ക്കൊരു സീരിയല്‍ നടിയുടെ ഭാവമായിരുന്നുവെന്ന് ചില ‘കുബുദ്ധികള്‍’ പ്രചരിപ്പിച്ചു.

തന്നെ ഒരുക്കുന്നതില്‍ പോലും മമത രാഷ്ട്രീയനിഷ്ഠ പുലര്‍ത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അവരുടെ പട്ടുസാരികളുടെ പകിട്ടില്‍ അവതരിക്കുമ്പോഴും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും അവരുടെ പ്രതിമകള്‍ നിരത്തുമ്പോഴും മമത ഒരു വഴക്കുണ്ടാക്കാനുള്ള സാധ്യതകള്‍ തേടുകയാണ്. ഈ പ്രതിച്ഛായയും ഒരു രാഷ്ട്രീയ തീരുമാനം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.
ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിന്റെ സ്വഭാവമെന്നത് ബോധപൂര്‍വ്വമായ തീരുമാനമാണ്. ലളിത വസ്ത്രം ധരിച്ച് തല്ലുണ്ടാക്കി നടക്കുന്നതു വഴി താഴേത്തട്ടിലുള്ള ജനങ്ങളുമായി ദൃഢബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് മമത ധരിക്കുന്നുണ്ടാകും.
രാമകൃഷ്ണ പരമഹംസന്റെ ഭാര്യയും അദ്ദേഹത്തിന്റെ ആത്മീയ പ്രതിരൂപവുമായ ശുഭ്രവസ്ത്രധാരി ശാരദ ദേവിയുടെ ചിത്രം ചുവരിലില്ലാത്ത ബംഗാളി ഭവനങ്ങള്‍ കുറവാണ്. ആത്മത്യാഗത്തിന്റെ വഴിയായ ശാരദ ദേവിയായി മമത സ്വയം ഒരുങ്ങിയിറങ്ങുന്നതിനു പിന്നിലെ രാഷ്ട്രീയ കൗശലം അവരുടെ ഓരോ നീക്കത്തിലും കാണാം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേദിയാക്കി ഈ കൗശലം മമത ഒരിക്കല്‍ക്കൂടി പ്രകടിപ്പിച്ചു അത്രമാത്രം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































