Stay Connected:

Indiavision Live | Malayalam News Channel

ഇനി അണിയാന്‍ മാത്രമല്ല പേള്‍; ക്യാന്‍സര്‍ ചെറുക്കാനും

 | Published: July 20, 2012 Change Font size: (+) | (-)

ദില്ലി: ആഭരണങ്ങളുണ്ടാക്കാന്‍ മാത്രമല്ല ഇനി പേളുകള്‍. ക്യാന്‍സര്‍ പോലുള്ള കൊലയാളി രോഗങ്ങളുടെ ചികിത്സക്കും ഈ പ്രകൃതിദത്ത മുത്തുകള്‍ ഇനി സഹായകമാകും. പോര്‍ട്ട്‌ബ്ലെയറിലെ പേള്‍ അക്വാകള്‍ച്ചര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പഠനങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതു സംബന്ധിച്ച് പഠന,ഗവേഷണ,പരീക്ഷണ പരമ്പര തന്നെ നടത്തി മുതിര്‍ന്ന ശാസ്ത്രജ്ഞനായ അജയ് കുമാര്‍ ശങ്കര്‍.

അവശ്യ ധാതുക്കളുടെയും ലോഹങ്ങളുടെയും സാന്നിധ്യമാണ് ചികിത്സാരംഗത്തും പേളിനെ അമൂല്യമാക്കുന്നത്.സവിശേഷ സാഹചര്യങ്ങളിലും നിയന്ത്രിത ചുറ്റുപാടിലും മുത്ത് ഉല്‍പ്പാദിപ്പിച്ച് അതില്‍ ധാതുക്കളുടെയും ലോഹങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കാനാകും. ഇതാണ് അജയ് കുമാര്‍ ശങ്കര്‍ പരീക്ഷണത്തിലൂടെ സ്ഥാപിച്ചത്.

സിങ്ക്,ഇരുമ്പ്,മഗ്‌നീഷ്യം,ചെമ്പ്,സോഡിയം,പൊട്ടാസ്യം,കാത്സ്യം തുടങ്ങിയ ലോഹ,ധാതുക്കളുണ്ട് പ്രത്യേക ആരോഗ്യകരമായ പരിതസ്ഥിതിയില്‍ വിളയിച്ചെടുത്ത പേളുകളില്‍. ഉപാപചയം,വളര്‍ച്ച,രോഗപ്രതിരോധം തുടങ്ങിയ സുപ്രധാന ശരീരധര്‍മങ്ങള്‍ നിറവേറ്റാന്‍ ഇവ അനിവാര്യം. ഇവയില്‍ സിങ്കിന് ക്യാന്‍സര്‍ പ്രതിരോധിക്കുന്നതില്‍പോലും  നിര്‍ണ്ണായക പങ്കുണ്ടെന്ന് തെളിഞ്ഞതാണെന്ന് അജയ് കുമാര്‍ ശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. സിങ്കിന്റെ കുറവ് മുറിവുകള്‍ ഉണങ്ങുന്നതു വൈകിപ്പിക്കുമെന്നു നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരക്കുറവ്,നിരവധി രോഗങ്ങളുടെ കാഠിന്യം,കാലയളവ് എന്നീ കാര്യങ്ങളിലും സിങ്കിന്റെ  പങ്ക് പ്രധാനം.

റിസര്‍ച്ച് ഫൗണ്ടേഷനില്‍ നാല് വ്യത്യസ്തയിനം  മുത്തുച്ചിപ്പികളില്‍ നിന്ന് മുത്ത് ഉല്‍പാദിപ്പിച്ചതായി അജയ് കുമാര്‍ ശങ്കര്‍ പറഞ്ഞു. സിങ്കിന്റെ  ജൈവിക ലഭ്യത ഇത്തരം പ്രക്രിയകളിലൂടെ വര്‍ധിപ്പിച്ച് വിവിധ ചികിത്സകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. പോര്‍ട്ട്‌ബ്ലെയറിലെ ലാബില്‍ വിളയിച്ച പേളിന്റെ സാമ്പിള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലാണ് മൂല്യനിര്‍ണ്ണയം ചെയ്തത്. സാമ്പിളില്‍ ലോഹ,ധാതു സാന്നിധ്യമുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിരീകരിച്ചു. മുത്തുകളുടെ ആരോഗ്യപരമായ സാധ്യതകള്‍ പൂര്‍ണമായും കണ്ടെത്താന്‍ സമഗ്ര ക്ലിനിക്കല്‍ ടെസ്റ്റിന് ഒരുങ്ങുകയാണ് അജയ് കുമാര്‍ ശങ്കര്‍.ഇതുമായി ബന്ധപ്പെട്ട് വിദേശത്തെ പേരുകേട്ട പല ലബോറട്ടറികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Topics:
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar