Stay Connected:

Indiavision Live | Malayalam News Channel

പ്രണബ് പ്രഥമപൗരന്‍

 | Published: July 23, 2012

45 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിനു ശേഷമാണ് പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ പ്രഥമ പൗരനാകുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രണബിനെ തേടിയെത്തിയത് രാജ്യത്തിന്റെ പ്രഥമ പൗരനെന്ന പദവിയാണ്.

ബംഗ്‌ളാ കോണ്‍ഗ്രസിലൂടെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയ പ്രവേശനം. 1969ല്‍ വി കെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചതാണു പ്രണബിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്.  മേനോന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കാന്‍ ഇന്ദിരാഗാന്ധിക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.

1969ല്‍ രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. 1973ല്‍ കേന്ദ്രമന്ത്രിസഭയില്‍ വ്യവസായസഹമന്ത്രിയായി. 1974ല്‍ ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സഹമന്ത്രിയായും 1975ല്‍ ധനകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1975ല്‍ തന്നെ കേന്ദ്രറവന്യുമന്ത്രിയുടെ സ്വതന്ത്രചുമതലയും അദ്ദേഹത്തെ തേടിയെത്തി. 1980ല്‍ രാജ്യസഭാകക്ഷി നേതാവായി.

1980ല്‍ കേന്ദ്ര വാണിജ്യ മന്ത്രിയായും 1982ല്‍ ധനകാര്യമന്തിയായും പ്രണബ് തെരഞ്ഞെടുക്കപ്പെട്ടു. ധനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നയ രൂപീകരണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. 84ല്‍ ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അധികാര വടംവലിയില്‍ പിന്തളളപ്പെട്ടു.

വൈകാതെ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച പ്രണബിനെ 1991ല്‍ ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനാക്കി നരസിംഹറാവുവാണ് കോണ്‍ഗ്രസിലേക്ക് തിരികെകൊണ്ടുവന്നത്. 1993ല്‍ വാണിജ്യമന്ത്രിയായി കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെത്തി. 1995ല്‍ കേന്ദ്രവിദേശകാര്യമന്ത്രിയായി.

2004മുതല്‍ രണ്ട് യുപിഎ സര്‍ക്കാരുകളിലായി വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യംചെയ്തു. 1997ല്‍ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ട പ്രണബിനെ 2007ല്‍ രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

1978ല്‍ എഐസിസി ട്രഷറര്‍, 1985ല്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, 1998ല്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്നിങ്ങനെയാണ് പാര്‍ട്ടിയില്‍ വഹിച്ച ചുമതലകള്‍.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ മികച്ച സാമ്പത്തിക വിദഗ്ധനെന്ന പേരിലും പ്രണബ് കഴിവ് തെളിയിച്ചു. ഐഎംഎഫ് ഭരണസമിതി അംഗം, ലോക ബാങ്ക് ഭരണസമിതി അംഗം, എഡിബി ഭരണസമിതി അംഗം, ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നിവയില്‍ ബിരുദം നേടിയ പ്രണബ് അധ്യാപകനായും മാധ്യമപ്രവര്‍ത്തകനായും അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്.

1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭും ജില്ലയിലെ മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിന്‍കാര്‍ മുഖര്‍ജിയാണ്. അമ്മ രാജലക്ഷ്മി മുഖര്‍ജി. സുര്‍വ മുഖര്‍ജിയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്, ഷര്‍മ്മിസ്ത എന്നിവരാണ് മക്കള്‍.

രാജേന്ദ്രപ്രസാദ് (1950-1962), എസ് രാധാകൃഷ്ണന്‍ (1962-1967), സാക്കിര്‍ ഹുസൈന്‍ (1967-1969), വി വി ഗിരി (1969-1969), മുഹമ്മദ് ഹിദായത്തുളള (1969-1969), വി വി ഗിരി (1969-1974), ഫക്രുദീന്‍ അലി അഹ്മദ് (1974-1977), ബാസപ്പ ദനപ്പ ജട്ടി (1977-1977), നീലം സഞ്ജീവ റെഡ്ഡി (1977-1982), ഗ്യാനി സെയില്‍ സിംഗ് (1982-1987), ആര്‍ വെങ്കട്ടരാമന്‍ (1987-1992), ശങ്കര്‍ ദയാല്‍ ശര്‍മ്മ (1992-1997), കെ ആര്‍ നാരായണന്‍ (1997-2002), എ പി ജെ അബ്ദുല്‍കലാം (2002-2007), പ്രതിഭാ പാട്ടീല്‍ (2007-2012) എന്നിവരുടെ പിന്‍ഗാമിയായാണ് പ്രണബ് പ്രഥമ പൗരനായി റെയ്‌സിന കുന്നിലെത്തുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar