‘ജീവന്‍’ കമ്പ്യൂട്ടറില്‍ പുന:സൃഷ്ടിച്ചു
വാഷിംഗ്ടണ്‍: ‘ജീവന്റെ’ സമ്പൂര്‍ണ മാതൃക ഇതാദ്യമായി കമ്പ്യൂട്ടറില്‍ വികസിപ്പിച്ചെടുത്തതായി ശാസ്ത്രജ്ഞര്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ‘ജീവന്‍’ കമ്പ്യൂട്ടറില്‍ പുനരാവിഷ്‌കരിച്ചു ചരിത്രം രചിക്കുമ്പോള്‍ നമുക്കും അതില്‍ ആഹ്ലാദിക്കാനും അഭിമാനിക്കാനും അനല്‍പ്പമായ വകയുണ്ട്: ആ ഗവേഷകരില്‍ ഒരാള്‍ ജയോദിത സംഘ്‌വി ഇന്ത്യന്‍ വംശജയാണ്.
കൂടുതല്‍ ഫലപ്രദമായ രോഗനിര്‍ണയവും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയും സാധ്യമാക്കും എന്നതാണ് ജീവന്റെ കമ്പ്യൂട്ടര്‍ ആവിഷ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം. ബയോ എഞ്ചിനീയറിംഗ്, ഔഷധ രംഗത്ത് കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള രൂപകല്‍പ്പന ഉപയോഗിക്കുന്നതിലേക്ക് നിര്‍ണായക ചുവടുവയ്പ്പുമാകും ഇതെന്ന് സെല്‍ ജേര്‍ണല്‍ പറയുന്നു.
ഏറ്റവും ചെറിയ, സ്വതന്ത്ര ജീവനുള്ള ബാക്ടീരിയ ആയ മൈകോപ്ലാസ്മ ജെനിട്ടാലിയത്തിന്റെ ജീവിത ചക്രത്തിലെ സൂക്ഷ്മ പ്രക്രിയകള്‍ ഓരോന്നും നിര്‍ദ്ധാരണം ചെയ്യുന്ന 900ലേറെ ഗവേഷണ പ്രബന്ധങ്ങളിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ജീവന്റെ കമ്പ്യൂട്ടര്‍ മാതൃക തയ്യാറാക്കിയത്.
അടിസ്ഥാനപരമായ ജീവശാസ്ത്ര പ്രക്രിയകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലേക്കു ഇതോടെ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. ജീവന്റെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ മാതൃക തയ്യാറാക്കുന്നതില്‍ ജെ ക്രെയ്ഗ് വെന്റെര്‍ സെന്ററും സഹകരിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































