Indiavision Live | Malayalam News Channel

മറവിയില്‍ മായാതെ ആ എഴുത്ത്

 | Published: July 23, 2012 Change Font size: (+) | (-)

ഷംസീര്‍ ഷാന്‍

ര്‍മ്മകളിലൂടെ വിസ്മയിപ്പിക്കുന്ന പകര്‍ത്തിയെഴുത്തായിരുന്നു ഗാബോയുടെ കഥകളെന്നും. ഓര്‍മ്മകള്‍ പടര്‍ന്നിറങ്ങിയ തുലികയില്ലായിരുന്നെങ്കില്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുണ്ടാവുമായിരുന്നില്ല. ഏത് രോഗവും ചിലപ്പോള്‍ നിര്‍ഭാഗ്യകരമായ ഒരവസ്ഥയാകുമ്പോള്‍ ഗ്രബിയേല്‍ ഗാര്‍ഷ്യേ മാര്‍ക്കേസിന് മറവിരോഗമെന്ന വാര്‍ത്തയെ  എകാന്തതയുടെ ശൂന്യതയിലേക്കാണ് സാഹിത്യലോകത്തെകൊണ്ടുപോയത്. സഹോദരന്‍ ജെയിം മാര്‍ക്കേസ് ഇടറുന്ന വാക്കുകളില്‍ അത് ലോകത്തോട് പറഞ്ഞപ്പോള്‍ നെഞ്ചിടിപ്പോടെ മാത്രമാണ് വായനക്കാര്‍ ആ വാര്‍ത്തയെ കേട്ടത്.

ചെറിയ കാര്യങ്ങള്‍പോലും ഓര്‍ത്തെടുക്കാന്‍ പ്രിയ ഗാബോ നന്നേ പ്രയാസപ്പെടുന്നുവെന്ന് സഹോദരന്‍ പറഞ്ഞപ്പോള്‍ കോളറകാലത്തെ പ്രണയം പകര്‍ന്ന കഥാകാരനെയും അക്ഷരങ്ങളെയും സ്‌നേഹിക്കുന്നവരുടെയെല്ലാം നെഞ്ചിടറിയതും സ്വാഭാവികം. കുറേയേറെ പുസ്തകങ്ങളെഴുതുകയായിരുന്നില്ല മാര്‍ക്കേസ് എന്ന കൊളംബിയന്‍ കഥാകാരന്‍ ചെയ്തത്. കഥാപാത്രങ്ങളിലൂടെ ഒരു പുതുലോകം തന്നെ മാര്‍ക്കേസ് സൃഷ്ടിച്ചു. സ്‌നേഹവും, സന്തോഷവും, വിരഹവും എല്ലാം നിറഞ്ഞ ഓര്‍മ്മകള്‍ പോട്ടിത്തെറിച്ച ഏകാന്തതയുടെ ഒരുനൂറുവര്‍ഷങ്ങളായിരുന്നു ആ ഓരോ രചനകളും.

മാജിക്കല്‍ റിയലിസത്തിലൂടെ വിസ്മയിപ്പിച്ച് ലിവിംഗ് ടു ടെല്‍ ദി ടെയ്ല്‍ അഥവാ കഥപറയാന്‍ ജീവിച്ചിരിക്കുന്നുവെന്ന ആത്മകഥ പറഞ്ഞ മാര്‍ക്കേസിയന്‍ മാന്ത്രികത ഹൃദയം കൊണ്ടാണ് ലോകം വായിച്ചത്. ഒരു കൃതി മാത്രമേ ഞാന്‍ എഴുതിയിട്ടുളളുവെന്ന് പറഞ്ഞ മാര്‍ക്കേസ് എകാന്തത എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരെന്നും വിളിച്ചുപറഞ്ഞു.

ഓര്‍മ്മകളില്‍ നിറയുന്ന ഏകാന്തത തന്നെയായിരുന്നു ആ രചനകളുടെയെല്ലാം ആഖ്യാന സൗന്ദര്യവും. കപ്പല്‍ ഛേദത്തിലകപ്പെട്ട നാവികന്റ് കഥയിലൂടെ ചലിച്ചുതുടങ്ങിയ ആ തൂലിക ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന കൃതിയോടെയാണ് സാഹിത്യലോകത്തിന് ഏറ്റവും പ്രിയപ്പെട്ടതായിമാറിയത്. ഈ കൃതിയുടെ ഇംഗ്ലീഷ് വിവിര്‍ത്തനമിറങ്ങിയതോടെ വായനയെന്ന ശീലം തന്നെ മാര്‍ക്കേസിലേക്ക് ചുരുങ്ങുകയായിരുന്നു.

ഓര്‍മ്മകളുടെ ഇതളിലൂടെ തെന്നിയിറങ്ങുന്ന ജലകണികയായ് അത് അനുവാചകന്റെ ഹൃദയത്തിലേക്ക് തെറിച്ചു. ഓര്‍മ്മയുടെ അപാരതയെക്കുറിച്ചും മറവിയുടെ അനശ്വരതയെക്കുറിച്ചും തന്നെയായിരുന്നു എകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ നമ്മോട് പറഞ്ഞത്. കുട്ടിക്കാലത്തെ തന്റെ അനുഭവങ്ങളുടെ ഓര്‍മ്മകളിരമ്പുന്ന തീരത്തേക്കാണ് ഈ രചനയിലുടെ മാര്‍ക്കേസ് നമ്മെ കൂട്ടിക്കൊണ്ടുപോയതും.

മാക്കൊണ്ടെയെന്ന സാങ്കല്‍പിക ഭൂമിയില്‍ നിന്നുതിര്‍ന്ന ആ കഥാബീജങ്ങള്‍ ഭാവനാതലങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ഹണ്ടരഡ് യേര്‍സ് ഓഫ് സോളിറ്റിയൂഡിന്റെ പിറവിയോടെ സാഹിത്യലോകം പിന്നെ ആ തൂലികയിലേക്ക് കണ്ണുനട്ട് കോരിത്തരിച്ചിരിക്കുന്നതാണ് കണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഗാബോ ഇതിഹാസമായിമാറിയതും മറ്റൊന്നും കൊണ്ടാവില്ല. കവി, മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായി. കൊളംബിയയിലെ അരക്കറ്റാക്കയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം.

അതുതന്നെയാകാം മക്കൊണ്ടയായി രചനകളില്‍ മാറിയതും. വന്‍നഗരങ്ങളില്‍ കൗമാര, യൗവനങ്ങളുടെ അനുഭവപാച്ചിലുകള്‍. സാഹിത്യവും രാഷ്ട്രീയവും പ്രണയവും പട്ടിണിയുമെല്ലാം ഇഴുകിചേര്‍ന്ന ജീവിതസന്ധികള്‍. ഫിഡല്‍ കാസ്‌ട്രോയുമായുള്ള ദീര്‍ഘകാല സൗഹൃദം രാഷ്ടീയരംഗത്തും മിത്രങ്ങളെയും ശത്രുക്കളെയുമുണ്ടാക്കി. ക്യൂബന്‍ വിപ്‌ളവത്തിനുശേഷമുള്ള സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ അമേരിക്കയുടെ വിലക്കും സധൈര്യം ഏറ്റുവാങ്ങി മാര്‍ക്കേസ്.

മറവിയുടെ മറവിലേക്ക് നീങ്ങുന്ന ആ കഥാകാരന് എഴുത്തുമേശയും നിര്‍ത്താതെയടിക്കുന്ന തന്റെ ടെലിഫോണ്‍ പോലും ഇനി ഉപയോഗ ശൂന്യമായേക്കാം. എന്നാല്‍ മറവി രോഗ വാര്‍ത്ത സത്യമാവരുതേയെന്ന് പ്രാര്‍ത്ഥിച്ച ഗാബോയുടെ വായനക്കാര്‍ ഒന്നുകൂടി അറിയാതെ ആഗ്രഹിച്ചുപോവുകയാണ്, മറവിയെ മായ്ക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ തൂലിക മാര്‍ക്കേസ് വൈകാതെ വീണ്ടെടുക്കണേയെന്ന്.

You might also like
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.