Stay Connected:

Indiavision Live | Malayalam News Channel

മണ്ണിന്റെ മക്കളെക്കുറിച്ച്

ബെന്യാമിന്‍ | Published: August 1, 2012

ലയാളികള്‍ എന്നും കേരളീയര്‍ എന്നും ഒക്കെ ആത്മാഭിമാനത്തോടെ പറയുമ്പോഴും പരാമര്‍ശിക്കുമ്പോഴും സത്യത്തില്‍ നാം ആരെയൊക്കെ അക്കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട് ? സര്‍വ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പെട്ടവരെ നാം അതില്‍ പെടുത്തിയിട്ടുണ്ട്. സര്‍വ്വ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സംഘടനകളില്‍ പെട്ടവരെയും നാം അങ്ങനെ എണ്ണും. മധ്യവര്‍ഗ്ഗത്തെയും ഉപരിവര്‍ഗ്ഗത്തെയും നാം അഭിമാനത്തോടെ മലയാളികള്‍ എന്ന ഗണത്തില്‍ പെടുത്തും. എന്നാല്‍ ഏറെ പാര്‍ശ്വവത്കരിക്കപ്പെട്ട് പൊതുസമൂഹത്തില്‍ നിന്ന് വളരെ അകന്നു കഴിയുന്ന ഒരു കൂട്ടം മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് എന്ന് നാം ഓര്‍മ്മിക്കാറുണ്ടോ..? അവരെ നാം എപ്പോഴെങ്കിലും കേരളീയര്‍ എന്നു വിളിച്ചിട്ടുണ്ടോ..? മലയാളി സമൂഹത്തിന്റെ ഭാഗമായി നാം അവരെ കണക്കാക്കാറുണ്ടോ ? കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും വീമ്പു കഥകള്‍ പറയുമ്പോള്‍ ഈ ജനങ്ങളെ നാം എണ്ണാറുണ്ടോ ?

ആദിവാസികള്‍ എന്നാണ് നാം അവരെ വിളിക്കുന്നത്. ഒരര്‍ത്ഥത്തില്‍ വളരെ ബഹുമാനപൂര്‍വ്വമായ ഒരു വിശേഷണമാണത്. അവര്‍ ഈ ഭൂമിയിലെ ആദിമ നിവാസികളാണെന്നും ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവരാണെന്നും ഒരു വിവക്ഷ അതില്‍ കലര്‍ന്നു കിടപ്പുണ്ട്. എന്നാല്‍ സത്യത്തില്‍ നാം അവരെ അങ്ങനെ വിളിക്കുന്നത് ഈ ബഹുമാന വിശേഷണത്തോടെയാണോ..? ആദിവാസി എന്നത് പൊതുസമൂഹത്തിന് അപഹാസ്യമായ ഒരു വിശേഷണമാണ്. നാം കല്‍പിക്കുന്നത്ര പരിഷ്‌കാരങ്ങളില്ലാത്തവരെ പരിഹസിക്കാനാണ് നാം ആ വാക്ക് ഉപയോഗിക്കുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ജനങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരുക എന്നത് രാഷ്ട്രീയ കക്ഷികളുടെയും സര്‍ക്കാരുകളുടെയും ചുമതലയാണ്. അങ്ങനെയാണ് പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ഒരു ജനതയെ നാം നമ്മോടൊപ്പം ചേര്‍ക്കുന്നത്; അവരെയും നമ്മളില്‍ ഒരാളായി എണ്ണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്നു കാണുന്ന കാഴ്ച എന്താണ് ? യഥാര്‍ത്ഥത്തില്‍ ആ സമൂഹത്തിന് അവകാശപ്പെട്ട മണ്ണും സ്വത്തും പിടിച്ചടക്കി അവരെ ദൂരേക്ക് കൂടുതല്‍ ദൂരേക്ക് ആട്ടിയോടിക്കുന്ന രീതിയാണ് നമ്മള്‍ മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്.

അതിനുവേണ്ടി നാം എന്തെല്ലാം നിയമങ്ങളാണ് ഉദ്ധരിക്കുന്നത്;എന്തെല്ലാം പഴുതുകളാണ് ഉണ്ടാക്കിയെടുക്കുന്നത്. അവരുടെ മണ്ണ് പിടിച്ചടക്കി വലിയ ഭൂ ഉടമകളായവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും അവരുടെ നേതാക്കള്‍ക്കും ആയിരം നാവാണ്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മന്ത്രിമാരോട് ഗുസ്തിക്കു പോകും. സമരം നടത്തും. എന്തുവിലകൊടുത്തും വനഭൂമി കൃഷിഭൂമിയാക്കി കൊടുക്കും. മിച്ചഭൂമി പേരില്‍ ചാര്‍ത്തിക്കൊടുക്കും. അനധികൃതമായ ഏതു പോക്കുവരവും നടത്തിക്കൊടുക്കും. അവരെ സന്തോഷിപ്പിക്കാനായി പട്ടയമേളകള്‍ സംഘടിപ്പിക്കും.

ഇപ്പോള്‍ തന്നെ കേരളത്തിന്റെ തന്നെ മുഴുവന്‍ പരിസ്ഥിതി സംതുലനാവസ്ഥയും തകര്‍ക്കുന്ന വിധത്തില്‍ തണ്ണീര്‍ തടങ്ങളും നെല്‍പ്പാടങ്ങളും മണ്ണിട്ട് നികത്തി കൂറ്റന്‍ കോണ്‍ക്രീറ്റ് സൗധങ്ങളും വിമാനത്താവളങ്ങളും ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഭൂമാഫിയക്കും കെട്ടിടമാഫിയക്കും വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ നമ്മുടെ സര്‍ക്കാരിന് എന്തൊരു ഉത്സാഹമാണ്. എന്തിനും ഏതിനും സമരത്തിനിറങ്ങുന്ന പ്രതിപക്ഷത്തിനും അതിനെക്കുറിച്ച് വലിയ വേവലാതിയൊന്നുമില്ല. ആ നിയമം നടപ്പാകുന്നെങ്കില്‍ നടപ്പാകട്ടെ നമുക്കും കിട്ടുമല്ലോ ഒരു പങ്ക് എന്നാണവരുടെ മൗനസമ്മതത്തിന്റെ അര്‍ത്ഥം.

അതേസമയം ആദിവാസികള്‍ ഇപ്പോഴും സ്വന്തം മണ്ണിനുവേണ്ടിയുള്ള സമരങ്ങളിലാണ്. അവര്‍ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. സമൂഹത്തിലെ ഏറ്റവും എളിയവനെ സ്വന്തം നെഞ്ചോട് ചേര്‍ത്തുപിടിക്കാതെ നാം എങ്ങനെ സ്വയം പരിഷ്‌കൃതസമൂഹം എന്ന് വിശേഷിപ്പിക്കും. നമ്മുടെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരത്തിന്റെയും ആരോഗ്യ നിലവാരത്തിന്റെയും വീരഗാഥകള്‍ പാടുന്നതിന്റെ അര്‍ത്ഥമെന്ത്?

മണ്ണിന്റെ മക്കള്‍ക്ക് അവരുടെ ഭൂമി ഇനിയെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ പൊതുസമൂഹം അതിനുവേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. സ്വന്തം അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ നമുക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുകൂടി ചിന്തിക്കാം.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar