Stay Connected:

Indiavision Live | Malayalam News Channel

ലണ്ടനിലെ മലിനവായു ഒളിംപിക് പ്രതീക്ഷകളെ ശ്വാസംമുട്ടിക്കുന്നു

 | Published: August 2, 2012

ണ്ടന്‍ ഒളിമ്പിക്‌സിന് ആദ്യഘട്ടത്തില്‍ ആശങ്കയായ സുരക്ഷവീഴ്ചകള്‍ പരിഹരിച്ചതിനു പിന്നാലെ അന്തരീക്ഷമലിനീകരണം സുവര്‍ണ സ്വപ്‌നങ്ങളുമായെത്തിയിരിക്കുന്ന കായികതാരങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാകുന്നു. ഉഷ്ണക്കാറ്റിന്റെ കാഠിന്യമേറുന്നതും ഓസോണ്‍ മലിനീകരണം വര്‍ദ്ധിക്കുന്നതും കായികതാരങ്ങള്‍ക്ക്  ലോകറെക്കോര്‍ഡുകള്‍ മറികടക്കാനുള്ള ഊര്‍ജ്ജം തകര്‍ക്കുന്ന സാഹചര്യമാണ് ലണ്ടനില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെ തകര്‍ക്കുന്നതാണ് ബ്രിട്ടണിലെ ഓസോണ്‍ മലിനീകരണത്തിന്റെ തോത്. ശ്വാസതടസമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ അത്‌ലറ്റുകള്‍ ബുദ്ധിമുട്ടുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് താരങ്ങളും ഒഫിഷ്യലുകളും. ദീര്‍ഘദൂരയിനങ്ങളില്‍ മത്സരിക്കുന്നവരുടെ പ്രകടനത്തെയാകും മലിനീകരണം ഏറെ മങ്ങലേല്‍പ്പിക്കുകയെന്ന് ലണ്ടന്‍ കിങ്ങ്‌സ് കോളജ് പരിസ്ഥിതി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന മാനദണ്ഡ പ്രകാരം ക്യുബിക് മീറ്ററില്‍ 100 മൈക്രോഗ്രാമായിരിക്കണം ഓസോണിന്റെ അളവ്. ഇത് 190 മൈക്രോഗ്രാമിലെത്തിയതിനെ തുടര്‍ന്ന് തെക്കെ ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ജനജീവിതത്തെയും താളം തെറ്റിച്ചിരിക്കുന്ന മലിനവായുവിനു പിന്നിലെ പ്രധാന പ്രതികള്‍ രാജ്യത്തെ വ്യവസായ മേഖലയും വാഹനങ്ങളുമാണ്.

ലണ്ടന്‍ ജനതയുടെ വ്യായാമക്രമത്തെയും അന്തരീക്ഷവായു താളം തെറ്റിക്കുന്നു. ജിമ്മില്‍ പരിശീലനത്തിനെത്തുന്നവര്‍ പോലും ശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ കഠിന പരിശീലനം ആവശ്യമായ അത്‌ലറ്റുകളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല. ട്രാക്കില്‍ റെക്കോര്‍ഡ് പെരുമഴ പ്രതീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ കായികപ്രേമികള്‍ക്കും ശ്വാസംമുട്ടലുണ്ടാക്കുന്നതാണ്‌ ലണ്ടനിലെ മലിനവായു.

 

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar