പ്രതിബന്ധങ്ങള്‍ കരുത്താക്കി ജെമ്മ
ഫൈനലില്‍ അമേരിക്കയുടെ കെയ്‌ല ഹാരിസണിനോട് തോല്‍ക്കുമ്പോഴും ബ്രിട്ടന്റെ ജെമ്മ ജയിക്കുകയായിരുന്നു. സെമിഫൈനലില്‍ ലോകജേത്രി ഫ്രാന്‍സിന്റെ ഓഡ്രി തെച്ചുമിയോയെ തോല്‍പ്പിച്ച് എത്തിയ ജെമ്മയുടെ വെള്ളിമെഡല്‍ നേട്ടം ആഘോഷിക്കാതിരിക്കാന്‍ കാണികള്‍ക്കും ആകുമായിരുന്നില്ല. തോളിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയമായി ഇനി ഒരിക്കലും മത്സരത്തിന് കഴിയില്ലെന്ന് പലരും വിധിയെഴുതിയ ജെമ്മയുടെ തിരിച്ചുവരവ് പലര്‍ക്കും ഇപ്പോഴും അവിശ്വസനീയമാണ്. അത് 12വര്‍ഷത്തിന് ശേഷം ബ്രിട്ടന് വനിത ജൂഡോയില്‍ മെഡല്‍ സമ്മാനിച്ചുക്കൊണ്ടാകുമ്പോള്‍ ഇരട്ടിമധുരമാകുന്നു.
സെമിയില്‍ ലോകജേത്രിയെ കോര്‍ട്ടില്‍ വീഴത്തി ഫൈനലില്‍ എത്തിയപ്പോള്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് നോക്കി പത്ത് വര്‍ഷം മുമ്പ് വിടപറഞ്ഞ സ്വന്തം അമ്മയെ സ്മരിച്ച ജെമ്മയെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. അത് ജമ്മയുടെ കഠിനപ്രയത്‌നത്തിനുള്ള അംഗീകാരം കൂടിയായിരുന്നു.
അമ്മയുടെ കൈ പിടിച്ച് ലണ്ടനിലെ ബ്ലാക്ക് ഹെല്‍ത്ത് ജൂഡോ ക്ലബില്‍ ജൂഡോ പഠനത്തിന് എത്തുമ്പോള്‍ ജെമ്മയുടെ പ്രായം ആറ് വയസ്സ്. അന്ന് തുടങ്ങിയ ജെമ്മയുടെ കായിക ജീവിതത്തെ പ്രതിബന്ധങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നു. വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ ഒരുഘട്ടത്തില്‍ കുഞ്ഞുജെമ്മയുടെ ജൂഡോ പഠനത്തിന് വിരാമമിടുന്നതിന്റെ വക്കിലെത്തി. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലും ജെമ്മയ്ക്ക് കരുത്തായത് സ്വന്തം അമ്മയുടെ പിന്തുണയായിരുന്നു. മറ്റ് ലോകവേദികളില്‍ ജൂഡോയില്‍ മത്സരിച്ച് ജെമ്മയെ തേടി 2006ല്‍ ലണ്ടനിലെ മികച്ച യുവവനിതാ കായികതാരത്തിനുള്ള ബഹുമതിയെത്തി.
ഈ വര്‍ഷം പരുക്കുകളില്‍ വലഞ്ഞെങ്കിലും ലോകറാങ്കിംഗില്‍ 42-ാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഒടുവില്‍ ഒളിംപിക് ജൂഡോയില്‍ 78കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡലും. മെഡല്‍ നേട്ടം ആഹ്ലാദിക്കാനുള്ള വക നല്‍കുന്നുണ്ടെങ്കിലും എല്ലാ മത്സരങ്ങളിലും തനിക്ക് പിന്തുണ നല്‍കി വേദിയിലിരുന്ന് പ്രാര്‍ത്ഥിക്കാറുള്ള അമ്മയ്ക്ക് തന്റെ ഈ നേട്ടത്തിന് സാക്ഷിയാകാന്‍ സാധിച്ചില്ലല്ലൊ എന്ന ദുഖ:വും ജെമ്മയ്ക്കുണ്ട്.
കായികലോകത്തിന്റെ അമരെത്താത്താന്‍ ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനവും ആവേശവുമായ ജെമ്മ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഓര്‍മ്മത്താളില്‍ ഇടംപിടിച്ചാണ് മടങ്ങുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































