രാഹുല്‍ എന്ന പരാജയപ്പെട്ട യുവരാജാവ്
എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് കിട്ടിയതുപോലെ ഒരവസരം ഇന്ത്യയിലെ ഒരു ചെറുപ്പക്കാരനും കിട്ടിയിട്ടുണ്ടാവില്ല. കഴിവ് തെളിയിച്ച് നേതാക്കളാവണം എന്ന് വാശിപിടിക്കുന്ന രാഹുല്‍ ഗാന്ധി ഒരിടത്തുപോലും കഴിവ് തെളിയിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഗിമ്മിക്കുകളില്‍ അഭിരമിക്കുന്നവരോ വീണുപോവുന്നവരോ ആണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ആദിവാസികളുടെ വീട്ടില്‍ അന്തിയുറങ്ങുകയോ അവരോടൊപ്പം ഒരു നേരം ആഹാരം കഴിക്കുകയോ ഒക്കെ ഇപ്പോഴും ആ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നയവൈകല്യങ്ങളാണ് ആ ജനവിഭാഗങ്ങള്‍ ഇപ്പോഴും ഇരുളില്‍ തുടരാന്‍ കാരണമെന്ന യാഥാര്‍ത്ഥ്യം ആരും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസിന്റെ പതിവ് ‘കള്ളത്തര’ത്തിന്റെ പൈതൃകത്തിന് അര്‍ഹനാണ്. അതും അദ്ദേഹം സന്തോഷത്തോടെ വാരിയെടുത്ത് അണിയുകയാണ്!
നെഹ്‌റു കുടുംബം എക്കാലത്തും ഇന്ത്യയുടെ വികാരമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ഇന്ത്യ കണ്ട എക്കാലത്തേയും വലിയ രാജ്യതന്ത്രജ്ഞന്‍ പ്രധാനമന്ത്രിക്കപ്പുറം ഈ മഹത്തായ രാജ്യത്തിന്റെ ആത്മാവറിഞ്ഞ നേതാവായിരുന്നു. രാഷ്ട്രപിതാവിന്റെ ചില്ലിട്ടുവയ്ക്കുന്നതിനായുള്ള ഫ്രെയിമിലേക്ക് മഹാത്മാഗാന്ധി ഒതുക്കപ്പെട്ടു. സ്വന്തം മക്കളുടെ കാര്യംപോലും നോക്കാതെ രാജ്യസേവനം എന്ന ഒറ്റ അജണ്ടയിലേക്ക് ഗാന്ധിജി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മകളുടെ വിദേശവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നെഹ്‌റു ചെയ്തില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതെന്തായാലും അച്ഛന് കിട്ടിയ സ്‌നേഹാദരങ്ങള്‍ ഒട്ടും കുറയാതെതന്നെ മകള്‍ ഇന്ദിരാപ്രിയദര്‍ശിനിയിലേക്കും പകരാന്‍ ഈ രാജ്യത്തെ പ്രജകള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. ജനാധിപത്യത്തെ കശാപ്പുചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ രോഷം പ്രകടിപ്പിടിച്ചു എന്നതൊഴിച്ചാല്‍ എല്ലാകാലത്തും ഇന്ദിരാഗാന്ധിക്ക് സ്വന്തം ജനത മുഗ്ദ്ധ സ്‌നേഹം വാരിക്കോരി നല്‍കി.ഒടുവില്‍ അംഗരക്ഷകര്‍തന്നെ ആ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഈ രാജ്യം ദു:ഖം സഹിക്കാനാവാതെ അലമുറയിടുകയായിരുന്നു.
ഇന്ദിരയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധി അപക്വസ്വപ്‌നങ്ങളുടെ പതാകാവാഹകനായിരുന്നു. ധനികരുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരാന്‍ വേണ്ടി വന്നാല്‍ സ്വപ്‌നം കാണാന്‍ അര്‍ഹതയില്ലാത്തവരുടെ ജീവിതം നഷ്ടപ്പെട്ടാലും അതില്‍ അപാകതയില്ലെന്ന് വിശ്വസിച്ചിരുന്നവരില്‍ ഒരാള്‍. ‘മാരുതി’ കാറുകളിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ ഒരു വിപഌവത്തിന് തുടക്കം കുറിച്ചെങ്കിലും അതിന്റെ പേരില്‍ ജീവിതം നഷ്ടപ്പെട്ടത് കാറില്‍ ഒരിക്കലെങ്കിലും കയറുക എന്നത് വലിയൊരു ആഡംബരമായി കരുതുകയും ഭയപ്പെടുകയും ചെയ്തിരുന്ന വലിയൊരു നിസ്സഹായ സമൂഹത്തിനാണ്. നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ചെയ്തികളിലൂടെ നിസ്വവര്‍ഗത്തിന്റെ ഭീതിദസ്വപ്‌നമായി മാറിയ സഞ്ജയരാജകുമാരന്‍ അകാലത്തില്‍ പൊലിയുകയായിരുന്നു. അതേതുടര്‍ന്നായിരുന്നു മൂത്തകുമാരന്‍ രാജീവ്ഗാന്ധി വിമാനം പറത്തല്‍ ഉപേക്ഷിച്ച് രാഷ്ട്രീയാഭ്യാസത്തിന് ഇറങ്ങിത്തിരിച്ചത്. അമ്മയുടെ നൊമ്പരമുണര്‍ത്തുന്ന വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ പുത്രനെ വരവേറ്റു. പുതിയതായി അധികാരത്തിലെത്തുന്ന എല്ലാവര്‍ക്കും പറ്റുന്നതുപോലെ മുഖസ്തുതികളിലും ചുറ്റിലും കേന്ദ്രീകരിച്ചിരുന്നവരുടെ വ്യാജവചനങ്ങളിലും അഭിരമിച്ച രാജീവകുമാരന്‍ വളരെപ്പെട്ടെന്ന് ജനങ്ങളില്‍നിന്ന് അകന്നു. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സ്വന്തം മുഖത്തിന് വേണ്ട കണ്ണാടി കണ്ടെടുക്കാന്‍ രാജീവ് ഗാന്ധി നിര്‍ബന്ധിതനായി. അങ്ങനെ കഠിനപരിശ്രമങ്ങളുടെ ഗൃഹപാഠത്തിലൂടെ വീണ്ടും വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തമിഴ്പുലികളുടെ രൂപത്തില്‍ കാലന്‍ ഇരച്ചെത്തിയത്.
രാജീവിന്റെ ഹൃദയസരസ്സിലെ പ്രണയപുഷ്പം മാത്രമായിരുന്ന സോണിയാഗാന്ധി എന്ന വീട്ടമ്മ രാഷ്ട്രീയത്തിലിറങ്ങാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. നെഹ്‌റുകുടുംബത്തിലെ ഒരാളില്ലെങ്കില്‍ നൂറ്റാണ്ടുപിന്നിട്ട കോണ്‍ഗ്രസ് നയിക്കപ്പെടാനാളില്ലാതാവുമെന്ന് തീര്‍ച്ച. അങ്ങനെയാണ് വിദേശി സ്ഥാപിച്ച കോണ്‍ഗ്രസിന് വിദേശത്തുജനിച്ച ഒരു വീട്ടമ്മ ഹൈക്കമാന്‍ഡായത്.പണിയില്ലാതെ പുരനിറഞ്ഞ് നില്‍ക്കുകയായിരുന്ന ആണ്‍തരി രാഹുല്‍ഗാന്ധിയേയും അമ്മ കൂട്ടിന് വിളിച്ചു.
ദോഷം പറയരുതല്ലോ , പയ്യന്‍സ് പോയിടത്തെല്ലാം ആളുകൂടി. തിരഞ്ഞെടുപ്പില്‍ വോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നെന്നുമാത്രം. പച്ച തൊട്ടില്ല എന്ന് ലീഗുകാര്‍ക്കുപോലും പറയേണ്ട അവസ്ഥ.കേരളത്തില്‍ നൂറു സീറ്റ് ഉറപ്പിച്ചിരുന്ന യു.ഡി. എഫിന് മുപ്പതോളം സീറ്റ് തട്ടിക്കളയുക എന്നത് നിസ്സാര കാര്യമാണോ? മാത്രമല്ല, അമുല്‍ബേബി വിവാദത്തിലൂടെ വി എസ് അച്യുതാനന്ദന് രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ മൂലായത്തിന്റെ പ്രാദേശികകുമാരന്‍ ഈ ദേശീയകുമാരനെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കാലുവാരി തറയിലടിക്കുകയും ചെയ്തു. എന്നിട്ടും മതിയാവാതെ കക്ഷി ഇനി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ഏറ്റെടുക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണത്രേ.
പ്രതിഭാ നിര്‍ണയ പരീക്ഷകള്‍ നടത്തി പാര്‍ട്ടിയിലും പോഷകസംഘടനകളിലും പ്രവര്‍ത്തകര്‍ക്ക് ഒരു സ്ഥാനവുമില്ലാതാക്കി എന്ന ബഹുമതിയും രാഹുലിന് സ്വന്തം. ഇവന്റ് മാനേജര്‍മാര്‍ തിരഞ്ഞെടുപ്പിനുപുറമേ പാര്‍ട്ടി സമ്മേളനങ്ങളും ആഘോഷമാക്കി മാറ്റുന്നു.യൂത്ത് കോണ്‍ഗ്രസിന് നക്ഷത്രം നല്‍കുന്ന തിരക്കിലാണ് പുതിയ രാജകുമാരന്‍.മൂന്ന് നിറത്തിലുള്ള നക്ഷത്രം നല്‍കി പ്രവര്‍ത്തകരെ വിലയിരുത്തുമത്രേ. പ്രവര്‍ത്തകരെ നക്ഷത്രമെണ്ണിക്കലാണ് ലക്ഷ്യമെന്ന് അടക്കം പറയുന്നത് കോണ്‍ഗ്രസുകാര്‍തന്നെയാണ്.
ഇതിനിടയില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പലതവണ വന്നു.ചിലപ്പോള്‍ കാപ്പികുടിക്കാനും കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട തിന്നാനുമായിരുന്നു.വേറൊരിക്കല്‍ കൊളംബിയക്കാരി ജുവനിറ്റയുമായി വന്ന് കുമരകത്ത് താമസിച്ച് തിരികെപ്പോയി. ഇതേ ‘കുറ്റം’ ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും സി പി എം നേതാവും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ അഡ്വ.സുന്ദരേശനും എതിരെ പൊലീസ് കേസെടുത്തു. അതേ പൊലീസ് രാഹുലിനും ജുവനിറ്റയ്ക്കും കാവല്‍നിന്നു. നോക്കണേ, പൊലീസിന്റെ നിയമപാലന നാനാര്‍ത്ഥങ്ങള്‍!
അതൊക്കെ, എന്തോ ആകട്ടെ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത് എന്നതില്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ല. 2ജി സ്‌പെക്ട്രം മുതല്‍ കോമണ്‍വെല്‍ത്ത് അഴിമതി വരെ ഉദാഹരണങ്ങള്‍ ഏറെയാണ്. അവിടെയൊക്കെ ഏറ്റവും നന്നായി ഇടപെടാനും അഴിമതിക്കാരെ ചെവിക്കുപിടിച്ച് പുറത്തുകളയാനും ശേഷിയുള്ള രണ്ടുപേരില്‍ ഒരാളായിരുന്നു രാഹുല്‍ഗാന്ധി. അതൊന്നും ചെയ്യാത്ത രാഹുലിനെ പരാജയപ്പെട്ട രാജകുമാരന്‍ എന്നുമാത്രം വിശേഷിപ്പിച്ചാല്‍ മതിയോ?
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































