അമേരിക്കയില്‍ ഗുരുദ്വാരയില്‍ വെടിവെയ്പ്പ്: 7 പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ സിഖ് ആരാധനാലയത്തില്‍ ഉണ്ടായ വെടിവെയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. വിസ്‌കോണ്‍സിനിലെ ഓക്ക് ക്രീക്കിലെ ഗുരുദ്വാരയില്‍ കൈത്തോക്കുമായി എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്.
പ്രഭാതപ്രാര്‍ഥനാ സമയത്താണ് ഓക്ക് ക്രീക്കിലെ ഗുരുദ്വാരയില്‍ വെടിവെയ്പ് ഉണ്ടായത്. കൈത്തോക്കുമായി എത്തിയ അക്രമി ദുരുദ്വാരയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പരുക്കേറ്റ 25 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. സംഭവം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ഗുരുദ്വാരയിലുണ്ടായിരുന്നു.
മൂന്നംഗ അക്രമിസംഘമാണ് വെടിവെയ്പിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. നിരവധി പേരെ ഗുരുദ്വാരയില്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുരുദ്വാരയില്‍ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമികളെ കണ്ടെത്താനായില്ല. പരിഭ്രാന്തരായ ജനങ്ങള്‍ക്ക് ഒന്നിലധികം അക്രമികള്‍ സംഭവത്തിനു പിന്നിലുണ്ടെന്ന് തോന്നിയതാണെന്ന് പോലീസ് അറിയിച്ചു.
വെടിവെയ്പിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഖേദം പ്രകടിപ്പിച്ചു. വെടിവെയ്പ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിവെയ്പ്പിനെ പ്രാദേശിക ഭീകരതയായി കണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ എഫ് ബി ഐ ശ്രമിക്കുന്നുവെന്ന് പരാതി ഉയര്‍ന്നു. സംഭവത്തിന് പിന്നില്‍ പ്രാദേശിക ഗ്രൂപ്പാണെന്നും ആക്രമണത്തിന് പ്രത്യേകിച്ച് പ്രേരണ ഉണ്ടായിട്ടില്ലെന്നും സൂചന ലഭിച്ചതായുളള എഫ് ബി ഐ വൃത്തങ്ങളുടെ പ്രതികരണമാണ് ഈ ആരോപണത്തിന് കാരണം.
വെടിവെയ്പ്പിനെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ വേണ്ട നീക്കങ്ങള്‍ നടത്തുമെന്നും അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചതായും അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് പ്രസിഡന്റിനെയടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്നും പഞ്ചാബ് ആഭ്യന്തര മന്ത്രി പ്രണീത് കൗര്‍ പറഞ്ഞു. അന്വേഷണം ത്വരിതപ്പെടുത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവും യുഎസ് അധികൃതരുമായി സംസാരിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































