ചില അവാര്‍ഡ് ചിന്തകള്‍
ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ ഏതു പുരസ്‌കാരം പ്രഖ്യാപിച്ചാലും അതിന്റെ പിന്നാലെ വിവാദങ്ങളും എത്തും. അത് നമ്മുടെ ഒരു ശീലമായി മാറിയിട്ടുണ്ട്. അടുത്തിടെ നടന്ന സിനിമാ അവാര്‍ഡ് പ്രഖ്യാപനവും വ്യത്യസ്തമായിരുന്നില്ല. പുരസ്‌കാര ജേതാവായ ബ്ലസി പോലും അതിന്റെ സംശുദ്ധിയെ സംശയിച്ച് സംസാരിച്ചു. കേസ് കൊടുക്കുന്നതില്‍ വരെയാണ് അതെത്തി നില്ക്കുന്നത്.
എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറെ തര്‍ക്കങ്ങളില്ലാതെ പുരസ്‌കാരങ്ങള്‍ നല്‍കാന്‍ സാഹിത്യ അക്കാദമി ശുഷ്‌കാന്തി കാണിക്കുന്നുണ്ട്.ഈ വര്‍ഷത്തെ പുരസ്‌കാരങ്ങളും അര്‍ഹരായവരില്‍ എത്തിച്ചുകൊണ്ട് അക്കാദമി അതിന്റെ മാന്യത നിലനിര്‍ത്തിയിരിക്കുന്നു. എന്നുമാത്രമല്ല നമ്മുടെ ഇന്നത്തെ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ അത്ര വലിയ കാര്യമായി എടുക്കുന്നില്ല എന്നതും ഗൗനിക്കേണ്ടതാണ്. കിട്ടിയാല്‍ കിട്ടി എന്നതിനപ്പുറത്ത് വലിയ ആവേശമൊന്നും അവര്‍ അതില്‍ കാണിക്കുന്നില്ല. നമ്മുടെ സമൂഹം എല്ലായിടങ്ങളിലും അപചയം നേരിട്ടുകൊണ്ടിരിക്കെ അക്കാദമിയും സാഹിത്യലോകവും പുലര്‍ത്തുന്ന ഈ സംശുദ്ധതയും മാന്യതയും നിശ്ചയമായും അടയാളപ്പെടുത്തേണ്ടതുതന്നെ. വരും വര്‍ഷങ്ങളിലും ഇത്തരത്തില്‍ വിവാദങ്ങളില്ലാത്ത പുരസ്‌കാരപ്രഖ്യാപനം നടത്താന്‍ അക്കാദമിക്കാവട്ടെ.
ഈ വര്‍ഷത്തെ മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം കെ ആര്‍ ഗൗരിഅമ്മയ്ക്കാണ് ലഭിച്ചത്. അതറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് :’ഞാന്‍ എഴുത്തുകാരിയല്ല; വിപ്‌ളവകാരിയാണ്. നല്ല ഭരണാധികാരിക്കും മറ്റും പലരും അവാര്‍ഡ് തന്നിട്ടുണ്ട്. വിപ്‌ളവകാരിയെന്ന് പറഞ്ഞ് ആരും ബഹുമാനിച്ചില്ല. യഥാര്‍ഥത്തില്‍ ഞാന്‍ അതാണ്.’
അവരുടെ വാക്കുകള്‍ സാഹിത്യലോകത്തെ വീണ്ടുവിചാരത്തിലേക്ക് നയിക്കേണ്ടതാണ്. ആത്മകഥകള്‍ക്ക് കൊടുക്കുന്ന പുരസ്‌കാരങ്ങള്‍ എത്രത്തോളം ഉചിതമാണ്? ഒരാള്‍ തന്റെ ജീവിതത്തെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ആത്മകഥ എഴുതുക. അതില്‍ ഏറ്റവും മികച്ചത് എന്നു പറയുമ്പോള്‍ ഏറ്റവും മികച്ച ജീവിതം ജീവിച്ചവര്‍ക്ക് എന്നാണോ അക്കാദമി ഉദ്ദേശിക്കുന്നത്? അതോ തന്റെ ജീവിതം ഏറ്റവും മികച്ച രീതിയില്‍ പകര്‍ത്തിയവര്‍ക്ക് എന്നോ? മികച്ച, അതേ സമയം സമൂഹത്തിന് മാതൃകാപരമായ ജീവിതം നയിച്ചവര്‍ക്ക് ഒരു പക്ഷേ സ്വന്തം ജീവിതത്തെ വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്താന്‍ കഴിവുണ്ടായി എന്നു വരില്ല. അവരുടെ മേഖല എഴുത്തല്ല എന്നതുകൊണ്ടുതന്നെ. കെ ആര്‍ ഗൗരിഅമ്മ പറഞ്ഞത് അതാണ്. അവര്‍ വിപ്ലവകാരിയുടെ ജീവിതം ജീവിച്ചു. പക്ഷേ അവര്‍ മികച്ച എഴുത്തുകാരിയല്ല. എഴുത്തുകാരിയല്ലാത്ത ഒരാളെ എഴുത്തിന്റെ പേരില്‍ ആദരിക്കുന്നതില്‍ ഒരു അപാകതയില്ലേ?
ഇനി,വാക്കുകളുടെ ലോകത്ത് ജീവിക്കുന്ന ഒരാള്‍ക്ക് തങ്ങളുടെ ഇടത്തരം ജീവിതം പോലും മനോഹരമായ വാക്കുകള്‍ കൊണ്ട് പകര്‍ത്താന്‍ കഴിഞ്ഞേക്കും. അവരുടേത് മാതൃകാപരമായ ജീവിതം ആയിരിക്കണം എന്നുമില്ല. എന്നാല്‍ ആ ജീവിതത്തെ മധുരവചനങ്ങള്‍ കൊണ്ട് പകര്‍ത്തുമ്പോള്‍ മികച്ചതായി തീര്‍ന്നേക്കാം.
ചുരുക്കത്തില്‍ അക്കാദമിയും അതിന്റെ ഭാരവാഹികളും നിര്‍വ്വചിക്കേണ്ടത് ഇതാണ്: ആത്മകഥയ്ക്ക് പുരസ്‌കാരം എന്നു പറയുമ്പോള്‍ അത് ജീവിതത്തിനുള്ള സമ്മാനമാണോ അതോ എഴുത്തിനുള്ള സമ്മാനമാണോ? ജീവിതത്തിനാണെങ്കില്‍ ആ ജീവിതം സ്വന്തംനിലയില്‍ പകര്‍ത്താന്‍ കഴിയാതെ പോയവരെ ഉപേക്ഷിക്കുന്നത് ശരിയാണോ? സാഹിത്യത്തിനാണെങ്കില്‍ സ്വന്തം ജീവിതത്തെ സാഹിത്യനുണകള്‍ കലര്‍ത്തി വിസ്തരിക്കുന്നതിനു പുരസ്‌കാരം കൊടുത്താദരിക്കുന്നത് ശരിയാണോ?
സത്യത്തില്‍ ജീവിതകഥയ്ക്കല്ലേ പുരസ്‌കാരം കൊടുക്കേണ്ടത്? മറ്റൊരാളുടെ മികച്ച ജീവിതം കണ്ടെത്തുകയും അത് നന്നായി പകര്‍ത്തുകയും ചെയ്യുന്നതിലല്ലേ യഥാര്‍ത്ഥ സര്‍ഗ്ഗാത്മകത കുടികൊള്ളുന്നത്? സാഹിത്യലോകം കൂട്ടായി ആലോചിക്കേണ്ട കാര്യമാണത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































