Stay Connected:

Indiavision Live | Malayalam News Channel

പെട്രോള്‍ വില 1 രൂപ 37 പൈസ കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍

 | Published: August 11, 2012

ദില്ലി: പെട്രോള്‍ വില ലിറ്ററിന് 1 രൂപ 37 പൈസ അടിയന്തരമായി കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍. ഇല്ലെങ്കില്‍ അടുത്തയാഴ്ച ലിറ്ററിന് 3 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും പെട്രോള്‍വില കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാണ് പരാതി. ക്രൂഡ് ഓയില്‍ വില നിലവില്‍ ബാരലിനു 6019 രൂപ 62 പൈസയാണ്. കഴിഞ്ഞ ജൂണില്‍ വിലവര്‍ധിപ്പിച്ചശേഷം പെട്രോള്‍ ലിറ്ററിന് 1 രൂപ 37പൈസ നഷ്ടത്തിലാണു വില്‍ക്കുന്നതെന്നാണ് കമ്പനികളുടെ വാദം. അടുത്ത ആഴ്ചയോടെ ഇത് 3 രൂപ 56 പൈസയാകും.

ഈ സാഹചര്യത്തില്‍ അടിയന്തരമായി 1 രൂപ 37 പൈസ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ ആവശ്യം. ഇല്ലെങ്കില്‍ അടുത്തയാഴ്ച 3 രൂപ കൂട്ടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മൂന്ന് എണ്ണക്കമ്പനികളുടേയും നഷ്ടം ഇപ്പോള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയാണ്. പെട്രോള്‍ വില്‍പ്പനയിലൂടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു മാത്രം പ്രതിദിനം 20 കോടി രൂപ നഷ്ടമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞദിവസം പുറത്തുവിട്ട ആദ്യപാദഫലങ്ങളില്‍ ഐഒസിയുടെ നഷ്ടം 22,451 കോടി രൂപയാണ്.

നേരത്തേ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്‍പ് പെട്രോള്‍വില ഒരു രൂപ കൂട്ടാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനം ഒരുമാസത്തേക്കു മരവിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.

2010 ജൂണില്‍ പെട്രോള്‍വില നിയന്ത്രാണാധികാരം എണ്ണകമ്പനികള്‍ക്കു നല്‍കിയശേഷം വില പത്തിലധികം തവണ കൂട്ടി. ഇനിയും കൂടുതല്‍ നഷ്ടം സഹിച്ച് പെട്രോള്‍ വില്‍ക്കുന്നത് നിലനില്‍പ്പിനു ഭീഷണിയാകുമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നുണ്ട്. വില വര്‍ധിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടേക്കും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar