ലണ്ടനു വിട; ഇനി 2016ല്‍ റിയോ ഡി ജനീറോയില്‍
സംഗീതവും വര്‍ണസമന്വയവും തീര്‍ത്ത വിസ്മയരാവില്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ തിരിതാണു. വേഗംകൊണ്ട് സമയത്തേയും ഉയരംകൊണ്ട് ആകാശത്തേയും സൂക്ഷ്മതകൊണ്ട് പരമാണുവിനേയും ഭേദിക്കാന്‍ മത്സരിച്ചവര്‍ മാനവീകതയുടെ ഒറ്റക്കൊടിക്കീഴില്‍ അണിനിരന്നു. നാല് വര്‍ഷത്തിനപ്പുറം ബ്രസീലിലെ റീയോ ഡി ജനീറോയില്‍ വീണ്ടും കാണാമെന്ന ഉറപ്പില്‍ താരങ്ങള്‍ മുപ്പതാം ഒളിംപിക്‌സിനോട് വിട ചൊല്ലി.
ബീജിംഗ് ഒളിമ്പിക്‌സില്‍ നഷ്ടമായ ഒന്നാം സ്ഥാനം ലണ്ടനില്‍ വീണ്ടെടുത്താണ് അമേരിക്ക മടങ്ങുന്നത്.
ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് അമേരിക്ക ചൈനയെ പിന്തള്ളി ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒന്നാമതെത്തിയത്. ആതിഥേയത്വത്തിലെ വിസ്മയങ്ങള്‍ കൊണ്ട് ലോകത്തെ വിസമയിപ്പിച്ച ബ്രിട്ടന്‍ മൂന്നാമതെത്തി. ഉസൈന്‍ ബോള്‍ട്ടെന്ന ഇതിഹാസത്തിനും മൈക്കല്‍ ഫെല്‍പ്‌സിന്റെ ചരിത്ര നേട്ടത്തിനും കൂടി സാക്ഷ്യം വഹിച്ചാണ് 17 ദിവസം നീണ്ട കായികമാമാങ്കത്തിന് പരിസമാപ്തിയായത്.
ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെ 1.30ന് ആരംഭിച്ച സമാപനച്ചടങ്ങുകള്‍ മൂന്നുമണിക്കൂറോളം നീണ്ടു നിന്നു.
സമാപനച്ചടങ്ങുകളില്‍, റിയോയുടെ വരവറിയിച്ച് ബ്രസീലില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികളും അരങ്ങേറി. പങ്കെടുത്ത 204 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ദീപം അണഞ്ഞതോടെ ഒളിമ്പിക്‌സിന് ഔദ്യോഗിക സമാപനമായി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































