കൂടാനാവാത്ത എല്‍ഡിഎഫും വിഎസും പി ജയരാജനും

എല്‍ ഡി എഫ് ചേരാത്തതിനാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരെ യോജിച്ച പ്രക്ഷോഭം നടത്താനാവുന്നില്ലെന്ന് പരാതിപ്പെടുന്നത് സി പി ഐ, ആര്‍ എസ് പി ഉള്‍പ്പെടെയുള്ള ഘടകകക്ഷികളാണ്. രഹസ്യമായൊന്നുമല്ല പരാതി ഉന്നയിക്കുന്നത്. ഈ പാര്‍ട്ടികളുടെ സംസ്ഥാന സമിതികള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം പരസ്യമായിത്തന്നെ അത് പൊതുജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
യു ഡി എഫിലെ തമ്മിലടിയും ചേരിപ്പോരും മൂലം വലിയൊരഴിമതി പുറത്തുവരികയാണ്. എന്നിട്ടും എല്‍ ഡി എഫ് ഒന്നും ചെയ്യാനാവാതെ പകച്ചു നില്‍ക്കുകയാണ്. പല വിഷയങ്ങളിലും കഴിഞ്ഞ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയോ വീഴ്ചയോ മൂലമാണ് എല്‍ ഡി എഫ് പ്രതിസ്ഥാനത്താവുന്നത്. ഇതില്‍ അങ്ങനെ പഴി കേള്‍ക്കേണ്ട അവസ്ഥ ഇല്ലാതിരുന്നിട്ടും സ്വയം പ്രതിക്കൂടുണ്ടാക്കി അതിനകത്ത് പ്രതിഷ്ഠിക്കുന്ന അവസ്ഥയിലാണ് എല്‍ ഡി എഫ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നെല്ലിയാമ്പതി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും തിട്ടമില്ലാതെ എല്‍ ഡി എഫ് വലയുകയാണെന്ന് ഘടകകക്ഷികള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യു ഡി എഫിലെ യുവതുര്‍ക്കികളെന്നോ ഭരണമുന്നണിയിലെ പ്രതിപക്ഷമെന്നോ ഒക്കെ വിളിക്കാവുന്ന വി ഡി സതീശനും ടി എന്‍ പ്രതാപനും വി ടി ബെല്‍റാമും ഉള്‍പ്പെടെ നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന്റെ ആവേശമുള്‍ക്കൊണ്ടാവണം അങ്ങോട്ടേക്ക് പോകാന്‍ പാലക്കാട് ജില്ലക്കാരായ സി പി ഐ(എം) എം എല്‍ എമാര്‍ തീരുമാനിച്ചു. അവര്‍ അവിടെ പോയി വന്നശേഷം പ്രഖ്യാപിച്ചു- ആയുര്‍വേദ ചികിത്സ കഴിഞ്ഞാല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കും. അതുമതിയാകാഞ്ഞിട്ടോ എന്തോ, തൊട്ടടുത്ത ദിവസം കൂടിയ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് വേറൊരു സംഘത്തെ അങ്ങോട്ടയക്കാന്‍ തീരുമാനിച്ചു. പോളിറ്റ്ബ്യൂറോയില്‍ പുതിയതായി പ്രവേശനം കിട്ടിയ എം എ ബേബി,സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതിയതായെത്തിയ എളമരം കരിം, സെക്രട്ടേറിയറ്റ് അംഗം എ കെ ബാലന്‍ എന്നിവരാണ് നെല്ലിയാമ്പതിയിലേക്ക് പോയത്.
വല്യേട്ടന്‍ ഇത്രയും ചെയ്യുമ്പോള്‍ സി പി ഐക്ക് മിണ്ടാതിരിക്കാനാവുമോ? അതും പണ്ട് ആനയുണ്ടായിരുന്ന തറവാടാണ് എന്നിപ്പോഴും വിശ്വസിക്കുന്ന പാര്‍ട്ടി. സത്യന്‍മൊകേരിയുടെ നേതൃത്വത്തിലുള്ള സംഘം സി പി എം സന്ദര്‍ശനം നടത്തിയ അതേ ദിവസം നെല്ലിയാമ്പതിയിലെത്തി. എന്‍ സി പി പോലൊരു ‘ദേശീയപാര്‍ട്ടി’ക്ക് ഈ വിഷയത്തില്‍ ഇടപെടാതിരിക്കാനാവുമോ? ഒരു ദിവസം വൈകിയാണെങ്കിലും അവരും നെല്ലിയാമ്പതി സന്ദര്‍ശനം നടത്തി. ഒരേ മുന്നണിയിലെ കക്ഷികള്‍ ഒരേ ദിവസം സന്ദര്‍ശനം നടത്തിയിട്ടും അത് ഒരുമിച്ചാവാതിരുന്നത് എല്‍ ഡി എഫ് എത്തിയിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതാണ്.
ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നാണ് എല്‍ ഡി എഫ് പ്രതിസന്ധിയിലായത്. സി പി എം പ്രതിക്കൂട്ടിലായ ആ കൊലപാതകത്തെ ഒരു ഘട്ടത്തിലും ന്യായീകരിക്കാത്ത വി എസ് അച്യുതാനന്ദനൊപ്പമായിരുന്നു സി പി ഐയും. ഷുക്കൂര്‍ വധക്കേസില്‍ സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍ അറസ്റ്റിലായപ്പോള്‍ എല്‍ ഡി എഫ് ഹര്‍ത്താലിനായിരുന്നു സി പി ഐ(എം) താല്പര്യപ്പെട്ടത്.സി പി ഐ വഴങ്ങാത്തതിനെ തുടര്‍ന്ന് സി പി ഐ(എം) ഹര്‍ത്താലായി അത് പരിമിതപ്പെടുത്തേണ്ടി വന്നു.
മുമ്പും പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ ഈശോ കൊലക്കേസിനെപ്പറ്റി അഡ്വ.ജി ജനാര്‍ദ്ദനക്കുറുപ്പ് ‘എന്റെ ജീവിതം’ എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അന്നത്തെ സംസ്ഥാന സെക്രട്ടറി അഴീക്കോടന്‍ രാഘവന്റെ ആവശ്യപ്രകാരമാണ് കുറുപ്പ് ഈ കേസ് ഏറ്റെടുത്തത്. രാഷ്ട്രീയതാല്പര്യപ്രകാരം ഗൂഡാലോചന കുറ്റം ചുമത്തി വി എസ്സിനെ കേസില്‍ കുടുക്കുകയായിരുന്നു.
അന്നത്തെ ആലപ്പുഴ എ ഡി എമ്മിന് വി എസ് നിരപരാധിയാണെന്നറിയാമെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചില്ലെന്ന പരിഭവമുണ്ടായിരുന്നു. അദ്ദേഹത്തെ പോയിക്കാണണമെന്ന് കുറുപ്പ് വി എസ്സിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള കാര്യങ്ങള്‍ കുറുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് – ‘ആരുടെ മുന്നിലും സഹായം അഭ്യര്‍ത്ഥിക്കാന്‍ താന്‍ തയ്യാറല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകരെ നിയോഗിച്ചിട്ടുള്ളതെന്നും അവര്‍ തന്റെ കാര്യം നോക്കിക്കൊള്ളണമെന്നും അദ്ദേഹം(വി എസ്) എന്നോട് പറഞ്ഞു. എനിക്ക് ആ മനുഷ്യനോട് വല്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നി. അച്യുതാനന്ദന്‍ താന്‍ നേരിടുന്ന അപകടസന്ധിയെപ്പറ്റി അത്യധികം ബോധവാനായിരുന്നു. പക്ഷേ, കാരുണ്യത്തിന്റെ പേരില്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാര്യം കൊലക്കേസാണ്. തൂക്കുശിക്ഷവരെ ലഭിക്കാവുന്നതാണ്. താന്‍ നിരപരാധിയാണെന്ന ബോധവും രാഷ്ട്രീയ പ്രതികാരേച്ഛയില്‍നിന്നുണ്ടായ കൊലപാതക ആരോപണവും അദ്ദേഹത്തെ തെല്ലും കുലുക്കിയില്ല.’ ആ കേസില്‍ വി എസ്സിനെ കോടതി വെറുതേ വിട്ടു. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളെ ഹൈക്കോടതിയും വെറുതേ വിടുകയായിരുന്നു.
തനിക്കെതിരെ കൊലക്കുറ്റം ആരോപിച്ചപ്പോള്‍ ഹര്‍ത്താല്‍ നടത്തുകയോ എതിരാളികളുടെ ഓഫീസുകള്‍ ആക്രമിക്കുകയോ ആയിരുന്നില്ല വി എസ് ചെയ്തത്. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായിരുന്ന അദ്ദേഹത്തിന് അത് എളുപ്പം സാധിക്കുമായിരുന്നു. അതിന് പകരം നിയമപോരാട്ടം നടത്തി വിജയിക്കുകയായിരുന്നു വി എസ്സ്.
ഇത്തരമൊരു മാതൃക മുന്നിലുണ്ടായിട്ടും പി ജയരാജന്റെ കാര്യത്തില്‍ സി പി ഐ എമ്മിന് അടിതെറ്റിയതെങ്ങനെയാണ്? ചോരച്ചാലുകള്‍ നീന്തിക്കയറിയെന്ന് മുദ്രാവാക്യം വിളിച്ച നേതാക്കള്‍ക്ക് പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ ‘മുട്ടിടിയും വാട്ടര്‍സപ്ളൈയും’ എന്ന് കളിയാക്കപ്പെടുന്ന അവസ്ഥ എങ്ങനെ വന്നു? അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെയും മുന്നണിക്കാരുടെയും മുന്നില്‍ കുറ്റബോധമില്ലാതെ തലയുയര്‍ത്തി നില്‍ക്കാന്‍ സി പി ഐ(എം) നേതാക്കള്‍ക്ക് കഴിയുമായിരുന്നു. ‘പോയബുദ്ധി ആനപിടിച്ചാലും വരില്ല’ എന്നു പറയുന്നത് പാര്‍ട്ടി നേതാക്കള്‍ക്കും ബാധകമാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































