കേരളത്തില്‍ മരുന്ന് പരീക്ഷണ വ്യാപാരം; കൂടുതലും അമൃതയില്‍

Published: August 16, 2012 | By:    |    comments
clini
Facebook Google +

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നതായി ഇന്ത്യാവിഷന്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ലക്ഷത്തോളം ആളുകള്‍ പരീക്ഷണത്തിന് വിധേയരായതായാണ് ഇന്ത്യാവിഷന്റെ കണ്ടത്തല്‍.

പരീക്ഷണ പരാജയത്തില്‍ രോഗികളില്‍ ചിലര്‍ മരിച്ചിട്ടുണ്ടാകാമെന്ന് പരീക്ഷണവുമായി സഹകരിച്ചവരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കൈവശം ഇതിന് വ്യക്തത നല്‍കുന്ന തെളിവുകളില്ല.

ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നത് അമൃതാനന്ദമയി മഠം നടത്തുന്ന എറണാകുളത്തെ അമൃത ആശുപത്രിയിലാണ്. സൗജന്യ മെഡിക്കല്‍ ക്യാമ്പ് വഴിയാണ് പരീക്ഷണത്തിന് ഇരകളെ  കെണ്ടെത്തുന്നതെന്നും ഇന്ത്യാവിഷന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

നിയമപരമായ നിലവിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും മരുന്ന് പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ട്. കേരളത്തില്‍ 300-ഓളം പുതിയ മരുന്നുകള്‍ പരീക്ഷിച്ചതായി രേഖപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയുടെ റിപ്പോര്‍ട്ടും ഇന്ത്യാവിഷന് ലഭിച്ചു.

എച്ച് ആര്‍ സിയില്‍ എത്തിക്‌സ് കമ്മിറ്റിപോലും നിലവിലില്ലെന്ന് 5 വര്‍ഷത്തോളം സഹഗവേഷകനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ രാജേന്ദ്രന്‍ വെളിപ്പെടുത്തി. എച്ച് ആര്‍ സിയില്‍ നടന്ന നിയമവിരുദ്ധമായ നടപടികള്‍ ചോദ്യം ചെയ്തതുമൂലമാണ് തനിക്ക് സ്ഥാപനം വിടേണ്ടിവന്നതെന്നും രാജേന്ദ്രന്‍ ഇന്ത്യാവിഷനോട് പറഞ്ഞു.കേരളത്തില്‍ നടക്കുന്ന മരുന്നു പരീക്ഷണങ്ങളള്‍ വ്യവസ്ഥകള്‍ പാലിക്കാത്തതാണെന്ന് വെളിപ്പെടുത്തുന്നതാണ് ഡോ രാജേന്ദ്രന്റെ വാക്കുകള്‍.

തിരുവനന്തപുരം ജില്ലയിലെ അനധികൃത മരുന്നുപരീക്ഷണങ്ങളില്‍ ഏറെയും നടന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്വകാര്യസ്ഥാപനത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നൂറിലധികം മരുന്നു പരീക്ഷണങ്ങള്‍ക്ക് വേദിയായ ഈ സ്ഥാപനത്തില്‍ അയ്യായിരത്തിലധികം പേരെ സൗജന്യ ചികിത്സയുടെ പേരില്‍ ഗിനിപ്പന്നികളാക്കി. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഡോ. മാത്യു തോമസ് തനിച്ച് 35 മരുന്നുകളാണ് നാലുവര്‍ഷത്തിനിടയില്‍ ദരിദ്രരായ രോഗികളില്‍ പരീക്ഷിച്ചത്. നാല് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവര്‍ പരീക്ഷണത്തിന്റെ ഇരകളായിട്ടുണ്ട്.

ഈ വാര്‍ത്തയോട് നിങ്ങള്‍ക്കും പ്രതികരിക്കാം…സന്ദര്‍ശിക്കുക

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top