വെളിപ്പെടുത്തലുകളുടെ കാലം
കേരള രാഷ്ട്രീയത്തില്‍ ഇത് വെളിപ്പെടുത്തലുകളുടെ കാലമാണ്. മണിയാശാനാണ് അത് തുടങ്ങി വച്ചത്. ചില പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ചിലരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്ന് മണിയാശാന്‍ കേരളത്തിനോട് വിളിച്ചു പറഞ്ഞപ്പോള്‍ നമ്മുടെ രാഷ്ട്രീയ സംഘടനകളെക്കുറിച്ച് തീരെ ബോധ്യമില്ലാത്തവര്‍ മാത്രമായിരിക്കണം ഞെട്ടിയത്. അല്ലാതെ ഞെട്ടിയവര്‍ ഇത്രയും കാലം പരസ്യമായിരുന്ന രഹസ്യം ഇങ്ങനെ പൊതുമധ്യത്തില്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മാത്രം ഞെട്ടിയവരാണ്.
നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാത്ത ഒരു പരസ്പരസഹകരണ സംഘമാണ്. ചില മാഫിയ സംഘങ്ങള്‍ തമ്മിലുള്ളതുപോലെ അവ തമ്മില്‍ ചില അലിഖിത ഉടമ്പടികള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അത് ആരും ലംഘിക്കാറില്ല. ചില ടെറിട്ടറികള്‍ ചിലരുടെ സ്വന്തമാണ്. അവിടെ മറ്റാരും കടന്നു കയറില്ല. (ജയിലില്‍ നേതാക്കളുടെ ഫോട്ടോകള്‍ പതിച്ചിരിക്കുന്നു എന്നത് ആദ്യമായി അറിയുന്നതുപോലെയുള്ള നമ്മുടെ ആഭ്യന്തരമന്ത്രിയുടെ അഭിനയനാടകം കണ്ട് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് പറയാതെ വയ്യ.) അതുകൊണ്ടുതന്നെ പരമമായ ചില സത്യങ്ങള്‍ ആരും പുറത്ത് പറയാറില്ല.
രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തില്‍ നമ്മുടെ ഒരു കക്ഷികളുടെയും കൈകള്‍ വിശുദ്ധമല്ല. അതിവിടെ എല്ലാവര്‍ക്കും പകല്‍ പോലെ അറിയുകയും ചെയ്യാം. പക്ഷേ രാജാവ് നഗ്‌നനാണ് എന്ന് വിളിച്ചു പറഞ്ഞവനാണ് മണിയാശാന്‍. അതാണ് മണിയാശാന്റെ മേലുള്ള കുറ്റവും. ഇതൊക്കെ ഞങ്ങള്‍ക്കൊക്കെ അറിയാം. പക്ഷേ ഇതൊക്കെ പരസ്യമായി പറയാമോ, ഇനി ഏതവനെങ്കിലും അതിനു മുതിര്‍ന്നാല്‍ നിന്റെയും അവസ്ഥ ഇതൊക്കെ തന്നെ എന്നാണ് പോലീസ് കേസെടുത്തതിലൂടെ ഈ സഹകരണസംഘം നല്‍കുന്ന കൃത്യമായ സന്ദേശം. അല്ലാതെ ചില പാവങ്ങള്‍ രാഷ്ട്രീയ വൈര്യത്തിന്റെ ഇരയായതിലുള്ള സങ്കടമൊന്നുമല്ല അത്. കൊലപാതകങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരണമെന്ന ആത്മാര്‍ത്ഥതയുമല്ല.
മണിയാശാന്‍ തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെയാണ്. പലരുടെയും മനസില്‍ പറായാന്‍ വെമ്പി നിന്ന ചില കാര്യങ്ങള്‍ പറയാന്‍ അത് നിമിത്തമായി. കോണ്‍ഗ്രസുകാരന്‍ എം പി നടത്തിയ കൊലപാതക ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് പഴയ അനുയായിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായി. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി ഐ രംഗത്ത് വന്നു. അപ്പോള്‍ സി പി ഐ നടത്തിയെ കൊലാപാതകത്തെക്കുറിച്ച് സി പി എം പറയുന്നു, അതിനെതിരെ സി പി ഐ തിരിച്ചടിക്കുന്നു. ഇത്രയും കാലം മൂടിവച്ചത് പലതും പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. അതിലൂടെ പരസ്പരസഹകരണസംഘം ഉണ്ടാക്കി വച്ചിരുന്ന ഉടമ്പടിയാണ് പെട്ടെന്ന് തകര്‍ന്നുപോയത്. ഒരനീതിയും നമുക്ക് ഏറെക്കാലത്തേക്ക് മൂടി വയ്ക്കാനാവില്ല. ഏതെങ്കിലും ഒരു നാവില്‍ നിന്ന് ഒരു ദിവസം അത് പുറത്തുവരുക തന്നെ ചെയ്യും. കാലമെത്രയെടുത്താലും.
ഈ തര്‍ക്കങ്ങള്‍ കേരളത്തിന് എന്ത് ഗുണമാണ് ചെയ്യാന്‍ പോകുന്നത്? നമ്മുടെ നാട്ടിലെ കൊലപാതക പരമ്പരയ്ക്ക് അറുതിയുണ്ടാക്കാന്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക് കഴിയുമോ? കൊലയാളികള്‍ സൈ്വര്യവിഹാരം നടത്തുകയും നിരപരാധികള്‍ പാര്‍ട്ടി സ്‌നേഹത്തിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ അവസാനിക്കുമോ? കൊലപാതകം നടത്തിയിട്ട് ഏതു വലിയ നേതാവിനും ഏറെക്കാലം സുഖമായി കഴിയാന്‍ പറ്റില്ല എന്ന ബോധ്യം രാഷ്ട്രീയ കക്ഷികള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഉണ്ടാവുമോ? സ്വന്തം നിയമങ്ങള്‍ നടപ്പാക്കുന്ന സമാന്തര സര്‍ക്കാരാണ് രാഷ്ട്രീയ കക്ഷികള്‍ എന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുമോ? അതോ കൂടംകുളം മുതല്‍ നെല്ലിയാമ്പതിവരെയുള്ള അനേകം യഥാര്‍ത്ഥ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള പൊറാട്ടു നാടകമായും ചക്കളത്തില്‍ പോരായും ഇതെല്ലാം അവസാനിക്കുമോ? കണ്ടിരുന്നു കാണേണ്ട കാര്യങ്ങളാണിവയെല്ലാം. കേരളത്തില്‍ ആയതുകൊണ്ട് പ്രവചനം അസാധ്യം!!
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































