മാറാടിന്റെ വിധി
രണ്ടാം മാറാട് കേസില്‍ 62 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി വെറുതെ വിട്ട 24 പേരെക്കൂടി ജീവപര്യന്തത്തിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട 86 പേരും 25,000 രൂപ വീതം പിഴ ഒടുക്കുകയും വേണം. ശിക്ഷിക്കപ്പെട്ടവരൊക്കെ പരമദരിദ്രരായതുകൊണ്ടാണ് പിഴ 25,000ത്തില്‍ ഒതുങ്ങിയത്.
വിധിക്കെതിരെ പ്രതികളും അരയ സമാജക്കാരും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. നാലോ അഞ്ചോ അതിലധികമോ കൊല്ലം കഴിയാതെ അന്തിമവിധി പ്രതീക്ഷിക്കേണ്ട.
വിചാരണക്കോടതി ശിക്ഷിച്ച 62 പേരും 2003 ജൂണ്‍ മുതല്‍ തടവിലാണ്. അവര്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യത തെല്ലുമില്ല. ജീവപര്യന്തത്തിന്റെ കാലാവധി കഴിയാറായി. സുപ്രീംകോടതി വിധി എന്തുതന്നെയായാലും ആശയ്ക്ക് വകയില്ല.
കീഴ്‌കോടതി വെറുതെ വിടുകയും ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്ത 24 പേര്‍ അഞ്ചര കൊല്ലം തടവ് അനുഭവിച്ചവരാണ്. ഭരണഘടനയുടെ 134-ാം അനുഛേദ പ്രകാരം അവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കാം. അപ്പീല്‍ പരിഗണനയില്‍ ഇരിക്കുന്നിടത്തോളം കാലം ജാമ്യം കിട്ടാനും സാധ്യതയുണ്ട്. അന്തിമ വിധി എതിരായാല്‍ വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും.
ആദര്‍ശധീരന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ സംസ്ഥാനം ഭരിക്കുന്ന കാലത്താണ് മാറാട് കൂട്ടക്കൊല നടന്നത്. കൊന്നവരും കൊല്ലപ്പെട്ടവരും ദരിദ്രര്‍, മത്സ്യത്തൊഴിലാളികള്‍. പ്രതികളെ പെട്ടെന്ന് പിടികൂടി, 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. അതുകൊണ്ട് ആര്‍ക്കും ജാമ്യം കിട്ടിയില്ല. വിചാരണ തീരും വരെ, അഞ്ചര വര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വന്നു.
പ്രതികള്‍ പണവും സ്വാധീനവും ഇല്ലാത്തവരായതുകൊണ്ട് സാക്ഷികളെ കൊണ്ട് മൊഴി മാറ്റിക്കാനോ പ്രോസിക്യൂട്ടറെ സ്വാധീനിക്കാനോ സാധിച്ചില്ല. അതിനാല്‍ 62 പേര്‍ ശിക്ഷിക്കപ്പെട്ടു. കീഴ്‌ക്കോടതിയില്‍ പ്രതിഭാഗം കേസ് നടത്താന്‍ പ്രസിദ്ധനായ ജി ജനാര്‍ദ്ദനക്കുറുപ്പിനെ കൊണ്ടുവന്നു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുമ്പോഴേക്കും കുറുപ്പ് വക്കീല്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു. മറുവശത്ത് പ്രോസിക്യൂട്ടര്‍ അതിശക്തനായിരുന്നു- പി വിജയഭാനു. അങ്ങനെ 62ഉം 24ഉം കൂടി 86 പേര്‍ക്ക് ജീവപര്യന്തം കിട്ടി.
സാധു മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സാമുദായ സ്പര്‍ദ്ധയുടെ കനല്‍ ഊതിക്കത്തിച്ചത് ആരാണ്, ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത് ആരാണ്, കൊലയാളികളെ ഒളിപ്പിച്ചത് ആരാണ് എന്നൊന്നും പോലീസ് അന്വേഷിച്ചില്ല. മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് പി ജോസഫ് കമ്മീഷന്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചവര്‍ക്കെതിരെ പോലും ഒരു നടപടിയും ഉണ്ടായില്ല. നിരുത്തരവാദപരമായി പെരുമാറിയ കളക്ടറും പോലീസ് കമ്മീഷണറുമൊക്കെ കോടതിയെ സമീപിച്ച് അച്ചടക്കനടപടി സ്റ്റേ ചെയ്യിച്ചിരിക്കുന്നു.
മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ, കൊന്നവരെ ശിക്ഷിക്കാനല്ലാതെ കൊല്ലിച്ചവരെ പിടികൂടാനോ വിചാരണ ചെയ്യാനോ ഇന്നാട്ടില്‍ വ്യവസ്ഥയില്ല. നോമ്പും ചെറിയ പെരുന്നാളും കഴിഞ്ഞ് മാറാട്ട് നിന്ന് 24 പേര്‍ കൂടി കണ്ണൂര്‍ക്ക് പോകുന്നു. അവരുടെ കയ്യില്‍ വടിവാളും കഠാരയും കൊടുത്തുവിട്ടവര്‍ പരമ യോഗ്യന്മാരായി വിലസുന്നു. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































