വെരി വെരി സ്‌പെഷ്യല്‍ കളമൊഴിയുമ്പോള്‍
അനൂബ് ശ്രീധരന്‍
വിരമിക്കല്‍ വേളയില്‍ വി വി എസ് ലക്ഷമണ്‍ പറഞ്ഞു. “യുവതാരങ്ങളുടെ അവസരങ്ങള്‍ക്ക് തടസമാകുന്നില്ല.ക്രിക്കറ്റ് മതിയാക്കുന്നു’. ആരുടെ അവസരങ്ങളാണ് ബാറ്റിംഗില്‍ കൈക്കുഴകളാല്‍ കവിതരചിച്ച വി വി എസ് ലക്ഷ്മണ്‍ ഇല്ലാതാക്കിയത്? ബാറ്റിന്റെ ലളിത സ്പര്‍ശംകൊണ്ട് മഗ്രാത്തിന്റേയും ഗില്ലസ്പിയുടേയും ബ്രെറ്റ് ലീയുടേയുമൊക്ക അഗ്നി ചിതറുന്ന പന്തുകളെ അതിര്‍വരകടത്തിയ ലക്ഷ്മണ്‍ എന്തിനായിരിക്കും അങ്ങനെ പറഞ്ഞത്? ലക്ഷ്മണിന് ഉചിതമായ യാത്രയയപ്പ് നല്‍കിയില്ല എന്ന് മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലിയും പ്രതികരിച്ചു.
‘മോസ്റ്റ് വാല്യുബിള്‍ പ്ലയര്‍’ എന്ന വിശേഷണത്തിന് ഏറ്റവും അരുകിലെത്തിയ താരമാണ് ലക്ഷ്മണ്‍. വെരി വെരി സ്‌പെഷ്യല്‍ എന്ന വിശേഷണത്തോടും പരമാവധി നീതി പുലര്‍ത്തിയ വി വി എസ്, ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍-ദ്രാവിഡ് ത്രയത്തെ എത്രയോ വട്ടം പിന്നിലാക്കി. എന്നിട്ടും ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ക്കിടയില്‍ നിഴലിനപ്പുറം സ്വതന്ത്രമായൊരിടത്തിലേക്ക് എത്തിപ്പെടാന്‍ വി വി എസിന് സാധിച്ചില്ല എന്നതും വസ്തുതയാകാം. അപ്പോഴും യഥാര്‍ഥ കളിയാസ്വാദകര്‍ക്കും വിദഗ്ധര്‍ക്കും ഇടയില്‍ ലക്ഷ്മണിനുള്ളത് മഹത്തായ സ്ഥാനമാണുള്ളതെന്നത് സത്യവും നീതിയുമാണ്.
വെങ്കിപറമ്പ് വെങ്കിടസായി ലക്ഷ്മണ്‍ ക്രീസ് ഒഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇല്ലാതാകുന്നത് പ്രത്യാക്രമണത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഒരു പോരാളികൂടിയാണ്. പ്രതിഭകള്‍ ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ എത്തും. അവര്‍ ക്രിക്കറ്റിലൂടെ വിശ്വം കീഴടക്കിയേക്കാം. പക്ഷേ വി വി എസ് ലക്ഷ്മണിനേപ്പൊലൊരാള്‍? പ്രതിഭക്കൊപ്പം നിശ്ചയദാര്‍ഡ്യവും അര്‍പ്പണമനോഭാവവും ഉള്ളൊരാള്‍? എത്ര അനായാസതയോടെയാണയാള്‍ പന്തുകള്‍ അതിര്‍ത്തി കടത്തിയത്. എത്ര നിസാരമായാണ് ലക്ഷ്മണിന്റെ ബാറ്റില്‍ നിന്നും വന്‍ സ്‌കോറുകള്‍ പിറന്നത്.
വാലറ്റക്കാരെ കൂട്ടുപിടിച്ച് എത്രയോ വട്ടം വി വി എസ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ഇതേ വാലറ്റക്കാരെ ഒരറ്റത്ത് സംരക്ഷിച്ചു നിര്‍ത്തി പലകുറി ലക്ഷ്മണ്‍ ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റി. എന്നിട്ടും ഇതുപോലൊരു വിടപറച്ചില്‍? ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ കേവലം നാലു ദിവസം മാത്രം ശേഷിക്കേ അതിനു കാത്തു നില്‍ക്കാതെ ഒരു വിടപറച്ചില്‍? ക്യാപ്ടനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് വാര്‍ത്താ സമ്മേളന വേളയില്‍ ലക്ഷ്മണ്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്‌സ്മാന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ ഭാര്യ അരികെ പൊട്ടിക്കരയുകയായിരുന്നു. ലക്ഷ്മണിന്റെ വിരമിക്കല്‍ പ്രഖ്യാപനം താനും ഞെട്ടലോടെയാണ് കേട്ടതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും അപ്പോള്‍ പ്രതികരിച്ചത്. ഇരയുടെ മൗനത്തിന് സ്‌ഫോടനത്തേക്കാള്‍ ശക്തിയുണ്ടെന്ന് കളിക്കളത്തില്‍ നിശബ്ദമായി നിരന്തരം തെളിയിച്ച മഹാരഥന്റെ മറ്റൊരു അസാധാണ പ്രകടനം.
****
ആരായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് വി വി എസ് ലക്ഷ്മണ്‍. പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യയുടെ തളരാത്ത പോരാളി. പകരാക്കാരനില്ലാത്തകളിക്കാരന്‍. ഓസ്‌ട്രേലിയക്കെതിരെ ഈഡന്‍ഗാര്‍ഡനില്‍ ലക്ഷ്മണ്‍ നേടിയ ആ 281 റണ്‍സിന്റെ മൂല്യം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണയിക്കാനായിട്ടില്ല. ഒരു പക്ഷേ കാലമേറെ കഴിഞ്ഞാലും ആ ഇന്നിംഗ്‌സിന്റെ മൂല്യം നിര്‍ണയിക്കുക അസാദ്യമായിരിക്കും. ലക്ഷ്മണ്‍ ഒരു എന്റര്‍ടെയിനര്‍ അല്ല. ട്വന്റി-20 പിള്ളേരുടെ ഉടായ്പ്പ്‌ഷോട്ടുകളും അയാള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ടായിരിക്കാം വി വി എസ് ലക്ഷ്മണിന് ഏകദിന ക്രിക്കറ്റിലെ പതിവുകാരനാവാന്‍ കഴിയാതെ പോയത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ലക്ഷ്ണിനെപ്പോലൊരു ടീം മാന്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇന്ത്യക്ക് അവശ്യമുള്ളതുപോലെ സ്‌കോര്‍ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ലക്ഷ്മണ്‍ പറഞ്ഞത്. ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ലക്ഷ്മണിനോട് ചോദിക്കുകയുണ്ടായി. വലിയ സ്‌കോറുകളോടാണല്ലോ ഭ്രമമെന്ന്. അതിന് മറുപടിയായി ലക്ഷ്മണ്‍ പറഞ്ഞത് ഇന്ത്യക്ക് 30 റണ്‍സാണ് ആവശ്യമുള്ളതെങ്കില്‍ അതായിരിക്കും തന്റെ മുന്നിലെ വലിയ സ്‌കോര്‍. ഇന്ത്യക്കാവശ്യം 15 റണ്‍സാണെങ്കില്‍ ആ സമയത്ത് അതായിരിക്കും വലിയ സ്‌കോര്‍ എന്നും.
ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ മരുമകന് ക്രിക്കറ്റായിരുന്നു എന്നും ദേശസ്‌നേഹോപാധി. അതുകൊണ്ടുതന്നെ താന്‍ പഠിച്ച ആതുര സേവനം പോലെതന്നെ ലക്ഷ്മണ്‍ ക്രിക്കറ്റിലൂടെ തന്റെ രാജ്യത്തേയും ശുശ്രൂഷിച്ചു. സുരക്ഷിതത്തിന്റെ ലക്ഷ്മണരേഖ തീര്‍ത്തുകൊണ്ട്. എതിരാളി ശക്തരായിരുന്നപ്പോഴൊക്കെയാണ് ലക്ഷ്മണിലെ പ്രതിഭയും പൂര്‍ണതയിലെത്തിയത്. ഓസ്‌ട്രേലിയയാണ് അത് ശരിക്കും അനുഭവിച്ചതും. സ്വദേശത്തും വിദേശത്തുമൊക്കെ ലക്ഷ്മണിലെ പ്രതിഭ ഓസ്‌ട്രേലിയയെ പിന്തുടര്‍ന്നു. ഒടുവില്‍ ഓസ്‌ട്രേലിയന്‍ മുന്‍ക്യാപ്ടനു സമ്മതിക്കേണ്ടിവന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ പിറന്നവനാണ് വി വി എസ് ലക്ഷമ്ണ്‍. സമാനതകളില്ലാത്ത താരം.
****
‘മോസ്റ്റ് വാല്യുബിള്‍ പ്ലയര്‍’ എന്ന വിശേഷണത്തിന് ഏറ്റവും അരുകിലെത്തിയ താരമാണ് ലക്ഷ്മണ്‍. വെരി വെരി സ്‌പെഷ്യല്‍ എന്ന വിശേഷണത്തോടും പരമാവധി നീതി പുലര്‍ത്തിയ വി വി എസ്, ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍-ദ്രാവിഡ് ത്രയത്തെ എത്രയോ വട്ടം പിന്നിലാക്കി. എന്നിട്ടും ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ക്കിടയില്‍ നിഴലിനപ്പുറം സ്വതന്ത്രമായൊരിടത്തിലേക്ക് എത്തിപ്പെടാന്‍ വി വി എസിന് സാധിച്ചില്ല എന്നതും വസ്തുതയാകാം. അപ്പോഴും യഥാര്‍ഥ കളിയാസ്വാദകര്‍ക്കും വിദഗ്ധര്‍ക്കും ഇടയില്‍ ലക്ഷ്മണിനുള്ളത് മഹത്തായ സ്ഥാനമാണുള്ളതെന്നത് സത്യവും നീതിയുമാണ്.
മൂന്നാമനായി ഇറങ്ങാനുള്ള കഴിവും പ്രതിഭയും വേണ്ടുവോളമുണ്ടായിട്ടും അഞ്ചും ആറും സ്ഥാനങ്ങളിലാണ് ലക്ഷ്മണ്‍ ഇന്ത്യയുടെ രക്ഷാദൗത്യം ഏറ്റെടുത്തിരുന്നത്. പൊതുവെ ഓടിയൊളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വാലറ്റക്കാര്‍ ലക്ഷ്മണിനൊപ്പം അനുസരണയോടെ നിന്നത് അത്ഭുതം മാത്രമായിരുന്നില്ല. വി വി എസിലുള്ള വിശ്വാസം കൊണ്ടു കൂടിയായിരുന്നു.
**** 1996 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു 16 വര്‍ഷം ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായി മാറിയ വി വി എസ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2012 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്മണ്‍ അവസാന ടെസ്റ്റും കളിച്ചു. 134 ടെസ്റ്റുകളില്‍ ഇന്ത്യക്കായി പാഡണിഞ്ഞ ലക്ഷ്മണ്‍ 8781 റണ്‍സും സ്‌കോര്‍ചെയ്തു. 17 സെഞ്ച്വറികളും 36 അര്‍ഥസെഞ്ച്വറികളും ലക്ഷ്മണിന്റെ ബാറ്റില്‍ നിന്നും പിറന്നു. റണ്‍സുകളിലെ എണ്ണപ്പെരുപ്പം കൊണ്ടല്ല അവ പിറവികൊണ്ട സാഹചര്യങ്ങളുടെ പേരിലാകും ലക്ഷ്മണ്‍ എന്ന വിലമതിക്കാനാവാത്ത ക്രിക്കറ്റര്‍ ലോക വേദിയില്‍ ഓര്‍മ്മിക്കപ്പെടുക. 86 ഏകദിനങ്ങളില്‍ നിന്നും 2338 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്.
****
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു യുഗം അവസാനിക്കുകയാണ്. 300 എന്ന സാങ്കല്‍പ്പിക ലോകത്തേക്ക് ഒന്നിലേറെ തവണകടന്നു ചെന്ന വീരേന്ദര്‍ സേവാഗിനെപ്പോലുള്ളവര്‍ക്ക് വഴിയൊരുക്കിയ വി വി എസ് ലക്ഷ്മണ്‍ യുഗം. ഒഴിഞ്ഞുപോക്കുകള്‍ ഉണ്ടാക്കുന്ന ശൂന്യത ശ്വാശ്വതമല്ല.പക്ഷേ അത് കാലത്തിന്റെ അനിവാര്യതകളില്‍ ഒന്നുമാത്രമാണെന്നതുകൊണ്ട് ഓരോ ആരാധകനും ആശ്വസിക്കാം. ലക്ഷ്മണ്‍ ബാക്കിവച്ച ശൂന്യതയില്‍ പുതിയൊരാളുടെ ഉദയത്തിനുവേണ്ടി
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























