അമൃതയിലും ആര്‍സിസിയിലും പത്ത്, മരുന്നുപരീക്ഷണ മരണങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സ്ഥിരീകരണം

Published: August 22, 2012 | By:    |    comments
ginipannikalude-nadu
Facebook Google +

ഇന്‍ഡോര്‍: സംസ്ഥാനത്ത് അനധികൃത മരുന്ന് പരീക്ഷണത്തില്‍ നിരവധി പേര്‍ക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന് വിധേയരായ നാല്‍പത് പേരെങ്കിലും മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗുരുതരമായ രോഗങ്ങളോടൊപ്പം പരീക്ഷിക്കപ്പെട്ട മരുന്നിന്റെ പാര്‍ശ്വഫലങ്ങളും മരണ കാരണമായിട്ടുണ്ടാകാമെന്ന് ഇന്‍ഡോറിലെ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ ആനന്ദ് റായിക്ക് ലഭ്യമാക്കിയ വിവരാവകാശ രേഖയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും അധികം മരുന്ന് പരീക്ഷണം നടന്നതായി ഇന്ത്യാവിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും തിരുവനന്തപുരം ആര്‍ സി സിയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമൃതയില്‍ മരുന്നുപരീക്ഷണത്തിന് വിധേയരായവരില്‍ പത്ത് പേരുടെ മരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ജി എസ് കെ യുടെ ലാപ്റ്റിനിബ്, നോവാര്‍ട്ടിസിന്റെ അലിസ്‌കിരേന്‍, ക്വിന്റില്‍സ് കമ്പനിയുടെ ക്യാപിസിറ്റാബിന്‍ തുടങ്ങിയ മരുന്നുകളാണ് അമൃതയില്‍ പരീക്ഷിച്ചത്. ഡോക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, ഗോപിചെല്ലന്‍, ഷിബിന്‍ ടി എസ്, പവിത്രന്‍, സുബ്രഹ്മണ്യ അയ്യര്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരീക്ഷണങ്ങള്‍.

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണത്തിന് വിധേയരായ പത്ത് പേര്‍ മരിച്ചു. ഇവിടെ ഡോക്ടറായ രജനീഷ് കുമാറിന്റെ നേത്യത്വത്തില്‍ നടന്ന മറ്റ് മൂന്ന് ഗവേഷണത്തിനിടെയും മൂന്ന് പേര്‍ മരിച്ചു. ലാപ്റ്റിനിബ് എന്ന മരുന്നുപയോഗിച്ചിരുന്ന രോഗികള്‍ 2009 മാര്‍ച്ച്, മെയ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു മരിച്ചത്. ആര്‍ സി സിയിലെ മറ്റൊരു ഡോക്ടറായ ഗീതാ നാരായണന്റെ ഗവേഷണത്തിലും ആശുപത്രിയുടെ പേരു സൂചിപ്പിക്കാതെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യാവിഷന്‍ വാര്‍ത്തയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററില്‍ പരീക്ഷണത്തിന് വിധേയരായ മൂന്ന് പേര്‍ മരിച്ചു. ഡോക്ടര്‍മാരായ മാത്യൂ തോമസ്, കെ രാജേന്ദ്രന്‍, ജോണ്‍ അലക്‌സാണ്ടര്‍ എന്നിവരായിരുന്നു ഗവേഷകര്‍. നോവാര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ മരുന്നാണ് മൂവരും പരീക്ഷിച്ചത്.

കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ 2010ല്‍ പരീക്ഷണത്തിനിടെ മൂന്ന് പേര്‍ മരിച്ചു. രാജ്യത്താകെ മരിച്ചവരില്‍ പൂര്‍ണ്ണവിവരം ലഭ്യമാക്കിയ 1010 പേരില്‍ 191 രോഗികളിലും പരീക്ഷിച്ച റിവറോക്‌സാബന്‍ എന്ന മരുന്ന് തിരുവന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പരീക്ഷിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഡോ.കെ കൃഷ്ണകുമാര്‍, ഡോ. ടിനി നായര്‍, എന്നിവരുടെ നേത്യത്വത്തില്‍ നടന്ന പരീക്ഷണങ്ങളില്‍ 3 പേര്‍ മരിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉമ്മര്‍ കാരാടിന്റെ നേതൃത്വത്തില്‍ സഫിനാമിസ് എന്ന മരുന്നു പരീക്ഷണത്തിന് വിധേയരായ രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ മോഹനന്‍ പടിഞ്ഞാറെക്കരയുടെ ഗവേഷണത്തിനിടയില്‍ രണ്ട് പേര്‍ മരിച്ചു. അതേസമയം മരണപ്പെട്ടവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരാനൊരുങ്ങുകയാണ് ആനന്ദ് റായ്.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top