മഹാബലി ഫോര്‍മുല വണ്‍ കാറോട്ടത്തിന്!

മഹാബലിയും നരേന്‍ കാര്‍ത്തികേയനുമായി എന്താണ് ബന്ധം എന്ന് ചോദിക്കരുത്. മഹാബലി അവതാരമൊന്നും ആയി ഇതുവരെ വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കിലും ഐശ്വര്യ,സമ്പല്‍സമൃദ്ധ,സോഷ്യലിസ ഭരണം നടത്തിവന്ന അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തിയ വാമനന്‍ മഹാവിഷ്ണുവിന്റെ അവതാരമായിരുന്നുവെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. ദയാലുവും ഉദാരമതിയും നന്‍മ ചെയ്യാന്‍ പ്രതിബദ്ധതയുള്ള ഭരണാധികാരിയുമായിരുന്നല്ലോ മഹാബലി. ജാതിമത ചിന്തകള്‍ക്കതീതനായിരുന്നു എന്നാണല്ലോ മാവേലി എന്ന പേരിലൂടെ അദ്ദേഹം ഓര്‍മിക്കപ്പടാന്‍ കാരണം. മാവേലിയുടെ അര്‍ത്ഥംതന്നെ ‘വേലിക്കെട്ടുകളില്ലാതെ’ എന്നാണല്ലോ. അങ്ങനെയുള്ള ഒരു രാജാവിനെ ദൈവം എന്തിന് ചവിട്ടിത്താഴ്ത്തി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മഹാബലിക്ക് പണ്ട് വാണരുളിയ നാട്ടിലേക്ക് പാതാളത്തില്‍നിന്ന് വരാനുള്ള അവകാശം കിട്ടിയല്ലോ. ചവിട്ടിത്താഴ്ത്തുംമുമ്പുള്ള കരാറില്‍ അത് ഉള്‍പ്പെടുത്തിയത് നന്നായി. അതുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണ് തുടക്കമിടാന്‍ മഹാബലിക്ക് സാധിച്ചു. അങ്ങനെ കേരളത്തിലേക്കുളള മഹാബലിയുടെ വരവിനിടയിലാണ് നരേന്‍ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നത്.
ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ കേമനാണല്ലോ ഈ ചങ്ങാതി. അദ്ദേഹത്തെ കാര്‍ സഹിതം ഇറക്കി കുറേ ‘പുത്തന്‍’ ഉണ്ടാക്കണമെന്ന് ചിലര്‍ക്ക് താല്പര്യം. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നുപറയില്ലേ ? അതുതന്നെ സംഗതി. അല്ലെങ്കില്‍ മാവേലിയുടെ വരവിനിടെ ഫോര്‍മുല വണ്‍ കാറോട്ടവുമായി എഴുന്നളളാന്‍ ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് വഴിയൊരുങ്ങിയത് എങ്ങനെയാണ്? മൊത്തത്തില്‍ എല്ലാം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ഭരണമാണിതെന്ന പ്രതീതിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. മാവേലി ഫോര്‍മുല വണ്‍ കാറിലാണ് കേരളത്തില്‍ വരുന്നതെന്ന് പ്രചരിപ്പിക്കാനും ഇക്കൂട്ടര്‍ മടിക്കില്ല!

നിയമങ്ങളൊക്കെ എത്ര പെട്ടെന്നാണ് മാറിമറിയുന്നത്! റേഷന്‍ കാര്‍ഡില്‍ പാവപ്പെട്ട ഒരാളുടെ പേര് വിട്ടുപോയത് ചേര്‍ക്കാന്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി നടക്കുന്നവരുടെ ചെരിപ്പുകള്‍ തേയുന്നതല്ലാതെ കാര്യം നടക്കില്ല. എന്നാല്‍, തിരുവനന്തപുരം നഗര വീഥിയില്‍ 40 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനം ഓടിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് നടപ്പാക്കാനായി നിരത്തിലെങ്ങും ക്യാമറകളും വച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കുമൊക്കെ 60 കിലോമീറ്റര്‍ വേഗതയില്‍പോയവര്‍ക്കൊക്കെ പിഴ ഈടാക്കാന്‍ നോട്ടീസ് അയക്കാന്‍ എന്തൊരുത്സാഹമായിരുന്നെന്നോ!
ജീവന്‍മരണ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനകീയ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ വഴിയാത്ര തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊലീസ് എടുത്ത കേസിലെ പ്രതികള്‍ ചില്ലറക്കാരല്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍വരെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഫോര്‍മുല വണ്‍ കാറിനുവേണ്ടി ആ നിയമമൊക്കെ കാറ്റില്‍ പറക്കാനാണൊരുങ്ങിയത്.
ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. തൃശൂര്‍ പാലിയേക്കര ടോള്‍ബൂത്തിലെ സര്‍വീസ് റോഡ് നാട്ടുകാര്‍ക്കുവേണ്ടി ഉള്‍പ്പെടുത്തിയിരുന്നതാണ്.മണ്ണൂത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള സര്‍വീസ് റോഡുകള്‍ സജ്ജമാക്കുക ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കരാറിലുണ്ട്. പക്ഷേ, അത് നടപ്പാക്കാത്ത ടോള്‍ കമ്പനിക്കുവേണ്ടി പൊതുമരാമത്ത് മന്ത്രിയും സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും ഒത്തുകളിച്ചിരിക്കുകയാണ്. നികുതി കൊടുക്കുന്നതിലൂടെ തങ്ങളെ തീറ്റിപ്പോറ്റുന്ന ജനങ്ങളെ ഒറ്റുകൊടുക്കുന്നതില്‍ ഒരു കുറ്റബോധവും തോന്നാത്ത ഉദ്യോഗസ്ഥപ്പരിഷകളെ കേരളം പലപ്പോഴും കണ്ടിട്ടുണ്ട്. ജനങ്ങള്‍ എന്നാല്‍ വോട്ടുചെയ്യാന്‍മാത്രമുള്ള കഴുതകള്‍ എന്നുവിചാരിക്കുന്ന പൊതുപ്രവര്‍ത്തകരും ഒരുപാടുണ്ട്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍തന്നെ അവരെ പാഠം പഠിപ്പിച്ച ജനങ്ങളുടെ തിരിച്ചറിവില്‍ അന്തംവിട്ടുപോയ ജനനേതാക്കളുടെ കഥകള്‍ക്ക് അധികം പഴക്കമില്ല. അത് ഇപ്പോഴത്തെ മന്ത്രിമാരും ഇടയ്ക്കിടെ ഓര്‍ക്കുന്നത് നന്നായിരിക്കും.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എങ്ങനെയും തടയാന്‍ ബദ്ധപ്പെടുന്ന ഒരു സര്‍ക്കാരിനെയാണ് ഈ തീരുമാനങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരും ഓണം ഘോഷിക്കാന്‍ ഇറങ്ങുന്നത് ഉത്രാടനാളിലാണ്. കാരണം അവര്‍ക്ക് അന്നേ കൂലിയും ബോണസും ( അതൊക്കെ ഉണ്ടെങ്കില്‍) കിട്ടുകയുള്ളൂ. അന്ന് അവര്‍ വരുമ്പോള്‍ റോഡടച്ച് നരേന്‍ കാര്‍ത്തികേയന്റെ കാറോട്ടം നടത്തണമെന്നു പറയണമെങ്കില്‍ അധികാരം അത്രമാത്രം തലയ്ക്കുപിടിച്ചവര്‍ക്കുമാത്രമേ കഴിയൂ. ഈ കാറോട്ടം ഓണക്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് അവരുടെ വഴിമുടക്കിത്തന്നെ വേണമെന്ന വാശി ആരുടേതാണ്? വികലാംഗ പെന്‍ഷനും അഗതി പെന്‍ഷനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സാമ്പത്തികസഹായവും കുടിശ്ശികയിട്ട സര്‍ക്കാരാണ് നരേന്‍ കാര്‍ത്തികേയന്റെ ഫോര്‍മുല വണ്‍ കാറോട്ടത്തിന് ലക്ഷങ്ങള്‍ സഹായമായി അനുവദിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ പാവപ്പെട്ട ജീവനക്കാരന് ആ തുക നല്‍കാത്തതിനാല്‍ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് 70 ലക്ഷം രൂപ കാറോട്ടത്തിന് പൊടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.സര്‍ക്കാരിന്റെ മുന്‍ഗണന എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ പരാജയപ്പെട്ട പരിഷ്‌കാരമായ ‘ജിമ്മി’ന്റെ പുനരാവിഷ്‌കാരമായ ‘എമര്‍ജിംഗ് കേരള’യിലൂടെ വീണ്ടും കേരളത്തെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. അതെ, കേരളത്തെ മാത്രമല്ല പാവപ്പെട്ടവരും സാധാരണക്കാരുമായ കേരളീയരെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി പുത്തന്‍ രാജാക്കന്‍മാരും അവരുടെ ‘മൃഗയാ’ വിനോദമായ കാറോട്ടങ്ങളുടെയും കളിത്തട്ടാക്കി ഈ നാടിനെ മാറ്റാനാവുമോ എന്നതിന്റെ പരീക്ഷണങ്ങളാണ് നടന്നുവരുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































