Stay Connected:

Indiavision Live | Malayalam News Channel

അനിതയുടെ മലബാര്‍ മനസ്സ്

വെബ് ഡെസ്‌ക്‌ | Published: September 4, 2012

ന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ പ്രമുഖയാണ് മലയാളിയായ അനിത നായര്‍. ബംഗളുരുവില്‍ താമസിക്കുന്ന അനിത ഷൊര്‍ണ്ണൂരിനു സമീപം മുണ്ടക്കോട്ടുകുറിശ്ശിയിലാണ് ജനിച്ചത്. ചെന്നൈയില്‍ ചെലവഴിച്ച ബാല്യകാലത്തിനും വിദ്യാഭ്യാസത്തിനും ശേഷം പരസ്യങ്ങളുടെ കോപ്പി റൈറ്ററായി ജോലി നോക്കുന്നതിനിടെ എഴുത്തിനെ ഗൗരവമായെടുത്തു. ചെറുകഥകളിലൂടെയാണ് തുടക്കം. ബെറ്റര്‍മാന്‍ ആണ് ആദ്യ നോവല്‍. ലേഡീസ് കൂപ്പെ, മിസ്ട്രസ് തുടങ്ങി അനിതയുടെ മിക്ക പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. നാടകം, കവിത, യാത്രാവിവരണം- വിവിധ മേഖലകളിലെല്ലാം അനിത നായര്‍ സ്വതസിദ്ധമായ ശൈലിയില്‍ എഴുതി നിറയുന്നു.

പുതിയ നോവലിന്റെ പണിപ്പുരയില്‍ നിന്നും അനിത നായര്‍ ഇന്ത്യാവിഷന്‍ ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖം

അനിത നായര്‍ ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പ്രതിനിധിയാണ്. പക്ഷേ എഴുത്തില്‍ ഭാരതീയ സംസ്‌കാരം അന്തര്‍ലീനമാണ്.  ഇവ രണ്ടും തമ്മില്‍ വൈരുദ്ധ്യമില്ലേ?

ഞാന്‍ ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പ്രതിനിധിയാണെങ്കിലും എന്റെ വേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് ഭാരതത്തിന്റെയും കേരളത്തിന്റെയും പാരമ്പര്യത്തിലാണ്. എഴുതാന്‍ കേരളം എന്നും എനിക്ക് പ്രചോദനമാണ്. പ്രകൃതി, നിറം, മണം, ജനങ്ങള്‍, അവരുടെ കടുംപിടുത്തങ്ങളും നര്‍മ്മബോധവും, തരംതാണ രാഷ്ട്രീയം… പരസ്പര വിരുദ്ധമായ യാഥാര്‍ത്ഥ്യങ്ങളാണ് കേരളം പ്രദാനം ചെയ്യുന്നത്. ഒരു എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഏറെ ആവേശഭരിതയാക്കുന്നതും ഈ വൈരുദ്ധ്യം തന്നെയാണ്. ബാംഗ്ലൂരും കേരളവും രണ്ട് അനുഭവങ്ങളാണ് എനിക്ക് നല്‍കുന്നത്. നാഗരിക ജീവിതത്തിന്റെ വേഗതയാണ് ബാംഗ്ലൂര്‍ ജീവിതം സമ്മാനിക്കുന്നത്. എന്നാല്‍ കേരളം നല്‍കുന്ന ജീവിതാനുഭവം മറ്റൊന്നാണ്. കേരളത്തിലേയും ബാംഗ്ലൂരിലേയും വീടുകളിലായി മാറിമാറിയുള്ള ജീവിതം, എഴുത്തിനെ ഞാന്‍ സമീപിക്കുന്ന രീതിയെ സ്വാധീനിക്കുന്നുണ്ട്.

എഴുത്തുകാരിയാകണമെന്ന തീരുമാനത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു?

കുട്ടിയായിരിക്കുമ്പോള്‍ തന്നെ വാക്കുകളോടും വാക്കുകള്‍ കൊണ്ട് കഥകള്‍ തുന്നുന്ന കലയോടും എനിക്ക് ഭ്രമമായിരുന്നു.  പക്ഷെ ഒരിക്കലും എഴുത്തുകാരി ആയിത്തീരുമെന്നു കരുതിയിരുന്നില്ല. എന്തിരുന്നാലും എന്നിലെ എഴുത്തുകാരിയെ കണ്ടെത്തിയ ആ യാത്ര വളരെ ആവേശകരമായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ എഴുതാന്‍ തുടങ്ങി. അഡ്വട്ടൈസിംഗ് ഏജന്‍സിയില്‍ ജോലിചെയ്യുന്ന സമയത്താണ് മുഴുവന്‍ സമയ എഴുത്തുകാരിയാകണമെന്ന ചിന്തയുണ്ടാകുന്നത്. എഴുതുന്നത് പ്രസിദ്ധീകരിച്ചുകാണാനുള്ള തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അനിയന്ത്രിതമായ  ഉള്‍പ്രേരണ അപ്രതിരോധ്യമായിരുന്നു. അങ്ങനെ ചെറുകഥയില്‍ തുടങ്ങി, പതിയെ നോവലുകള്‍ എഴുതാന്‍ തുടങ്ങി… എഴുത്തിന്റെ സുഖകരമായ മേഖലകളില്‍ സ്വയം തളച്ചിടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ രചനാതലങ്ങളെ വെല്ലുവിളിയോടെ സമീപിക്കാന്‍ ശ്രമിച്ചു. ഈ നിശ്ചയദാര്‍ഢ്യം കവിത, ലേഖനം, നാടകം, തിരക്കഥ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ സഹായകരമായി.

ആഗോള തലത്തിലെ ആധുനിക ഇംഗ്ലീഷ് സാഹിത്യ സങ്കേതങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമകാലിക ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തെ എങ്ങനെയാണ് അനിത സമീപിക്കുന്നത് ?

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ നിരവധി ഘടകങ്ങളുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തിനെ നഗര കേന്ദ്രീകൃത സാഹിത്യമായാണ് പൊതുവെ വിലയിരുത്തുന്നതെന്നത് പരിമിതിയാണ്. 15 വര്‍ഷം മുന്‍പ് ‘ദ ബെറ്റര്‍ മാന്‍’ എന്ന എന്റെ ആദ്യ നോവല്‍ എഴുതിക്കൊണ്ടിരുന്ന സമയത്ത് ഒരു ചടങ്ങില്‍ കണ്ടുമുട്ടിയയാള്‍ ഇപ്പോള്‍ എന്താണ് എഴുതുന്നതെന്ന് ചോദിച്ചു. പൊതുവെ എന്റെ കഥകളെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിഷ്ടമാണ്.
‘ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് എന്റെ പുതിയ നോവല്‍’ഞാന്‍ അയാളോട് പറഞ്ഞു.
അയാളുടെ കണ്ണുകളില്‍ കണ്ട അവിശ്വസനീയത ഞാന്‍ ഒരിക്കലും മറക്കില്ല. ‘ഗ്രാമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?’ പരിഹാസം കലര്‍ന്ന ശബ്ദത്തിലായിരുന്നു അയാളുടെ ചോദ്യം.

കുറേക്കാലമായി ഇക്കാര്യം ആവര്‍ത്തിച്ചു കേള്‍ക്കുന്നു, ഇത് ഒരുതരത്തിലുള്ള ഒറ്റപ്പെടുത്തലാണ്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ കഥാപരിസരം നഗരകേന്ദ്രീകൃതമാകണം, ഗ്രാമങ്ങളെക്കുറിച്ച് അവിടെ ജീവിക്കുന്നവര്‍ പറയട്ടെ എന്നിങ്ങനെയാണ് പൊതുധാരണ.

ലോകത്തെവിടെയായാലും എഴുത്തുകാരിയായിരിക്കുക എളുപ്പമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയാവുക എന്നത് പ്രത്യേകിച്ചും എളുപ്പമല്ല. ഒന്നാമത് നിങ്ങളുടെ വായനക്കാര്‍ ആരാണെന്ന കാര്യം നിങ്ങള്‍ക്കറിയില്ല. രണ്ടാമത് നിങ്ങളുടെ തെറ്റുകള്‍ കണ്ടെത്താന്‍ സുക്ഷ്മപരിശോധന നടന്നുകൊണ്ടിരിക്കും.

‘മിസ്ട്രസ്സ്’, ‘ലേഡീസ് കൂപ്പെ’- അനിതയുടെ ഏറ്റവും ശ്രദ്ധേയമായ നോവലുകളുടെ ശീര്‍ഷകങ്ങള്‍ക്ക് സ്‌ത്രൈണഭാവമാണ്. പക്ഷേ സ്വയം ഒരു ഫെമിനിസ്റ്റ് ആയി കരുതുന്നുമില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്ത്രീപക്ഷവാദത്തെ എങ്ങനെ വിലയിരുത്തുന്നു?

‘ലേഡീസ് കൂപ്പെ’ പ്രസിദ്ധീകരിച്ചതു മുതല്‍ എല്ലാവരും എന്നോട് സ്ത്രീപക്ഷ എഴുത്തുകാരിയാണോയെന്ന് ചോദിക്കാറുണ്ട്. ‘ലേഡീസ് കൂപ്പെ’ സ്ത്രീപക്ഷ നോവല്‍ അല്ല, ഞാനൊരു സ്ത്രീപക്ഷ എഴുത്തുകാരിയുമല്ല എന്നതാണ് എപ്പോഴും എന്റെ ഉത്തരം. ആ നോവല്‍ സ്ത്രീകളെ കുറിച്ചുള്ള പുസ്തകമാണ്, ഒരു സ്ത്രീ സമൂഹത്തില്‍ സ്വന്തം ഇടം എങ്ങനെ കണ്ടെത്തുന്നെന്ന കഥ. അത് മനുഷ്യരുടെ അവസ്ഥകളെക്കുറിച്ചുള്ള പുസ്തകമാണ്.

പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്കും വേണമെന്നാണ് ഫെമിനിസം അവകാശപ്പെടുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ നിലപാട് വ്യത്യസ്തമാണ്, അപകര്‍ഷതാ ബോധമില്ലാതെ സ്ത്രീയായി ജീവിക്കാനുള്ള സ്ത്രീയുടെ അവകാശത്തിലാണ് എനിക്ക് വിശ്വാസം.

‘ലേഡീസ് കൂപ്പെ’യില്‍ ഞാന്‍ അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചത് സ്ത്രീയുടെ ഈ അവസ്ഥയാണ്. സമകാലിക സാഹചര്യത്തില്‍ ഭാരതീയ സ്ത്രീയായി ജീവിക്കുക എളുപ്പമല്ല. ‘ലേഡീസ് കൂപ്പെ’യ്ക്കു ശേഷം ഞാന്‍ സ്ത്രീപക്ഷ എഴുത്തുകാരിയായി പരാമര്‍ശിക്കപ്പെടാറുണ്ട്. അങ്ങനെ എന്നെ അടയാളപ്പെടുത്തുന്നതിനെ ഞാന്‍ ശക്തമായി തന്നെ എതിര്‍ക്കാറുണ്ട്. ജീവിതത്തിന്റെ ചില തലങ്ങള്‍ അസ്വസ്ഥയാക്കുമ്പോഴാണ് എഴുതാന്‍ തുടങ്ങുന്നത്. പിന്നെ എന്തുകൊണ്ടാണിങ്ങനെ എന്ന് കണ്ടത്താനുള്ള അന്വേഷണം തുടങ്ങുകയായി. നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നാണ് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്. സമൂഹത്തിനു നേരെ ഒരു കണ്ണാടി പിടിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പക്ഷേ എഴുത്തിന്റെ ഒരു ഘട്ടത്തിലും സാമൂഹ്യമായ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് സ്വയം തെറ്റിദ്ധരിപ്പിക്കാറില്ല ഞാന്‍. അതെന്റെ ലക്ഷ്യവുമല്ല. രണ്ടാമതായി ഫെമിനിസം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളോട് പൂര്‍ണമായി എനിക്ക് യോജിപ്പില്ല. എഴുത്തുകാരിയെന്ന നിലയില്‍ ഒരു പുസ്തകം എഴുതുമ്പോള്‍ എന്താണോ എന്റെ താല്‍പര്യം അതു തന്നെയായിരിക്കണമെന്നില്ല അടുത്ത പുസ്തകം എഴുതുമ്പോള്‍ എന്നെ ആകര്‍ഷിക്കുക. ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനിന്ന് എന്റെ ചിന്തകളെ പരിമിതപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

‘മലബാര്‍ മൈന്‍ഡ്’ കവിതാ പുസ്തകത്തിന്റെ പേരുതന്നെ കേരളത്തെ ബന്ധിപ്പിക്കുന്നു. കവിതയിലേക്ക് കടന്നുവരാനുളള പ്രചോദനം എന്തായിരുന്നു?

നോവലിനും കവിതയ്ക്കും എന്നെ സംബന്ധിച്ച് തുല്യപ്രാധാന്യമാണുള്ളത്. കവിത എഴുതുന്ന എല്ലാവര്‍ക്കും നോവല്‍ എഴുതാന്‍ കഴിയില്ല., തിരിച്ചും. ഒരു ദശാബ്ദക്കാലം കൊണ്ടാണ് ഞാന്‍ മലബാര്‍മൈന്‍ഡ് എന്ന കവിതാസമാഹാരം പൂര്‍ത്തിയാക്കുന്നത്. തുടര്‍ച്ചയായി കവിതയെഴുതിയിട്ടില്ല ഞാന്‍. എന്നെ പിടിച്ചുലയ്ക്കുന്ന വൈകാരിക അനുഭവങ്ങളാണ് എന്നെ കവിതയില്‍ എത്തിക്കുന്നത്. കവിത എഴുതാനായി പ്രത്യേകമായി ഞാന്‍ സമയം മാറ്റിവെയ്ക്കാറില്ല. മറിച്ച് നോവല്‍ എഴുതുന്നത് ഏറെക്കാലത്തെ ചിന്തകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ്.

നവനിര എഴുത്തുകാര്‍ ക്ലാസ്സിക്കുകളെ മൊഴിമാറ്റാന്‍ ഒരുപക്ഷെ ഭയന്നേക്കാം. പക്ഷെ താങ്കള്‍ തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീന്‍ പരിഭാഷപ്പെടുത്താന്‍ ധൈര്യം കാണിച്ചു. ആ അനുഭവം….

മലയാള ഭാഷ ഞാന്‍ ഔപചാരികമായി പഠിച്ചിട്ടില്ല. എന്നാല്‍ ഭാഷ മനസ്സിലാക്കാനുള്ള ശ്രമം ഞാന്‍ നടത്താറുണ്ട്. ‘മിസ്ട്രസ്സ്’ കഥകളിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ചില ആട്ടക്കഥകളുടെ ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി ഞാന്‍ ‘മിസ്ട്രസി’ല്‍ ഉപയോഗിച്ചിരുന്നു. പക്ഷെ അതത്ര കഠിനമായിരുന്നില്ല.

ഒരു പുസ്തകം പരിഭാഷപ്പെടുത്താന്‍ മനസ്സിലാക്കല്‍ മാത്രം മതിയാകില്ല. ആ എഴുത്തുകാരന്‍ സഞ്ചരിച്ച വഴിയെ സഞ്ചരിക്കണം. കഥാപാത്രങ്ങളെയും കഥാപരിസരത്തെയും അയാളുടെ കണ്ണില്‍ കൂടി കാണണം.

ചെമ്മീനിലെ ആദ്യവാചകം തന്നെ എന്നെ കുഴപ്പത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ ഭാഷയാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് അപരിചിതമാണ് ആ ഭാഷ. പ്രാദേശിക ഭാഷ മനസ്സിലാക്കാനുള്ള വഴി പുസ്തകം വായിച്ചു കേള്‍ക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മലയാളിയായ എന്റെ സെക്രട്ടറിയോട് പുസ്തകം വായിച്ചു തരാന്‍ ആവശ്യപ്പെട്ടു. നോവല്‍ സ്വയം വായിക്കുന്നതിനേക്കാള്‍ വായിച്ചു കേള്‍ക്കുകയാണ് ഉണ്ടായത്. ഞാന്‍ തകഴിയുടെ പുസ്‌കം വായിച്ചുകേട്ടു, പിന്നീട് സ്വയം വായിച്ചു. അങ്ങനെ ഒരു ദിവസം ഞാന്‍ പരിഭാഷയ്ക്ക് സജ്ജമായി.

താങ്കള്‍ ഏറെ യാത്ര ചെയ്യാറുണ്ട്. എഴുത്തിനെ യാത്രകള്‍ എത്രമാത്രം സ്വാധീനിക്കാറുണ്ട്?

പതിവായി ആളുകള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളല്ല ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. അസാധാരണ അനുഭവങ്ങള്‍ സമ്മാനിക്കുന്ന യാത്രകളോടാണ് എനിക്ക് പ്രിയം. എന്റേതായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ യാത്രകള്‍ സഹായിക്കുന്നു. ഈ കാഴ്ചപ്പാട് എന്റെ എഴുത്തിലും ഊറിവരാറുണ്ട്.

സിനിമയുടെ തിരക്കഥ ഒരുക്കുകയാണ് അനിതയെന്ന് വാര്‍ത്തയുണ്ട്, ശരിയാണോ? സിനിമകള്‍ കാണാറുണ്ടോ?

പ്രാഥമികമായി ഞാന്‍ എഴുത്തുകാരിയാണ്. താല്‍പര്യമുള്ള ബാനര്‍ സമീപിച്ചാല്‍ മാത്രമേ സിനിമയില്‍ സഹകരിക്കാന്‍ താത്പര്യമുള്ളു. സിനിമയുമായി സഹകരിക്കാന്‍ പ്രത്യേകിച്ച് മോഹമൊന്നുമില്ല. എന്നാല്‍ സിനിമകള്‍ കാണാറുണ്ട്.

ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെടുന്ന എഴുത്തുകാരിയാണ് താങ്കള്‍. താങ്കള്‍ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെയാണ്?

എന്റെ രാജ്യത്ത് പരിഗണിക്കപ്പെടുന്നതിനേക്കാള്‍ ഗൗരവത്തോടെയാണ് ആഗോളതലത്തില്‍ ഞാന്‍ പരിഗണിക്കപ്പെടുന്നതെന്നാണ് എന്റെ അനുഭവം.

ചെന്നൈയിലെയും ബാംഗ്ലൂരിലെയും തിരക്കേറിയ മെട്രോ ജീവിതത്തിനൊടുവില്‍ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വയം അന്യമാക്കപ്പെട്ടുവെന്ന തോന്നലുണ്ടാകാറുണ്ടോ?

എന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരിക്കലും അകറ്റിനിര്‍ത്തപ്പെടുന്നതായോ ഒറ്റപ്പെടുന്നതായോ അനുഭവപ്പെടാറില്ല. ഈ നാട് എന്റേതാണെന്ന തോന്നലാണ് ഉണ്ടാവാറുള്ളത്.

സ്വാധീനിച്ച എഴുത്തുകാര്‍?

ജോര്‍ജ്ജ് അമാഡോ, ജോണ്‍ അപ്‌ഡൈക്, ടോം വോള്‍ഫ്, ഇ ആനി പ്രോല്‍ക്‌സ്, ഹരോള്‍ഡ് റോബിന്‍സ് എന്നിവരെല്ലാം സ്വാധീനിച്ചവരില്‍ ചിലരാണ്.

കുടുംബവും സുഹൃത്തുക്കളും എഴുത്തില്‍ എത്രമാത്രം പിന്തുണ നല്‍കുന്നു?

എഴുത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സര്‍വ്വപിന്തുണയുമുണ്ട്. എഴുതാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം ജീവിതം തന്നെയാണ്. മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും ആകര്‍ഷകമായ ജീവിവര്‍ഗ്ഗം. നമ്മള്‍ പറയുന്നതും ചെയ്യുന്നതും, എങ്ങനെ നമ്മള്‍ ജീവിക്കുന്നു, ആരെ സ്‌നേഹിക്കുന്നു വെറുക്കുന്നു, എന്തിന് യുദ്ധം ചെയ്യുന്നു,  അക്രമങ്ങള്‍, ദയ- എല്ലാം എനിക്ക് പ്രചോദനമാണ്.

അനിതയുടെ പുതിയ പദ്ധതികള്‍

17-ാം നൂറ്റാണ്ടിലെ കേരളത്തെ ആസ്പദമാക്കിയുള്ള ചരിത്രനോവലിന്റെ പണിപ്പുരയിലാണ് ഞാന്‍. ആ കാലഘട്ടത്തെക്കുറിച്ചുള്ള നോവലാണത്. രാജവാഴ്ചയും അധികാരവും ഏറ്റുമുട്ടലുകളും വിഷയമാകുന്ന നോവലാണിത്. ജീവിതാഭിലാഷങ്ങളും വിഷയസുഖവും പ്രണയവും പുതിയ നോവലില്‍ കൂടിക്കലര്‍ന്നുണ്ടാകും.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar