ഓട്ടത്തില്‍ ഒന്നാമതെത്തുന്ന ‘റണ്‍ ബേബി റണ്‍’

Published: September 4, 2012 | By:  മനീഷ് നാരായണന്‍  |    comments
RunBaby-Run
Facebook Google +

റംസാന്‍-ഓണം സീസണിലെ ബോക്‌സ് ഓഫീസ് നേട്ടത്തിലേക്കുള്ള ഓട്ടത്തില്‍ ‘റണ്‍ ബേബീ റണ്‍’ ഒന്നാമതെത്തുമെന്നുറപ്പ്. മാറിയ കാലത്തിന്റെ വേഗവും താളവും സ്വീകരിച്ച് ശൈലീഭദ്രദതയില്‍ ജോഷി ഒരുക്കിയ ത്രില്ലറാണ് ചിത്രം. പ്രവചനാത്മകമായ പ്രമേയമായിരുന്നിട്ടും കൗതുകമുള്ള കഥാപശ്ചാത്തലവും കയ്യൊതുക്കമുള്ള ആഖ്യാനവും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് റണ്‍ ബേബീ റണ്‍. മോഹന്‍ലാലിന്റെ സ്വാഭാവികപ്രകടനത്തിന്റെ കരുത്തും ലാല്‍-ബിജുമേനോന്‍ കൂട്ടുകെട്ടിന്റെ രസങ്ങളും റണ്‍ ബേബിയെ കാണാന്‍ നിര്‍ബന്ധിപ്പിക്കുന്നു. സ്വതന്ത്രതിരക്കഥാകൃത്തായി സച്ചിക്ക് മികച്ച തുടക്കത്തിന് അവസരം ലഭിച്ചപ്പോള്‍ രാത്രിദൃശ്യങ്ങളുടെ സൗന്ദര്യവും സമൃദ്ധിയും അനുഭവപ്പെടുത്തി ആര്‍ ഡി രാജശേഖര്‍ ഫ്രെയിമുകളിലും കൊതികൂട്ടി.

വൈകാരികമുഹൂര്‍ത്തങ്ങളെ കണ്ണീരില്‍ മുക്കിയെടുക്കാതെയും നായക കേന്ദ്രീകൃതമായി മാത്രം സഞ്ചരിക്കാതെയും സച്ചിയുടെ തിരക്കഥ ശക്തി അറിയിക്കുന്നുമുണ്ട്. ആകാശത്തല്ലില്‍ ആള്‍ക്കൂട്ടത്തെ കീഴടക്കുന്ന നായകന്‍മാരുടെ നിരയിലല്ല മോഹന്‍ലാലിന്റെ വേണുവിനെ ഒരുക്കിയിരിക്കുന്നത്. ഓടിരക്ഷപ്പെടാനും വിജയിക്കാനും വേണുവിന് അവസരമൊരുക്കുന്നത് സാഹചര്യങ്ങളുടെ ആനുകൂല്യം മാത്രമാണ്. വിജയങ്ങളെക്കാളേറെ പരാജയങ്ങളെ നേരിടുന്ന നായകന്‍.

ന്യൂഡല്‍ഹി,പത്രം തുടങ്ങിയ മാധ്യമങ്ങളുടെ മാധ്യമമേഖലയുടെ പിന്നാമ്പുറവും പ്രമേയമായ ചിത്രങ്ങള്‍ ജോഷി മുന്‍പും ഒരുക്കിയിട്ടുണ്ട്. റണ്‍ ബേബീ റണ്ണില്‍ സാങ്കേതികതയില്‍ കാലത്തിനൊപ്പം മുന്നേറുന്ന ദൃശ്യമാധ്യമങ്ങളാണ് പ്രമേയപരിസരം. റോയിട്ടേഴ്‌സില്‍ ക്യാമറാമാനായ വേണുവും ഒരു മുന്‍നിര ചാനലിലെ എക്‌സിക്യുട്ടീവ് എഡിറ്ററായ രേണുകയും പുതിയൊരു ചാനലിന് തുടക്കമിട്ട ഋഷിയും. ഇവരിലൂടെയാണ് റണ്‍ബേബിയുടെ കഥ. യുക്തിരാഹിത്യമേറെയുണ്ടെങ്കിലും ചടുലത താളമാക്കി രസം പകരുന്ന ത്രില്ലറാവുകയാണ് പാതി പിന്നിടുമ്പോള്‍ റണ്‍ ബേബീ റണ്‍. അധികാരവും അഴിമതിയും പ്രതികാരവും പ്രതിരോധവും കാലികതയുടെ കൂട്ടുവിടാതെ ജോഷി പകര്‍ത്തിവച്ചിരിക്കുന്നു. തിരക്കഥയിലും അവതരണത്തിലും പഴുതുകളില്ലാതെ കഥ പറഞ്ഞിടത്ത് തന്നെയാണ് റണ്‍ ബേബിയുടെ വിജയം.

വൈകാരികമുഹൂര്‍ത്തങ്ങളെ കണ്ണീരില്‍ മുക്കിയെടുക്കാതെയും നായക കേന്ദ്രീകൃതമായി മാത്രം സഞ്ചരിക്കാതെയും സച്ചിയുടെ തിരക്കഥ ശക്തി അറിയിക്കുന്നുമുണ്ട്. ആകാശത്തല്ലില്‍ ആള്‍ക്കൂട്ടത്തെ കീഴടക്കുന്ന നായകന്‍മാരുടെ നിരയിലല്ല മോഹന്‍ലാലിന്റെ വേണുവിനെ ഒരുക്കിയിരിക്കുന്നത്. ഓടിരക്ഷപ്പെടാനും വിജയിക്കാനും വേണുവിന് അവസരമൊരുക്കുന്നത് സാഹചര്യങ്ങളുടെ ആനുകൂല്യം മാത്രമാണ്. വിജയങ്ങളെക്കാളേറെ പരാജയങ്ങളെ നേരിടുന്ന നായകന്‍. നായകന്റെ നിഴലായ് നിര്‍ത്താതെ മോഹന്‍ലാലിന്റെ കഥാപാത്രത്തോളം പ്രാധാന്യം അമലാപോളിന്റെ രേണുകയ്ക്കും ലഭിച്ചു. സ്‌നേഹശാഠ്യങ്ങളുമായി വഴക്കിനിറങ്ങുന്ന ലാല്‍ കഥാപാത്രങ്ങളുടെ നിരയിലാണ് വേണുവിന്റെയും സ്ഥാനം. ഗ്രാന്റ് മാസ്റ്ററിലും സ്പിരിറ്റിലും കണ്ട മോഹന്‍ലാല്‍ അല്ല റണ്‍ ബേബീ റണ്ണില്‍. മാനറിസങ്ങളിലും ഭിന്നഭാവങ്ങളുടെ അനായാസവഴക്കങ്ങളിലും സമീപകാലത്തെ മികച്ച ലാല്‍കഥാപാത്രം.

മോഹന്‍ലാല്‍-അമലാ പോള്‍ രസതന്ത്രത്തെക്കാള്‍ റണ്‍ ബേബീ റണ്ണില്‍ ഇഷ്ടമുയര്‍ത്തുന്നത് ലാല്‍-ബിജുമേനോന്‍ തിരക്കൂട്ടിലുള്ള മുഹൂര്‍ത്തങ്ങളാണ്. മോഹന്‍ലാലിന്റെ വേണുവോളം പ്രകടനത്തില്‍ ഉയരാന്‍ ശ്രമിക്കുന്നുമുണ്ട് ബിജുമേനോന്റെ ഋഷി എന്ന കഥാപാത്രം. വേണു-രേണു പ്രണയം ആസ്വാദ്യകരമായി അനുഭവപ്പെടുന്നില്ലെന്നത് കാഴ്ചയില്‍ പോരായ്മ തന്നെയാണ്. സിനിമയില്‍ അനവസരത്തിലാണ് കടന്നുവരുന്നതെങ്കിലും സമഗ്രതയില്‍ റണ്‍ ബേബിയുടെ താളവും വേഗവുമാണ് മോഹന്‍ലാല്‍ പാടിയ ‘ആറ്റുമണല്‍ പായയില്‍’ എന്ന ഗാനം.

മോണിറ്റര്‍ നിറയും വിധം വൈറസ് ത്രെട്ട് എന്നും ഫയല്‍ ട്രാന്‍സ്ഫര്‍ എന്നും എഴുതിക്കാട്ടുന്ന സാങ്കേതികനിരക്ഷരതയെ റണ്‍ ബേബി റണ്‍ അതിജീവിക്കുന്നുണ്ട്. ന്യൂസ് ചാനലുകളുടെ പിന്നാമ്പുറം പ്രമേയാന്തരീക്ഷമായപ്പോള്‍ ചാനല്‍റൂം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രാഥമികബോധ്യം തിരക്കഥാകൃത്തിനുണ്ടെന്ന് സിനിമയിലും അനുഭവപ്പെടുന്നുണ്ട്. രാഷ്ട്രീയക്കാരുടെ അഴിമതി തുറന്നുകാട്ടല്‍, നായകന്റെ തെറ്റിദ്ധാരണ ക്‌ളൈമാക്‌സിന് തൊട്ടുമുമ്പ് മാത്രം തിരുത്താന്‍ തയ്യാറാകുന്ന നായിക തുടങ്ങിയ ക്‌ളീഷേകള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമുണ്ട്.

ദൈനംദിനജീവിതത്തില്‍ വാര്‍ത്താചാനലുകള്‍ കൃത്യമായ ഇടം കണ്ടെത്തിയ കാലത്ത് ചിത്രത്തിലെ ഒളിക്യാമറാനീക്കങ്ങളും,തത്സമയ അവതരണത്തിലെ തമാശകളും പ്രേക്ഷകര്‍ക്കും കൗതുകം പകരും.ഷമ്മി തിലകന്‍, വിജയരാഘവന്‍, ബിജുപപ്പന്‍, കൃഷ്ണകുമാര്‍, അനില്‍മുരളി എന്നിവര്‍ ചിത്രത്തോട് ചേര്‍ന്ന് നീങ്ങിയപ്പോള്‍ സായ്കുമാറിനും സിദ്ദീഖിനും പതിവ് കുപ്പായങ്ങളില്‍ തന്നെ. ഏതായാലും തിയറ്ററുകളില്‍ നിന്നിറങ്ങി ഓടാനല്ല തിയറ്ററുകളിലേക്ക് ഓടാന്‍ തന്നെയാണ് റണ്‍ ബേബീ റണ്‍ നിര്‍ബന്ധിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top