‘എമേര്‍ജിംഗ്’ വിവാദങ്ങളുടെ കേരളം

Published: September 6, 2012 | By:  ബെന്യാമിന്‍  |    comments Change Font size: (+) | (-)

വികസനത്തിലേക്ക് കുതിക്കുന്ന കേരളം എന്ന സ്വപ്‌നം മനസിലിട്ടുകൊണ്ട് ‘എമേര്‍ജിംഗ് കേരള’ എന്നൊരു പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതേയുള്ളൂ, വിവാദങ്ങളും അതിനൊപ്പം ഉണ്ടായിക്കഴിഞ്ഞു. വിവാദങ്ങള്‍ കേരളത്തിനൊരു പുത്തരിയല്ല. ഏതിനെയും സൂക്ഷ്മദൃഷ്ടിയോടെയും അല്‍പം സംശയഭാവത്തോടെയും കാണുന്ന ഒരു സമൂഹത്തില്‍ അത് സ്വഭാവികവുമാണ്. പക്ഷേ പലവിവാദങ്ങളും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്നതും തന്റെ എതിരാളിയാണ് പദ്ധതികള്‍ സ്വപ്‌നം കാണുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്നതുകൊണ്ടുമാത്രം ഉണ്ടാവുന്നതുമാണ്.

എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കാന്‍  പോകുന്ന പദ്ധതികള്‍ എല്ലാം നൂറുശതമാനം സുതാര്യവും പൊതുജനനന്മയെ ലാക്കാക്കി ഉള്ളതാണെന്നും ഒരിക്കലും പറയാന്‍ കഴിയുകയില്ല. സ്ഥാപിത താല്‍പര്യക്കാര്‍ അവരുടെ ഇംഗിതങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ ഇത്തരം സ്വപ്‌ന പദ്ധതികളുടെ മറവില്‍ ശ്രമിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്. അവര്‍ക്ക് കങ്കാണികളായി ഭരണകൂടത്തിലെ തത്പര കക്ഷികളും ഉണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഒന്ന് പ്രഖ്യാപിക്കപ്പെടാന്‍ അവര്‍ കാത്തിരിക്കുകയും ആവാം. അവര്‍ക്ക് പരിസ്ഥിതിയും സര്‍ക്കാര്‍ ഭൂമിയും പാടശേഖരവും നീര്‍ത്തടങ്ങളും വനനശീകരണവും ഒന്നും ഒരു പ്രശ്‌നവുമല്ല. എങ്ങനെയും പണം സമ്പാദിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം.

എന്നാല്‍ ഇതിലൂടെ വരാന്‍ പോകുന്ന എല്ലാ പദ്ധതികളും മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നവരും സ്ഥാപിത താത്പര്യക്കാര്‍ ആണെന്നത് മറന്നു പോകരുത്. എല്ലാ പദ്ധതികളെയും ഒരേ കണ്ണുകൊണ്ട് കാണുകയും ഓരേ കൂട്ടിലിട്ട് വെടിവയ്ക്കുകയും ചെയ്യരുത്. ഓരോന്നും വേറേ വേറെ കേസുകളായി പരിഗണിക്കണം. അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അതു മൂലം നഷ്ടമാകാനിടയുള്ള സര്‍ക്കാര്‍ ഭൂമിയും പാട്ടത്തിന്റെ മറവില്‍ നടക്കാനിടയുള്ള ഭൂമി കൈമാറ്റങ്ങളെയും കുറിച്ച് സമഗ്രമായി പഠിക്കണം. അത്തരത്തില്‍ വിനാശകരവും ദുഷ്ടലാക്കോടെയും ഉള്ള പദ്ധതികളെ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എതിര്‍ക്കണം. എന്നാല്‍ ഗുണപ്രദമായ യഥാര്‍ത്ഥ വികസനം കൊണ്ടുവരുന്ന ഒരു പദ്ധതിയുണ്ടെങ്കില്‍, ആ ഒരെണ്ണത്തിനെ പൂര്‍ണ്ണ മനസോടെ അംഗീകരിക്കണം. ആരു നടപ്പാക്കുന്നു എന്നതാവരുത് എതിര്‍പ്പിന്റെ മാനദണ്ഡം. എന്തു നടപ്പാക്കുന്നു എങ്ങനെ നടപ്പാക്കുന്നു എന്നതാവണം നാം പരിഗണിക്കേണ്ടത്.

എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരും വികസന പദ്ധതികളെ എതിര്‍ക്കുമ്പോള്‍ കുറേക്കൂടി അവധാനത കാണിക്കുന്നത് നന്നായിരിക്കും. തമ്പ്രാന്‍ എതിര്‍ത്തു എന്നാല്‍ അടിയനും എതിര്‍ത്തേക്കാം എന്ന മട്ടില്‍ കാര്യങ്ങളെ സമീപിക്കരുത്. വിഷയങ്ങള്‍ കുറെക്കൂടി ഗൗരവമായി പഠിക്കാനും ജനസമക്ഷം അത് അവതരിപ്പിച്ച് തങ്ങളുടെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കണം. പക്ഷേ പലപ്പോഴും നാം അതല്ല കാണുന്നത്. മുന്‍ധാരണയോടെയാണ് പലരും അഭിപ്രായങ്ങള്‍ പറയുന്നത്. ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന മട്ടിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പൊതുജനമധ്യത്തില്‍ അവര്‍ക്കുള്ള ബഹുമാന്യത കുറയ്ക്കുവാനേ കാരണമാകു എന്നോര്‍ക്കുക. പിന്നീട് ഒരു യഥാര്‍ത്ഥ പ്രശ്‌നത്തിന്മേല്‍ അവര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പോലും പുച്ഛത്തോടെ നോക്കിക്കാണുവാന്‍ അത് ഇടയാക്കും. ട്രാക്ടര്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള സാങ്കേതിക വളര്‍ച്ചയ്‌ക്കെതിരെ സമരത്തിനിറങ്ങി പുറപ്പെട്ടവരും നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ തങ്ങളുടെ ശവത്തിനു മുകളിലൂടെയേ പറന്നുയരൂ എന്ന് പ്രഖ്യാപിച്ചവരും ചരിത്രത്തില്‍ എങ്ങനെ പരിഹാസ്യരായി തീര്‍ന്നു എന്ന് ഓര്‍ക്കുന്നത് നന്ന്. അതേസമയം വികസനത്തിന്റെ പേരില്‍ തീവെട്ടിക്കൊള്ള നടത്താം എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പില്ല എന്ന് കാണിച്ചു കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയും ആകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top