ഇനി ബധിരര്‍ക്ക് ശബ്ദത്തെയും കാണാം
ശബ്ദം കേള്‍ക്കാന്‍ മാത്രം ഉള്ളതാണ് എന്ന മിഥ്യാ ധാരണയുള്ളവര്‍ അത് മാറ്റിവെച്ചുകൊള്ളുക. ഇനി ശബ്ദം കേള്‍ക്കാന്‍ മാത്രമല്ല കാണാനും സാധിക്കും. പ്രത്യേക തരത്തിലുള്ള കണ്ണടയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. മുഖ്യമായും ബധിരരെ ലക്ഷ്യം വെച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ കണ്ണടയുടെ നിര്‍മ്മാണത്തിന് പിന്നില്‍ തെക്കന്‍ കൊറിയയിലെ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകരാണ്.
പുതിയ കണ്ണടകള്‍ വഴി ശബ്ദങ്ങളെ കാണാനാകും. അവയുടെ പ്രഭവ കേന്ദ്രം എവിടെ നിന്നെന്ന് മനസ്സിലാക്കാനും സാധിക്കും. ബധിരരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ പുതിയ സാങ്കേതിക വിദ്യയിലേക്ക് ഗവേഷകരെ നയിച്ചത്.
ഫ്രെയിമില്‍ ഘടിപ്പിച്ചിരിക്കുന്ന ഏഴ് മൈക്രോഫോണുകള്‍ വഴിയാണ് കണ്ണടകള്‍ ശബ്ദത്തെ പിടിച്ചെടുക്കുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ശബ്ദപ്രഭവകേന്ദ്രത്തിന്റെ ദിശ ഫ്രെയിമില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള എല്‍ഇഡികളിലൂടെ ആളുകള്‍ക്ക് ലഭ്യമാകും. ഏത് ലെവല്‍ മുതലുള്ള ശബ്ദത്തിന് അനുസരിച്ചാണ് കണ്ണട പ്രവര്‍ത്തിക്കേണ്ടതെന്ന് ഉപയോക്താവിന് ഇഷ്ടാനുസരണം സ്വയം നിര്‍ണയിക്കാം.
കണ്ണടയുടെ പ്രവര്‍ത്തനത്തിന് എല്ലായ്‌പ്പോഴും ഉപയോക്താവ് ഒരു ലാപ്‌ടോപ് കൂടെക്കൂട്ടണമെന്നാണ് പുതിയ കണ്ടെത്തലിന്റെ ഏക പോരായ്മ. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കണ്ണട വിപണിയിലെത്താന്‍ കുറച്ചു വര്‍ഷങ്ങളെടുക്കും.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഇന്റര്‍ നോയ്‌സ് കോണ്‍ഫറന്‍സിലാണ് ഈ പുതിയ കണ്ണടയുടെ ഡെമോ അവതരിപ്പിച്ചത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























