ഒളിച്ചേ…കണ്ടേ…
മുഖ്യമന്ത്രി വാര്‍ത്തയിലുണ്ട്.
സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വഴി പോകാതെ മാറിനടന്ന്…
തെന്നിവീണ്…
എല്ലാം കൊച്ചിയിലായിരുന്നു.
ആ വീണുപോയ പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് ബഹുദൂരം പോകേണ്ടിവന്നില്ല. കൊച്ചിയില്‍ വെച്ചു തന്നെ അദ്ദേഹത്തിന് അതിനവസരം ലഭിച്ചു; മുന്‍ കേരള ചക്രവര്‍ത്തി മാവേലിയെ നാണിപ്പിക്കുന്ന എളിമ പ്രകടിപ്പിച്ചുകൊണ്ട് ഒരു ‘ഫോട്ടൊ ഫിനിഷ്’.
കണ്ടമാനം കുടവയറുമായി ഓണക്കാലത്ത് അലഞ്ഞുതിരിയുന്ന മാവേലിമാരിലൊരാള്‍ സ്ഥലത്തുണ്ടായിരുന്നു. ആ മാവേലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടയുടന്‍ കാല്‍തൊട്ടു വന്ദിക്കാന്‍ കുനിയുന്നതായി തെളിമയോടെ കാണിച്ചുതന്നത്, ഒരു വര്‍ത്തമാനപത്രത്തിലെ ചിത്രമാണ്. അതെ തെളിമയോടെ നൊടിയിടയില്‍ ആ ശ്രമത്തെ മുഖ്യമന്ത്രി വിലക്കുന്നതും ആ ചിത്രത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. നമ്മൂടെ ഈ മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ തോന്നുന്ന പ്രത്യുല്പ്പന്നമതിത്വം – അവസരത്തിനൊത്ത് ഉടനുടന്‍ ചിന്തിച്ച് നൊടിയിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രായോഗികവിവേകം! അത്ഭുതകരം തന്നെ!
ഭരണാധിപന്റെ കാല്‍ തൊട്ടുവണങ്ങി ആദരവ് പ്രകടിപ്പിക്കുന്ന പുരാതന രീതിയെ പരിഹസിച്ചുകൂടാ. പക്ഷെ അങ്ങനെ ചെയ്ത ദേഹം ഇപ്പോള്‍ ഒരു ‘മിത്തില്‍’ ഒതുങ്ങിയെങ്കിലും സര്‍വശ്രേഷ്ടനായ ഒരു ചക്രവര്‍ത്തിയുടെ വേഷം അണിഞ്ഞ തേജോരൂപമല്ലെ? പ്രതാപമേറിയ ഭൂതകാലപ്രാഭവം മറന്ന് മാവേലി അതു ചെയ്യാമോ എന്നെല്ലാം ചോദിക്കാം. ചുട്ടികുത്തിക്കഴിഞ്ഞാല്‍ പിന്നെ നടന്‍ സാധാരണമനുഷ്യനല്ല. ‘ധീരോദാത്തന്‍ അതിപ്രതാപ ഗുണവാന്‍ വിഖ്യാത വംശന്‍’ – മനുഷ്യസഹജമായ മാനസികവികാരങ്ങള്‍ക്ക് വഴങ്ങരുതാത്തതാണ്. നമ്മുടെ മാവേലിവേഷക്കാരന്‍ നടനല്ല; വെറും രണ്ടു നാഴിക തികയുന്നതിന് മുന്നെ വേഷം അഴിച്ചു പാരിതോഷികം വാങ്ങി വീട്ടില്‍ പോകാന്‍ തിടുക്കപ്പെടുന്ന വെറുമൊരു മാവേലി. മുഖ്യമന്ത്രിയെ കണ്ട സന്തോഷത്താല്‍ കുനിഞ്ഞുപോയെന്നെ ഉള്ളൂ. മുഖ്യമന്ത്രി പക്ഷെ ആ വേഷത്തിന്റെ പിന്നിലെ യുഗപ്രാഭവത്തെ ഉടന്‍ തിരിച്ചറിഞ്ഞതു കൊണ്ട് കാല്‍ പിടിക്കുന്നത് വിലക്കി വലിയൊരു അനാദരവില്‍ നിന്ന് രക്ഷപ്പെട്ടു. കാല്‍ തൊട്ടു വണങ്ങുന്നത് വിലക്കിയെങ്കിലും വണങ്ങാന്‍ ഉള്ള അര്‍ഹത അവിടെ ബാക്കി നില്ക്കുന്നുണ്ടല്ലൊ.
ഈ അര്‍ഹത ഇല്ലാത്ത ജനകീയ മന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ട്. വളരെ മുന്‍പ് പ്രതാപിയായൊരു മന്ത്രി പുരാവസ്തു മ്യൂസിയം സന്ദര്‍ശിക്കവെ, അവിടെ പ്രദര്‍ശിപ്പിച്ചിരുന്നതും, രാജാക്കന്മാര്‍ പോലും ധരിക്കാതെ സവിശേഷവേളകളില്‍ കയ്യില്‍ പിടിച്ചിരിക്കുകമാത്രം ചെയ്തിരുന്നതുമായ വിലപിടിച്ച കിരീടം എടുത്തു തലയില്‍ വെച്ച് അടുത്തുള്ള സിംഹാസനത്തില്‍ കയറി ഇരുന്നതും ‘വീരപാണ്ഡ്യകട്ടബൊമ്മനില്‍’ ശിവാജി ഗണേശന്റെ മട്ടില്‍ പൊട്ടിച്ചിരിച്ചതും ആയ സംഭവം ഒരു പ്രശസ്ത പുരാവസ്തു ഗവേഷകന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതില്‍ നിന്ന് നേരെ വിപരീത ദിശയിലുള്ള ഒരുതരം പ്രത്യുല്പ്പന്നമതിത്വം. രാജാവാകാനും കിരീടം വെക്കാനും ദുരാഗ്രഹമില്ലാത്തവരാരുണ്ട്?
നമുക്ക് മുഖ്യമന്ത്രിയിലേക്ക് തിരിച്ചുവരാം.
ഒരു മാവേലി കാരണം വന്നേക്കാമായിരുന്ന അപമാനം ഒഴിവാക്കിയ മുഖ്യമന്ത്രി തികച്ചും വ്യത്യസ്തമായ വിധം അവസരത്തിനൊത്ത് ചിന്തിച്ച് ഉടന്‍ വഴിമാറി നടക്കുന്നത് എന്തുകൊണ്ടാണ്? സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നയിക്കുന്ന വഴിയെ നടക്കാത്തതെന്തുകൊണ്ടാണ്?
സാധാരണ മനുഷ്യര്‍ വഴിമാറിനടക്കുന്നത്, ഇഷ്ടമില്ലാത്തവരെ വല്ലവരെയും, കാണുമ്പോഴാണ്. മുഖ്യമന്ത്രിക്കാരെയാണ് ഇഷ്ടമില്ലാത്തത്? ഒരു സംശയം മാത്രം. മാധ്യമപ്രവര്‍ത്തകരെ ആണോ? ആവാം. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വഴിയില്‍ നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ് മുഖ്യമന്ത്രി അടുത്തയിടെ ആവശ്യപ്പെട്ടത്. തടഞ്ഞുനിര്‍ത്തി എന്ന പ്രയോഗമാണദ്ദേഹം ഉപയോഗിച്ചത്. തന്നെ അന്യായമായി തടഞ്ഞുനിര്‍ത്തുന്നു എന്നദ്ദേഹത്തിന് അഭിപ്രായമുണ്ടോ? ഒരാളെ ‘തടഞ്ഞുനിര്‍ത്തല്‍’ കുറ്റകരമാണ്. ആ കുറ്റമാണോ അദ്ദേഹത്തെ കാണുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത്? എങ്കില്‍ നിയമപ്രകാരം നടപടി വേണം; മടിക്കരുത്.
കേരളത്തില്‍ മാത്രമല്ല കാലാകാലമായി ലോകമെങ്ങും ഉള്ള ഒരു രീതിയാണ് വിമാനത്താവളത്തിലും പൊതുസ്ഥലങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ ഭരണാധികാരികളെ കാത്തുനിന്നോ
യദൃച്ഛയാ കാണുമ്പോഴോ ഓടിയടുത്ത് അപ്പപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പൊതുതാല്പ്പര്യവിഷയങ്ങളെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത്. ലോകത്തെ ഒട്ടു മിക്ക പൊതുപ്രവര്‍ത്തനങ്ങളും അടച്ചിട്ട മുറികളില്‍ മാത്രം നടക്കുന്നതല്ല. സമയബന്ധിതമായി നടക്കുന്നതുമല്ല. രാവോ പകലോ എന്ന വ്യത്യാസവും ഇല്ല. സംഭവങ്ങള്‍ ഉണ്ടാവുന്നതിന് സമയമൊന്നുമില്ല. ലോകം ഒരു പാതി ഉറങ്ങുമ്പോള്‍ മറുപാതി ഉണര്‍ന്നിരിക്കുകയുമാണ്. കഴിഞ്ഞൊരു വര്‍ഷം സുനാമി മുന്നറിയിപ്പ് വന്നപ്പോള്‍ കൊച്ചി ഗോശ്രീ പാലത്തില്‍ രാത്രി മുഴുവന്‍ ജനങ്ങള്‍ കഴിച്ചുകൂട്ടി. മാധ്യമപ്രവര്‍ത്തകരും. ലോകത്തിന് ആവശ്യമുണ്ടോ ഇല്ലയൊ, മാധ്യമപ്രവര്‍ത്തകര്‍ എന്നും എപ്പോഴും അങ്ങനെ ആണ്; അവര്‍ എല്ലായ്‌പ്പോഴും എവിടെയെല്ലാമോ ഊഴം വെച്ച് ഉണര്‍ന്നിരിക്കുന്നു. അര്‍ദ്ധരാത്രി ഏറെചെന്നും ജോലിചെയ്യുന്ന ഭരണാധികാരികള്‍ ഉണ്ട്. തീരുമാനങ്ങള്‍ എടുക്കാറുമുണ്ട്. പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുന്നതിനു മുന്നെ തന്നെ വിവരം അറിയാന്‍, കഠിനമായി അധ്വാനിക്കുന്ന, വാര്‍ത്തയുടെ മൂല്യമെന്തെന്നറിയുന്ന മാധ്യമപ്രവര്‍ത്തകരേ ഉല്‍സാഹിക്കൂ.
ഒരു സംഭവം നടന്നാല്‍ അവിടെ ആദ്യം ഞാന്‍ എത്തണമെന്നാണെന്റെ ആഗ്രഹം. അത് ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ അഥവാ ചാനലില്‍ ആദ്യം വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ശുഷ്‌കാന്തിയെ ‘മല്‍സര’മെന്ന് പറഞ്ഞു ബാഹ്യലോകം പരിഹസിക്കും. മല്‍സരത്തിനെന്താണ് തകരാറ്? മറ്റു രംഗങ്ങളിലെ മല്‍സരത്തിന് എന്താണ് മേന്മ? വാസ്തവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ജനങ്ങള്‍ ചോദിക്കേണ്ടത് ‘നിങ്ങള്‍ കൃത്യമായി അന്വേഷിച്ച് വസ്തുതാപരമായി ശരിയായ വര്‍ത്തമാനമാണൊ ഞങ്ങള്‍ക്ക് തരുന്നത് എന്നാണ്? ഒരു വ്യക്തിക്ക് അപകീര്‍ത്തികരമായാലും ആ വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതായാലും, മറ്റൊരാളുടെ ഒരു വിഭാഗത്തിന്റെ സമൂഹത്തിന്റെ അവകാശലംഘനം ഏറിനില്ക്കുന്നതു കൊണ്ടാണെന്നു ഉറപ്പാണോ എന്നും അന്വേഷിക്കണം. നല്ല ഭാഷയിലാണോ എന്നും നോക്കണം.
മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും അവിടെ നില്ക്കട്ടെ; സാധാരണ ദൈനംദിന ജീവിതത്തില്‍ തന്നെ നമ്മള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചല്ലല്ലൊ ഒരാവശ്യം വരുമ്പോള്‍ അന്യരെ ചെന്നു കാണുന്നത്. സാമാന്യബുദ്ധി അങ്ങനെതന്നെ ആണാവാശ്യപ്പെടുന്നത്. ഇന്നിപ്പോള്‍ ഇതെഴുതിയ ഉത്രാടം ദിവസം മുഖ്യമന്ത്രി കണ്ണൂര്‍ക്ക് വാതകലോറി അപകടം നടന്ന സ്ഥലത്തേക്ക് ധൃതിയില്‍ പോയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ കാണും ചോദ്യങ്ങള്‍ ചോദിക്കും തീര്‍ച്ച. ചോദ്യങ്ങള്‍ ചോദിക്കലാണവരുടെ ഒരു മുഖ്യ പണി. അവര്‍ ബുദ്ധിപൂര്‍വകവും അവസരോചിതവുമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂട്ടത്തില്‍ പിന്നെയും ചോദുങ്ങള്‍ ഉണ്ടാവും.
ഉചിതമായവക്ക് മറുപടിയുണ്ടാവും. അല്ലാത്തവ അവഗണിക്കപ്പെടും. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെയും. വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചോദിക്കരുത് എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചാലും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പണി തുടരാതിരിക്കില്ല, കാരണമുണ്ട് ജേണലിസം വിദ്യാര്‍ത്ഥിയാവുന്ന മുതല്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നതു വരെ അവര്‍ കേട്ടുക്കൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങളിലൊന്ന് അവര്‍ ഒരു വിഖ്യാതവ്യക്തിയെ മുന്നില്‍ അപ്രതീക്ഷിതമായി കണ്ടാല്‍ എന്തു ചോദ്യമാണ് ആദ്യം ചോദിക്കുക എന്നാണ്. ആ വിഖ്യാത വ്യക്തി മുഖ്യമന്ത്രി ആവാം… കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി, അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി…
മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു കൊണ്ടിരിക്കും.
അവരുടെ ചോദ്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇനിയും കാതോര്‍ക്കും.
ഒരു പക്ഷെ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് സ്വസ്ഥ ജീവിതം നയിക്കുമ്പോള്‍ പോലും!
ഓണഫലിതം: ഇത്തവണ ഓണക്കാലത്ത് സംസ്ഥാനത്ത് ചിലവാകുന്ന മദ്യത്തിന്റെ കണക്ക് ജില്ലാതലത്തില്‍ പുറത്തുവരരുതെന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ കണിശമായ നിര്‍ദ്ദേശം നല്കിയിരിക്കുന്നുവത്രെ. സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നതാണ് കാരണം. ‘വാശിയാണ് കണക്കുകള്‍ ചോരരുത്. ലഹരി വിരുദ്ധ പ്രചാരണപരിപാടി പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം ഈ ചോര്‍ച്ചയാണത്രെ.
ഇതൊരു വെല്ലുവിളിയാണ് മാധ്യമപ്രവര്‍ത്തകരേ ‘ചോര്‍ത്താന്‍ മിടുക്കുണ്ടോ?’
പക്ഷെ ആ വകുപ്പുതലനിര്‍ദ്ദേശത്തെ സംബന്ധിച്ച വാര്‍ത്തയിലെ അവസാന വാചകം ആണ് ഫലിതം. ഈ ഓണക്കാലത്ത് വിദേശമദ്യ വില്പനയില്‍ 30 ശതമാനം വര്‍ധന ബവ്‌റിജസ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നണ്ടത്രെ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































