Stay Connected:

Indiavision Live | Malayalam News Channel

ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ ബുക്കര്‍ അന്തിമപട്ടികയില്‍

വെബ് ഡെസ്‌ക്‌ | Published: September 11, 2012

ലണ്ടന്‍: 2012ലെ ബുക്കര്‍  സാഹിത്യ സമ്മാനത്തിനുള്ള അന്തിമറൗണ്ടിലെ ആറ് നോവലുകളില്‍ മലയാളിയായ ജീത് തയ്യിലിന്റെ രചനയായ ‘നാര്‍കോപോളിസ്’  ഇടംപിടിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പദ്മഭൂഷണ്‍ ടിജെഎസ് ജോര്‍ജ്ജിന്റെ മകനാണ് 53കാരനായ ജീത്.

ജീത് തയ്യിലിലൂടെ വീണ്ടും ബുക്കര്‍ സാഹിത്യ സമ്മാനം മലയാളിയുടെ കരങ്ങളിലെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് സാഹിത്യലോകം.

1970കളിലെ മുംബൈ നഗരത്തിലെ മയക്കുമരുന്നിന്റെ ഇരുണ്ടലോകമാണ് ജീതിന്റെ ‘നാര്‍കോപോളിസ്’വരികളില്‍ തെളിയുന്നത്. ഇന്ന് പണത്തിന്റെയും ഗ്ലാമറിന്റെയും ഔദ്യോഗിക ചരിത്രത്താളുകളാല്‍ മറഞ്ഞു കിടക്കുന്ന മുംബൈയുടെ രഹസ്യചരിത്രമാണ് തന്റെ പുസ്തകമെന്ന് ജീത് പറയുന്നു. മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് കുമ്പസരിച്ചിട്ടുള്ള ജീതിന്റെ അനുഭവങ്ങളും ‘നാര്‍കോപോളിസില്‍’ ഇഴചേരുന്നുണ്ട്.

കവിതകളിലൂടെയാണ് ജീത് എഴുത്തിന്റെ ലോകത്തെത്തുന്നത്. സംഗീതജ്ഞനുമാണ്. ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കവിതകള്‍ ശ്രദ്ധേയമായിരുന്നു.

‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്’ എന്ന നോവലിലൂടെ അരുന്ധതി റോയിയാണ് ആദ്യമായി ബുക്കര്‍ നേടിയ മലയാളി. സല്‍മാന്‍ റുഷ്ദി, കിരണ്‍ ദേശായി, അരവിന്ദ് അഡിഗ എന്നിവരാണ് ബുക്കര്‍ വേദിയില്‍ ഇന്ത്യന്‍ ശബ്ദം കേള്‍പ്പിച്ച മറ്റുള്ളവര്‍.

2009ല്‍ ബുക്കര്‍ നേടിയ വുള്‍ഫ് ഹൗസിന്റെ രണ്ടാം ഭാഗം ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്ന പുസ്തകവുമായി ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ വീണ്ടും ബുക്കര്‍ നേടാനുള്ള ഒരുക്കത്തിലാണ്.  മലേഷ്യന്‍ രചയിതാവ് ടാന്‍ ട്വാന്‍ എങ്ങിന്റെ ‘ദി ഗാര്‍ഡന്‍ ഓഫ് ഈവനിംഗ്’, ദെബോ ലെവിയുടെ(ബ്രിട്ടണ്‍) ‘സ്വിമ്മിംഗ് ഹോം’, അലിസണ്‍ മൂറിന്റെ(ബ്രിട്ടണ്‍) ‘ദി ലൈറ്റ് ഹൗസ്’, വില്‍ സെല്‍ഫിന്റെ(ബ്രിട്ടണ്‍)’അംമ്പ്രല്ല’,  എന്നിവയാണ് ബുക്കര്‍ അന്തിമ പട്ടികയിലിടം നേടിയ മറ്റ് നോവലുകള്‍ .

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar