പാവപ്പെട്ടവരോ,കഷ്ടം!

കൊച്ചിയില്‍ കേരളത്തിന്റെ വ്യവസായ മാമാങ്കമായ ‘എമേര്‍ജിംഗ് കേരള’ നടക്കുമ്പോള്‍ പാവപ്പെട്ടവര്‍ എങ്ങനെയാണ് ഭരണനേതാക്കള്‍ക്ക് ചതുര്‍ത്ഥിയായി മാറുന്നത്? ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശങ്ങളില്‍നിന്നുള്ള പണക്കാരും വരുന്നത് ഇന്ത്യ കോടീശ്വരന്‍മാരുടെ നാടായി മാറി എന്ന തെറ്റിദ്ധാരണയോടെയല്ല എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് എന്നാണ് ഉണ്ടാവുക?
ആണ്ടോടാണ്ടോ അഞ്ചാണ്ടിലൊരിക്കലോ മാമാങ്കങ്ങളോ ഉച്ചകോടികളോ കൊണ്ടാടുന്നതിന് ജനങ്ങള്‍ എതിരല്ല. ‘ജിമ്മെ’ന്നോ ‘എമേര്‍ജിംഗ് കേരള’ എന്നോ അതല്ല വേറെ ഏതെങ്കിലും പേരിടുന്നതോ ഒന്നും സാധാരണക്കാര്‍ക്ക് വിഷയമല്ല. ഈ മഹാമഹങ്ങളുടെ പേരില്‍ സാധാരണക്കാരുടെമേല്‍ കുതിരകയറരുതെന്ന ചെറിയ ആഗ്രഹം മാത്രമേ അവര്‍ക്കുണ്ടാവൂ.

പണം മുടക്കാനെത്തുന്നവര്‍ക്ക് അവരവരുടെ താല്‍പര്യങ്ങളുണ്ടാകും. മുടക്കിയ പണം എത്ര വേഗത്തില്‍ പരമാവധി ലാഭത്തോടെ പലമടങ്ങ് പെരുപ്പിക്കാമെന്നതാവും അവരുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. അല്ലാതെ കേരളത്തിനെയോ കേരളീയരെയോ രക്ഷിക്കാമെന്നും നന്നാക്കാമെന്നും കരുതി പണം മുടക്കാനല്ല ഇവര്‍ വരുന്നത്. ക്ഷണിച്ചില്ലെങ്കിലും ലാഭം കിട്ടുമെങ്കില്‍ ഇവര്‍ വരുമെന്നത് വേറെ. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എത്രയെണ്ണമാണ് ഇങ്ങനെ മാമാങ്കങ്ങള്‍ നടത്തി കൊണ്ടുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കണം. എഴുന്നള്ളിച്ചുകൊണ്ടുവന്ന ഗ്വാളിയോര്‍ റയോണ്‍സ് മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ളവ നമ്മളെ കൊള്ളയടിക്കുന്നതിന് സമാനമായ വ്യവസ്ഥകള്‍ വച്ചതിന് വഴങ്ങിക്കൊടുത്തത് സംസ്ഥാനത്തിന് ശാപമായി മാറിയ ചരിത്രം കണ്‍മുന്നിലുണ്ട്. എന്നാല്‍, കൊടുമ്പിരിക്കൊള്ളുന്ന തൊഴിലാളി സമരങ്ങളുടെ, പ്രത്യേകിച്ചും ഘെരാവോ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടന്ന കാലയളവില്‍ സ്വമേധയാ വന്ന് ഇവിടെ മുതല്‍ മുടക്കിയവര്‍ ഇപ്പോഴും നല്ല നിലയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് മറക്കരുത്.
മേളകളുടെ ഭാഗമാവാന്‍ അമ്പതിലേറെ രാഷ്ട്രങ്ങളില്‍നിന്ന് ഭരണാധികാരികള്‍ എത്തുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. അത് ശരിയായിരിക്കും. പുറത്തുപോവുമ്പോള്‍ മഞ്ഞളാംകുഴി അലിയും പി സി ജോര്‍ജും എന്‍ ശക്തനുമൊക്കെ കേരളത്തിന്റെ ഭരണാധികാരികളാണ്. ഇവിടെ അവര്‍ക്കുള്ള പണി എന്താണെന്ന് അവര്‍ക്കെങ്കിലും അറിയാമോ അവോ! അതുപോലെ വിദേശങ്ങളിലെ അലിമാരും ജോര്‍ജുമാരും ശക്തന്‍മാരും കേരളം കാണാനെത്തുമ്പോള്‍ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരുമായി വരവേല്‍ക്കാം. ഈ എമേര്‍ജിംഗിന്റെ ഫലമായി ഉയര്‍ന്നുവരാനിടയുള്ള നിശാക്‌ളബ്ബുകളില്‍ ഭാവിയില്‍ വരുമ്പോള്‍ കഴിയാന്‍ അഡ്വാന്‍സ് ടിക്കറ്റും നല്‍കാം!

ലേ മെറിഡിയന്‍ ഹോട്ടല്‍
അത്തരക്കാര്‍ വന്ന് ആഹ്ലാദിച്ച് തിരിച്ചു പൊയ്ക്കോട്ടെ. അതിന് പാവപ്പെട്ടവര്‍ എന്തിന് പിഴ മൂളണം ? കൊച്ചിയില്‍ തട്ടുകടകള്‍ക്ക് മൂന്നു ദിവസത്തേക്കാണ് നിയന്ത്രണം. അതിന് കൊച്ചി മേയര്‍ പറഞ്ഞ ന്യായീകരണമാണ് ബഹുവിശേഷം. ‘വിദേശപ്രതിനിധികളാരെങ്കിലും തട്ടുകടയില്‍നിന്ന് ആഹാരം കഴിച്ച് വയറിന് അസുഖം പിടിച്ചാലോ’ എന്ന്. ഈ മേയര്‍ ഈ നാട്ടിലൊന്നും ഇല്ലെന്നു തോന്നുന്നു. ഈ മേയറുടെ നഗരസഭയുടെ അതിര്‍ത്തി പങ്കിടുന്ന മരട് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിദേശഭരണാധികാരികള്‍ക്കടക്കം ഭക്ഷണമൊരുക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ‘ലേ മെറിഡിയനി’ല്‍നിന്ന് മനുഷ്യര്‍ക്ക് കഴിക്കാന്‍ കൊള്ളാത്ത ആഹാരം പിടിച്ചെടുത്തത് പ്രദര്‍ശിപ്പിച്ചിട്ട് അധികം നാളായിട്ടില്ല. തട്ടുകടക്കാരില്‍നിന്ന് മോശം ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത ഇതുവരെയും കാണാനായില്ല.
ഏത് വികസനം വന്നാലും പാവപ്പെട്ടവരുടെ വയറ്റത്താണ് അടിക്കുന്നത്. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാനാണ് ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യം. ഇല്ലെങ്കില്‍ മൂന്നുദിവസം പാവപ്പെട്ടവരെ പട്ടിണിക്കിടാന്‍ ഇവരുടെ വോട്ടുനേടി അധികാരത്തിലെത്തിയവര്‍ക്ക് ധൈര്യം വരുമോ? അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ഇത് കല്ലേപ്പിളര്‍ക്കുന്ന കല്‍പനകളുടെ ഏകാധിപത്യരാജ്യത്തല്ല. ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടുനേടിയവര്‍ വാഴുന്ന നാട്ടിലാണിത്.
ഇതൊക്കെ കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. കണ്ട കാര്യങ്ങള്‍ തിരിച്ചറിയുകയും വേണം. സ്വന്തം കണ്ണിനെയും അനുഭവങ്ങളെയുംകാള്‍ വലിയ സത്യങ്ങളെ തേടി പരക്കംപായേണ്ടതില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. പൊന്‍ നാണയങ്ങളാണെന്ന് കരുതുന്നവ കള്ളക്കമ്മട്ടങ്ങളില്‍നിന്നുള്ളതാണെന്നറിയുമ്പോള്‍ നടുക്കമുണ്ടാവുന്നത് സ്വാഭാവികം. ആ നടുക്കത്തില്‍ മരവിച്ചുപോവുന്നതിനുപകരം ‘എല്ലുപൊക്കിയ ഗോപുരങ്ങളായി’ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കഴിയുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാവുക.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































