ഐഫോണ്‍ 5 അവതരിച്ചു; സ്‌ക്രീന്‍ വലിപ്പം 4 ഇഞ്ച്

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
i-phone-5
Facebook Google +

സാന്‍ ഫ്രാന്‍സിസ്‌കോ:  ഐഫോണ്‍ ആരാധകര്‍ക്കായി ആപ്പിളിന്റെ പുതിയ സംഭാവന- ഐഫോണ്‍ 5.  ടെക്‌ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ പരമ്പരയിലെ പുതിയ അവതാരമായ ഐഫോണ്‍ 5നെ ആപ്പിള്‍ അവതരിപ്പിച്ചു. വലിപ്പം കൂടിയ ഫോണുകള്‍ വിപണിയിലെത്തിച്ച് എതിരാളികള്‍ മത്സരം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത് മറികടക്കാനായി സ്‌ക്രീന്‍ വലുപ്പം പുതിയ പതിപ്പില്‍ 3.5 ഇഞ്ചില്‍ നിന്ന് 4 ഇഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്.

അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വൈസ് പ്രസിഡന്റ്  ഫില്‍ ഷില്ലറാണ് പുതിയ ഐഫോണിനെ പരിചയപ്പെടുത്തിയത്.

ഐഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് ആപ്പിളിന്റെ ആഞ്ചാം അവതാരം. 7.6 എംഎമ്മാണ് ഇതിന്റെ കനം. ഐഫോണ്‍ 4നെ അപേക്ഷിച്ച് 18 ശതമാനത്തോളം കുറവാണുള്ളത്. 112 ഗ്രാം ഭാരം മാത്രമുള്ള അഞ്ചാമനെ എളുപ്പം കൊണ്ടുനടക്കാന്‍ സാധിക്കുന്നതുമാണ്. ഐഫോണ്‍ നാലാമനേക്കാള്‍ 20 ശതമാനം ഭാരംകുറവ്. ഗ്‌ളാസിലും അലൂമിനിയത്തിലും മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ആപ്പിള്‍ 5ലെ പ്രത്യേകത നൂതന എല്‍ടിഇ ടെക്‌നോളജിയാണ്. വീഡിയോ സ്ട്രീമിങ്ങും വെബ് ബ്രൗസിങ്ങുമെല്ലാം വളരെ വേഗതയില്‍ ഈ ടെക്‌നോളജി സാധ്യമാക്കും.

3ജിയില്‍ നിന്ന് 4ജിയിലേയ്ക്ക് മാറി  എന്നതാണ് പുതിയ പതിപ്പിന്റെ മറ്റൊരു പ്രത്യേകത.

റെറ്റിന ഡിസ്പ്‌ളേ തന്നെയാണ് ഐഫോണ്‍ 5ന്റേത്.  വൈഡ് സ്‌ക്രീന്‍ ടെലിവിഷനുകള്‍ക്ക് സമാനമായി കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന 16:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്.  സ്‌ക്രീന്‍ വലിപ്പം 4 ഇഞ്ചാക്കിയതോടെ ഹോംപേജില്‍ അഞ്ചു നിര ആപ് ഐക്കണുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് മെഗാപിക്‌സലാണ്  ക്യാമറ. അരണ്ട വെളിച്ചത്തിലും മികവുറ്റ ചിത്രങ്ങള്‍ എടുക്കാനാകുമെന്നാണ് ഐഫോണ്‍ 5 ക്യാമറയുടെ പ്രത്യേകത. 225 മണിക്കൂറാണ് ആപ്പിള്‍ പുതിയ പതിപ്പില്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ദൈര്‍ഘ്യം.

കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ടു നിറങ്ങളിലായി മൂന്ന് മോഡലുകളാണ് പുതിയ പതിപ്പ് വിപണിയിലെത്തുക.

16 ജിബിക്ക് 199 ഡോളര്‍, 32 ജിബിക്ക് 299 ഡോളര്‍,  64 ജിബിക്ക് 399 ഡോളര്‍ എന്നിങ്ങനെയാണ് അമേരിക്കയിലെ വില. ഈ മാസം 21ഓടെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ പുതിയ ഫോണെത്തും. ഈ വര്‍ഷം അവസാനത്തോടെ മറ്റ് 100 രാജ്യങ്ങളില്‍ കൂടി ഐഫോണ്‍ 5 ലഭ്യമാകുമെന്നാണ് കണക്കു കൂട്ടുന്നത്.

സാംസഗിന്റെ ഗ്യാലക്‌സി ത്രീയാണ് ഐഫോണ്‍ 5ന്റെ പ്രധാന എതിരാളി. അടുത്ത കാലത്ത് ഐഫോണ്‍ വില്‍പ്പനയില്‍ നേരിട്ട നഷ്ടം പുതിയ പതിപ്പില്‍ മറികടക്കാമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. ആപ്പിളിന്റെ വരുമാനത്തിന്റെ 46 ശതമാനവും ലഭിക്കുന്നത് ഐഫോണ്‍ വിപണിയില്‍ നിന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top