സിനിമയോടിക്കാന്‍ കിംഗ്ഖാന്റെ കവിത

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
sharuk
Facebook Google +

ബോളിവുഡിലെ ‘കിംഗ്’ എന്ന വിശേഷണം പേരിനൊപ്പം എല്ലാകാലത്തും ഉണ്ടെങ്കിലും വിജയചിത്രങ്ങള്‍ കുറച്ചുകാലമായി ഷാറൂഖ് ഖാനില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു. കൊട്ടിഘോഷിച്ചെത്തിയ റാവണും ഡോണും ശരാശരി വിജയം മാത്രമാണ് ഷാറൂഖിന് സമ്മാനിച്ചത്. എന്നാല്‍ ഭൂതകാലത്തെ മറന്ന് ബി ടൗണിലെ ചക്രവര്‍ത്തി താനാണെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് കിംഗ് ഖാന്‍.  ബി ടൗണിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ യഷ് രാജ് ചോപ്ര വീണ്ടും ആക്ഷനും കട്ടു പറഞ്ഞെത്തുന്ന ‘ജബ് തക് ഹെ ജാനില്‍ വേറിട്ട പ്രചരണ പരിപാടിയുമായിട്ടാണ് ഷാറൂഖിന്റെ വരവ്.

പേരിട്ടത് വൈകിയാണെങ്കിലും പ്രചരണത്തില്‍ മുന്നിലാണ് ‘ജബ് തക് ഹെ ജാന്‍’. സിനിമയുടെ ശീര്‍ഷകം കൂടി ഉള്‍ക്കൊള്ളുന്ന ആദിത്യാചോപ്രയുടെ കവിതയാണ് ഇപ്പോള്‍ തരംഗം തീര്‍ത്തിരിക്കുന്നത്. ചിത്രത്തില്‍ റഹ്മാന്‍ സംഗീതത്തിനൊപ്പമുള്ള ഈ ശീര്‍ഷകഗാനത്തിലെ വരികള്‍ക്ക് സ്വതന്ത്രപരിഭാഷ ഒരുക്കിയിരിക്കുകയാണ് ഷാരൂഖ്. വരികളുടെ അര്‍ത്ഥം ചോരാതെയുള്ള രണ്ട് പരിഭാഷാ പതിപ്പുകളും ട്വിറ്ററിലൂടെ പുറത്ത് വിട്ടത് കിംഗ് ഖാന്‍ തന്നെ.

തൊട്ടുപിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരുടെ വക പരിഭാഷയെത്തി. ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കാണ് ഷാരൂഖിന്റെ പരിഭാഷയെങ്കിലും മറുട്വീറ്റുകള്‍ ഞെട്ടിക്കുംവിധമായിരുന്നു. ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ജെര്‍മന്‍, സ്പാനിഷ്, റഷ്യന്‍, തുര്‍ക്കിഷ്, ഉര്‍ദു, പോര്‍ച്ചുഗീസ്, ഹംഗേറിയന്‍ ഇങ്ങനെ നീളുന്ന വിവിധ ഭാഷകളിലെ മൊഴിമാറ്റം. ദേശഭാഷാ അതിരുകള്‍ കടന്ന് ഷാരൂഖിന് പിന്തുണ ലഭിച്ചത് ചിത്രത്തിന് ഗുണം ചെയ്യുമെന്ന് യഷ് രാജ് പ്രൊഡക്ഷന്‌സും കരുതുന്നു.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യഷ് രാജ് ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ജബ് തക് ഹെ ജാന്‍’. യഷ് രാജ് ചോപ്രയുടെ മകനും സംവിധായകനും നിര്‍മ്മാതാവുമായ ആദിത്യാ ചോപ്രയുടേതാണ് തിരക്കഥ. ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷാറൂഖ് ഖാന്‍. കത്രീനാ കൈഫും അനുഷ്‌കാ ശര്‍മ്മയുമാണ് നായികമാര്‍. നവംബര്‍ പതിമൂന്നിനാണ് റിലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top