Stay Connected:

Indiavision Live | Malayalam News Channel

അമേരിക്കന്‍ എംബസികള്‍ക്കു നേരെ വ്യാപക അക്രമം

വെബ് ഡെസ്‌ക്‌ | Published: September 14, 2012

ബെര്‍ലിന്‍: ഇസ്ലാം വിരുദ്ധ അമേരിക്കന്‍ ചിത്രത്തിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം. ജര്‍മ്മനിയിലെയും സുഡാനിലെയും അമേരിക്കന്‍ എംബസികള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ജര്‍മ്മന്‍ എംബസിയിലെ അമേരിക്കന്‍ പതാക കത്തിച്ച പ്രതിഷേധക്കാര്‍ പകരം ഇസ്ലാം മത ബാനര്‍ കെട്ടി.

ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം തന്നെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ ആക്രമണങ്ങള്‍ തുടരുകയാണ്.

ഈജിപ്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് നൂറുക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. യെമനില്‍ യുഎസ് എംബസിയിലേക്ക് അമേരിക്കന്‍ വിരുദ്ധ പ്രകടനക്കാര്‍ കയ്യേറി. പ്രകടനക്കാര്‍ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു.എംബസി വളഞ്ഞവരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

യുഎസ് അംബാസഡര്‍ വധിക്കപ്പെട്ട ലിബിയന്‍ നഗരം ബല്‍ഗാസി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെല്ലാം അമേപിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകാതിരിക്കാന്‍ ഈജിപ്ത് ലിബിയന്‍ രാഷ്ട്രതലവന്‍മാരുമായി സുരക്ഷാ സഹകരണ ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡണ്ട് ബരാക് ഒബാമ.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്ത് യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തി. പ്രവാചക നിന്ദ ആരോപിക്കുന്ന സിനിമ കൂടുതല്‍ കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നത് തടയാനെന്നായിരുന്നു വിശദീകരണം. സിനിമ നീക്കം ചെയ്യുന്നത് വരെ നിരോധനം തുടരുമെന്ന നിലപാടിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍.

അതേസമയം വിവാദ സിനിമ സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ യൂട്യൂബ് അധികൃതര്‍ വിസമ്മതിച്ചു. പ്രതിഷേധം ഉയരുന്ന രാജ്യങ്ങളില്‍ സിനിമ പ്രചരിക്കുന്നത് തടയാന്‍ നടപടി എടുത്തിട്ടുണ്ടെന്നാണ് ഗൂഗിള്‍ അധികൃതര്‍ പറയുന്നത്.

ലിബിയയില്‍ ബെന്‍ഗാസിയില്‍ പ്രക്ഷോഭകാരികള്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടിരുന്നു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar