ചില്ലറവ്യാപാര-വ്യോമയാന രംഗത്ത്‌ വിദേശനിക്ഷേപത്തിന് കേന്ദ്രാനുമതി

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
FDI
Facebook Google +

ന്യൂഡല്‍ഹി:ബഹുബ്രാന്‍ഡ് ചില്ലറവില്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍  കേന്ദ്രസര്‍ക്കാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യോമയാന മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം കേന്ദ്രം അനുവദിച്ചു.

സ്‌ഫോടനാത്മക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സമയമായതായും തോല്‍ക്കുന്നെങ്കില്‍ പൊരുതിയാകണമെന്നും പ്രധനമന്ത്രി മന്‍മോഹന്‍ സിങ്ങ് സാമ്പത്തിക കാര്യസമിതി യോഗത്തെ അറിയിച്ചു.

ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഓയില്‍ ഇന്ത്യ, എം.എം.ടി.സി., നാല്‍കോ, റൈറ്റ്‌സ് എന്നീ പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരിവില്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കും. ബ്രാഡ്കാസ്റ്റിങ് മേഖലയില്‍ 79 ശതമാനംവരെ വിദേശനിക്ഷേപത്തിന് അനുമതി നല്കിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെയും കോണ്‍ഗ്രസ് ഇതര ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെയും എതിര്‍പ്പിനെ മറികടന്നാണ് ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍  കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്. 2011 നവംബര്‍ 24ന് മന്ത്രിസഭ ഇത് അംഗീകരിച്ചതിനു തൊട്ടുപിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ റീട്ടെയിലില്‍ വിദേശനിക്ഷേപം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിനു പുറമെ കര്‍ണാടക, ത്രിപുര, മധ്യപ്രദേശ്, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വിദേശനിക്ഷേപത്തോട് എതിര്‍പ്പാണ്.  രാജസ്ഥാന്‍, ഹരിയാന ,മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്ത തീരുമാനങ്ങള്‍ക്ക് പിന്നാലെയുള്ള വിദേശനിക്ഷേപം അനുവദിക്കല്‍ രാജ്യം കര്‍ശനമായ സാമ്പത്തികപരിഷ്‌കാരവുമായി മുന്നോട്ടുപോകന്നതിന്റെ സൂചനയാണ്.

 

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top