വിവാദ സിനിമ നീക്കണമെന്ന ആവശ്യം ഗൂഗിള്‍ തള്ളി
സാന്‍ ബ്രൂസോ: ഇസ്ലാം മത പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട സിനിമ യൂട്യൂബില്‍ നിന്നും നീക്കണമെന്ന ആവശ്യം ഗൂഗിള്‍ തള്ളിക്കളഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കക്കെതിരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിവാദ സിനിമ നീക്കം ചെയ്യാന്‍ വൈറ്റ് ഹൗസാണ് ആവശ്യപ്പെട്ടത്.
ഇന്ത്യയിലും ഇന്തോനേഷ്യയിലും ചിത്രം സെന്‍സെര്‍ ചെയ്തിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതുകൂടാതെ ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളില്‍ ചിത്രം ബ്ലോക് ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാര്‍ യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം പിന്‍വലിക്കുന്നതു വരെ യൂട്യൂബിന്റെ നിരോധനം നീക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ചിത്രത്തില്‍ പ്രവാചകനെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ വ്യാപക അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ചൊവ്വാഴ്ച ലിബിയയില്‍ പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് അംബാസിഡര്‍ കൊല്ലപ്പെട്ടിരുന്നു.
വീഡിയോ യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് പാലിക്കുന്നില്ലെന്നായിരുന്നു വൈറ്റ്ഹൗസിന്റെ വാദം. എന്നാല്‍ തങ്ങള്‍ 2007ല്‍ പുറത്തുവിട്ട മാനദണ്ഡങ്ങള്‍ ചിത്രം പാലിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ നല്‍കിയ മറുപടി.
അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ ബസ്സെലി നക്കോളയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. 55കാരനായ നക്കോള ഈജിപ്ത് സ്വദേശിയാണ്. ബാങ്ക് മോഷണക്കേസില്‍ കാലിഫോര്‍ണിയയിലെ ജയിലിലായ ഇയാളെ കഴിഞ്ഞ ജൂണിലാണ് മോചിപ്പിച്ചത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























