മൂന്നാംകിട ‘നിഷ്‌കളങ്കത’യോടു തോറ്റു പോയ നമ്മള്‍!

Published: September 17, 2012 | By:  ശ്രീരാജ് രാജീവ്‌  |    comments Change Font size: (+) | (-)


മേരിക്കന്‍ ഐക്യ നാടുകളിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ തലയെടുപ്പായിരുന്ന ലോക വ്യാപാര കേന്ദ്രം അല്‍-ഖ്വയ്ത ആക്രമണത്തില്‍ തകര്‍ന്നതിന്റെ പതിനൊന്നാം വാര്‍ഷിക ഓര്‍മ്മദിനം- 2012 സെപ്തംബര്‍ 11. സുരക്ഷ കവചങ്ങളത്രയും വകഞ്ഞുമാറ്റി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ അമേരിക്കന്‍ എംബസിയിലേക്ക് പ്രതിഷേധ സ്വരവുമായി ഒരു സംഘം ഇരച്ചുകയറി. പിന്നാലെ ലിബിയയിലെ ബെന്‍ഗാസിയില്‍ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം അക്രമിക്കപ്പെട്ടു. റോക്കറ്റാക്രമണം ഉള്‍പ്പെടെ നടന്ന ബെന്‍ഗാസി സംഭവത്തില്‍ അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീഫന്‍സും മൂന്ന് എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 1979ല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന  അഡോള്‍ഫ് സ്‌പൈക്ക് ഡബ്‌സ് വെടിയേറ്റു കൊല്ലപ്പെട്ട് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെടുന്നത്. തൊട്ടുപിന്നാലെ യെമനിലെ സനയിലും അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടു. യൂറോപ്പിലേക്കും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പ്രതിഷേധം പടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇതിനെല്ലാം കാരണമായത് ഒരു ചലച്ചിത്രമാണ്- ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’

ചിത്രം ഹോളിവുഡിലെ ഒരു തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചുവെന്നതാണ് ഇസ്ലാംമത വിശ്വാസികളുടെ വികാരം അമേരിക്കക്കെതിരെ തിരിയാനുള്ള പ്രകോപനം. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന, മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’ നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെട്ടത്. ‘ഡെസേര്‍ട്ട് വാരിയേര്‍സ്’, ‘ഇന്നൊസെന്‍സ് ഓഫ് ബിന്‍ ലാദന്‍’, ‘ലൈഫ് ഓഫ് മുഹമ്മദ്’ അങ്ങനെ പല പല പേരുകള്‍. സാം ബാസിലെയെന്ന ഇസ്രയേല്‍ വംശജനായ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് ചിത്രത്തിന്റെ സംവിധായകനെന്ന് പറയപ്പെടുമ്പോഴും ബാസിലെയെപ്പറ്റിയുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുകയാണ്.

അക്രമങ്ങള്‍ക്കു ശേഷം ചില മാധ്യമങ്ങളില്‍ സാം ബാസിലെയെന്നു പരിചയപ്പെടുത്തിയയാള്‍ ഇസ്ലാമിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതികരണമറിയിച്ചിരുന്നു. 100 ജൂതന്‍മാര്‍ നല്‍കിയ സംഭാവനകളുടെ ബലത്തില്‍ അഞ്ച് മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് കാലിഫോര്‍ണിയയില്‍ വച്ച് താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സാം ബാസിലെയെന്നവകാശപ്പെട്ടയാള്‍ വ്യക്തമാക്കി. അതേ സമയം കാലിഫോര്‍ണിയ ഫിലിംസ് കമ്മീഷന്‍ ഡയറക്ടറുടെ അഭിപ്രായത്തില്‍ കാലിഫോര്‍ണിയയില്‍ വച്ച് അത്തരമൊരു ചിത്രത്തിന് നിര്‍മ്മാണ അനുമതി നല്‍കിയിട്ടില്ല. സാം ബാസിലെ ഇസ്രയേല്‍ വംശജനാണെന്നും ജൂതന്‍മാരുടെ പിന്തുണയോടെയാണ് ചിത്രം നിര്‍മ്മിച്ചതെന്നും പറയുമ്പോള്‍ ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് പ്രവാചകനിന്ദ കുത്തിത്തിരുകി ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’ ഒരുക്കിയതെന്ന് നിസ്സംശയം വ്യക്തമാകുന്നു. പക്ഷെ ലോകം അത് മനസ്സിലാക്കുന്നില്ലെന്നതാണ് സങ്കടകരം. സോഷ്യല്‍ മീഡിയകളടക്കം മതത്തിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള യുദ്ധത്തിന്റെ വേദികളായി.

കലാമൂല്യമോ സാങ്കേതികത്തികവോ അഭിപ്രായപ്പെടാനില്ലാത്ത, ചലച്ചിത്രമെന്ന വിശേഷണം പോലും പാകമാകാത്ത ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’ അഭിനേതാക്കളെയുള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇസ്ലാമിനെപ്പറ്റിയാണ് ചിത്രമൊരുങ്ങുന്നതെന്ന് ഒരു ഘട്ടത്തിലും മനസിലായിരുന്നില്ലെന്ന് അഭിനേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ കണ്ട സാം ബാസിലെയെന്ന സംവിധായകന്‍ ഇസ്രയേലുകാരനായിരുന്നില്ല, ഈജിപ്ഷ്യനായിരുന്നവെന്ന് അഭിനേതാക്കളില്‍ ചിലര്‍ വെളിപ്പെടുത്തി. ഈജിപ്തിലെ ഏറ്റവും വലിയ ക്രിസ്തുമത സമൂഹമായ കോപ്റ്റ് ക്രിസ്ത്യന്‍ വിശ്വാസി നക്കൗല ബാസെല്ലി നകോലയാണതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമയുടെ മാനേജര്‍ മാത്രമാണ് താനെന്നാണ് അയാളുടെ പക്ഷം. കടുത്ത മുസ്ലീം വിരോധികളായ സാം ബാസിലെയും നക്കൗലയും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചുവെന്നാണ് ഇതുവരെയുള്ള അന്വഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്, അതല്ല ഇരുവരും ഒരാളാണെന്ന സംശയവും നിലനില്‍ക്കുന്നു.

ഈജിപ്ഷ്യന്‍ കോപ്റ്റ് ക്രിസ്ത്യന്‍ സമൂഹത്തെയും അമേരിക്കന്‍ മുസ്ലീങ്ങളെയും ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്രജ്ഞരെയുമാണ് ചിത്രം ഏറ്റവുമധികം അപകടത്തിലാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഈജിപ്ഷ്യന്‍ ബന്ധം ഈജിപ്തില്‍ അധികാരത്തിലേറിയ മുസ്ലീം ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് മുര്‍സിയ്ക്കു മേല്‍ നിഴല്‍ വീഴ്ത്തുമെന്നും മാറുന്ന അറബ് ലോകത്തെ അമേരിക്കയുമായി അടുക്കുന്നതില്‍ നിന്നും വിലക്കുമെന്നും മറ്റുമുള്ള കണക്കു കൂട്ടലിലാണ് ചിത്രമൊരുക്കിയതെന്ന് നിരീക്ഷിക്കാം, അതിന് ബലം പകരുന്നതാണ് ഓരോ ഘട്ടങ്ങളും.

മുഹമ്മദ് നബിയെ സ്ത്രീലമ്പടനും ബാലപീഡകനും സ്വവര്‍ഗ്ഗഭോഗിയുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ നിന്ദാകരമായ സംഭാഷണങ്ങളത്രയും പിന്നീട് ഡബ്ബ് ചെയ്തു ചേര്‍ത്തവയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി യു ട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്. സാം ബാസിലെയുടെ പേരില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ നാലര ലക്ഷത്തിലേറെപ്പേര്‍ കണ്ടു. സെപ്തംബര്‍ നാലിന് ചിത്രത്തിന്റെ അറബിക് പതിപ്പ് യു ട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’ അറബ് ലോകത്തെ അസ്വസ്ഥമാക്കിയത്. അഫ്ഗാനിസ്ഥാന്‍, ലിബിയ, ഈജിപ്ത് തുടങ്ങി സ്‌ഫോടനാത്മക സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഗൂഗിള്‍ ചിത്രം നിരോധിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും നിരോധനം ആവശ്യപ്പെട്ട് അമേരിക്കന്‍ വിരുദ്ധ പ്രതിഷേധമുയര്‍ന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. പാകിസ്ഥാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ രണ്ട് മരണം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന അമേരിക്കയില്‍ എംബസി ആക്രമണങ്ങള്‍ ഗൗരവമേറിയ രാഷ്ട്രീയ വിഷയമായിക്കഴിഞ്ഞു. അപകടത്തില്‍പ്പെട്ട അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നീതി ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. യു എന്നും ലോകരാജ്യങ്ങളും ആക്രമണങ്ങളെ അപലപിച്ചു.

‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’ ഉയര്‍ത്തിയ വിവാദ കൊടുങ്കാറ്റ് മുസ്ലീം വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്താല്‍ വിവാദമായ മറ്റൊരു ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇസ്ലാമും സ്ത്രീയും വിഷയമാക്കി ഡച്ച് സംവിധായകനായ തിയൊഡോര്‍ വാന്‍ഗോഗ് ഒരുക്കിയ ‘സബ്മിഷന്‍’. ‘സബ്മിഷന’ു പകരമായി തിയൊയ്ക്ക് നഷ്ടമായത് സ്വന്തം ജീവനാണ്. 2004 നവംബര്‍ 2ന് അദ്ദേഹം കൊല്ലപ്പെട്ടു.

ഇസ്ലാമിനെ ക്രിയാത്മകമായി വിമര്‍ശിക്കാനുള്ള ശ്രമമാണ് തിയൊയുടെ ജീവനെടുത്തത്. മറിച്ച് ഇന്ന് സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ലക്ഷ്യം വച്ച് ഗൂഢോദ്ദേശത്തോടെ സൃഷ്ടിക്കപ്പെട്ട ‘ഇന്നൊസെന്‍സ് ഓഫ് മുസ്ലീംസ്’, സംവിധായകന്‍ അജ്ഞാതനായി തുടരുമ്പോഴും നിരവധി ജീവനുകള്‍ കവര്‍ന്നു കഴിഞ്ഞു, ഒട്ടേറെയാളുകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയുമിട്ടു. ലജ്ജാപൂര്‍വ്വം തലകുനിച്ച് ലോകത്തിനു സമ്മതിച്ചേ പറ്റൂ- ആ മൂന്നാം കിട ചിത്രം അതിന്റെ ലക്ഷ്യം കണ്ടുവെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top