വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്; തന്നെ നിയന്ത്രിക്കാനാവില്ലെന്ന് മമത
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയില്‍ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യുപിഎയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ കെ ആന്റണി, പി ചിദംബരം, അഹമ്മദ് പട്ടേല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും ഇന്ധന വിലവര്‍ധനയില്‍ നേരിയ ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നും യോഗത്തില്‍ തീരുമാനമായതായി സൂചനയുണ്ട്.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രം തെറ്റിദ്ധാരണ പരത്തുകയാണ്. ടി വി ചാനലുകളെ കേന്ദ്രത്തിനു നിയന്ത്രിക്കാനാകും, തന്നെ നിയന്ത്രിക്കാമെന്നു കരുതേണ്ട. കേന്ദ്രം ഇളവനുവദിച്ചാല്‍ മാത്രം തീരുമാനം പുന:പരിശോധിക്കുമെന്നും മമത പറഞ്ഞു.
മമതയെ അനുനയിപ്പിക്കാന്‍ വിട്ടുവീഴ്ചയാകാമെന്നുമുള്ള നിലപാടിലായിരുന്നു സോണിയ ഗാന്ധി. സോണിയ ഗാന്ധി പ്രശ്‌നപരിഹാരത്തിന് മാധ്യസ്ഥയായി യോഗത്തില്‍ വച്ച് മമതയെ വിളിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും തീരുമാനത്തിനു മുന്‍തൂക്കം ലഭിച്ചതിനാലാണ് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.
വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി റയില്‍ മന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് സ്ഥിരീകരിച്ചതായി വാര്‍ത്ത പുറത്തു വന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു.
ഇന്ധനവിലക്കയറ്റം പിന്‍വലിക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യം വെള്ളിയാഴ്ചയ്ക്കകം അംഗീകരിച്ചാല്‍ പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് പല തവണ മമതബാനര്‍ജി വ്യക്തമാക്കിയിരുന്നു.
ഡീസല്‍ വിലവര്‍ദ്ധനയും ചില്ലറവ്യാപാരത്തിലെ വിദേശനിക്ഷേപവും സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയതുമുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളില്‍ പ്രതിഷേധിച്ച ശേഷം, തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ 72 മണിക്കൂറുകള്‍ മമത കേന്ദ്രത്തിനു നല്‍കിയിരുന്നു. എന്നാല്‍ പിന്‍വലിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല. ഇതാണ് കേന്ദ്രത്തില്‍ നിന്നു പിന്മാറാനുള്ള മമതയുടെ തീരുമാനത്തിനു പിന്നില്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

























