ട്വന്റി-20 ലോകകപ്പ്: യുവിയുടെ കരുത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ രണ്ടാം കീരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് യുവരാജിന്റെ മികവില്‍ ആദ്യജയം. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യമത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരു വിക്കറ്റ് വീഴ്ത്താന്‍ വഴിയൊരുക്കുകയും ചെയ്ത യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തേകിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് യുവരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ മത്സരം അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെ 136 റണ്‍സിന് എല്ലാവരും പുറത്തായി. 31 റണ്‍സെടുത്ത മൊഹമ്മദ് നബിയും 26 റണ്‍സെടുത്ത് കരീം സാദിഖുമാണ് അയര്‍ലന്‍ഡിന് വേണ്ടി പൊരുതിയത്. ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്മിപതി ബാലാജി മൂന്ന് വിക്കറ്റും ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് 39 പന്തില്‍ അര്‍ധസെഞ്ച്വറി എടുത്ത വിരാട് കോഹ്‌ലിയുടേയും 38 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടേയും പ്രകടനമാണ്.

ഗൗതം ഗംഭീറിന്റേയും(10), വിരേന്ദര്‍ സേവാഗിന്റെയും(8) വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. യുവരാജ് 18 റണ്‍സെടുത്ത് പുറത്തായി. ധോണി 18ഉം, രോഹിത് ശര്‍മ്മ ഒരു റണ്ണും എടുത്തു.

അഫ്ഗാനിസ്ഥാന് വേണ്ടി ഷാപുര്‍ സദ്‌രാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

VIDEOS

Opinion Poll