കേരളത്തില്‍ സബ്‌സിഡി സിലിണ്ടറുകള്‍ ബിപിഎല്ലിന് മാത്രം

Published: September 19, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Gas
Facebook Google +

തിരുവനന്തപുരം: സബ്‌സിഡി നിരക്കില്‍ അധിക പാചകവാതക സിലിണ്ടറുകള്‍ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമെന്ന് തീരുമാനം. മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നും ഒമ്പതാക്കുമ്പോള്‍ അധികമായി വരുന്ന മൂന്നെണ്ണത്തിന്റെ സബ്‌സിഡി സംസ്ഥാനങ്ങള്‍ വഹിക്കണം.

എന്നാല്‍ പാചകവാതക സബ്‌സിഡി ഉപഭോഗത്തിന് ആനുപാതികമായി മാത്രമേ നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉപഭോഗമാണ് ഇതിന് ആധാരമാക്കുക. 7 സിലിണ്ടര്‍ ഉപയോഗിച്ചവര്‍ക്ക് സംസ്ഥാന സബ്‌സിഡി ലഭിക്കുക ഒരു സിലിണ്ടറിന് മാത്രമായിരിക്കും. എട്ടെണ്ണം ഉപോഗിച്ചവര്‍ക്ക് രണ്ട് സിലിണ്ടറിനും ഒമ്പതെണ്ണം ഉപയോഗിച്ചവര്‍ക്ക് മൂന്ന് സിലിണ്ടറിനും സംസ്ഥാന സബ്‌സിഡി ലഭിക്കും. ഒമ്പതിലധികം സിലിണ്ടര്‍ ഉപയോഗിച്ചവര്‍ക്ക് മൂന്ന് സിലിണ്ടറിനും  സബ്‌സിഡി നല്‍കും. സംസ്ഥാനത്തിന്  താങ്ങുമെങ്കില്‍ എപിഎല്ലുകാര്‍ക്കും സബ്‌സിഡി നല്‍കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു.

പാചകവാത സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. അധിക മൂന്ന് സിലിണ്ടറുകളുടെ സബ്‌സിഡി സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദ്ദേശത്തോട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമ്മതിച്ചതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന സൂചനകള്‍. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമെ ആനുകൂല്യം അനുവദിക്കുകയുള്ളുവെന്നാണ് കേരളത്തിന്റെ തീരുമാനം

സബ്‌സിഡി നിരക്കില്‍ പ്രതിവര്‍ഷം 6 സിലിണ്ടറുകള്‍ മാത്രമേ നല്‍കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികമായി മൂന്ന് സിലിണ്ടറുകള്‍ അനുവദിക്കാന്‍ ധാരണയായത്.

ഓരോ സിലിണ്ടറിനും 400രൂപയോളം സബ്‌സിഡിയാണ് സര്‍ക്കാര്‍ വഹിക്കേണ്ടി വരുക. സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഇതുമൂലം ഉണ്ടാകും. തീരുമാനത്തോട് കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top