അതിമധുരം ഗംഭീരം, ഈ ബര്‍ഫി

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും മനോഹരമായ സിനിമയാണ് ‘ബര്‍ഫി’. തിരശീലയില്‍ ഇനിയും അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് ലഭിക്കുന്ന ഉറപ്പ്. ഉള്ളുറപ്പില്ലാത്ത സിനിമകളുടെ ധാരാളിത്തത്തില്‍ ഭ്രമിച്ച് കഴിയുന്ന ബോളിവുഡിന് മുഖമടച്ചുള്ള അടിയും. യഥാര്‍ത്ഥസ്‌നേഹത്തിന് പുതിയ പ്രത്യയശാസ്ത്രമൊരുക്കുകയാണ് നിശബ്ദതയുടെ വന്യസൗന്ദര്യവുമായി ഈ സിനിമ. ബര്‍ഫിയുടെ ജീവിതവും ജീവനകലയും തന്നെയാണ് ഈ സിനിമയുടെ മൂലധനം. ഒഴിഞ്ഞ പോക്കറ്റും തികഞ്ഞ ലാഘവത്വവുമായി മുന്നോട്ട് നീങ്ങുന്ന ബര്‍ഫി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നുണ്ട്.
പൂര്‍ണതയുടെ സൗന്ദര്യം കൂടിയാണ് ബര്‍ഫിയുടെ വിജയം. രാജ് കപൂറിന്റെ കൊച്ചുമകന്‍ ബി ടൗണ്‍ താരാപഥത്തില്‍ അനിഷേധ്യതയായ് മാറുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മടങ്ങാന്‍ കൂട്ടാക്കാത്ത കഥാപാത്രമായ് ബര്‍ഫിയും ഇടം പിടിക്കും. ലാളിത്യത്തിലെ ഹൃദൃതയാണ് ബര്‍ഫി. വൃദ്ധനായ ബര്‍ഫിയുടെ നാല്‍പ്പതു വര്‍ഷത്തെ ജീവിതം. വീഴ്ചയിലും വിജയത്തിലും ഒരു പോലെ ചിരിച്ച് മുന്നേറാന്‍ കഴിയുന്ന ഒരാള്‍. വൈകല്യങ്ങള്‍ക്കിടയിലും സഹജീവികളെക്കാള്‍ ഒരു പടി മുന്നിലാണ് ബര്‍ഫി.
ബര്‍ഫിയുടെ രണ്ട് പ്രണയങ്ങള്‍. ശ്രുതിയെന്ന ബംഗാളി പെണ്‍കുട്ടിയോട് ആദ്യകാഴ്ചയില്‍ തുടങ്ങിയ ഇഷ്ടം. ജില്‍ജില്‍ എന്ന ഓട്ടിസം ബാധിച്ച കളിക്കൂട്ടുകാരിയോടുള്ളത് സാഹചര്യനിര്‍ബന്ധങ്ങളില്‍ പിറന്ന സ്‌നേഹം. മുന്‍പരിചയമില്ലാത്ത ഒരു അവതരണശൈലിയുടെ ആവരണസൗന്ദര്യമുണ്ട് ചിത്രത്തിന്. സമസ്തമേഖലയിലും അനുഭവപ്പെടുന്ന പൂര്‍ണതയിലാണ് ബര്‍ഫി കയ്യടി മാത്രം തിരികെ നല്‍കേണ്ട സിനിമയായ് മാറിയത്. ബര്‍ഫിയുടെ ചെയ്തികളിലെല്ലാം നന്മയോളം തമാശയുമുണ്ട്. സൗരഭ് ശുക്‌ളയുടെ പോലീസ് ഓഫീസറും ബര്‍ഫിയും തമ്മിലുള്ള ടോം ആന്റ് ജെറി ഗെയിം പോലും പരിധി വിടാത്ത ഹാസ്യപാതയിലാണ്. ഫ്‌ളാഷ് ബാക്ക് കഥകളും ഉപകഥകളുമായി കെട്ടുപിണഞ്ഞു കഥ നീങ്ങുമ്പോഴും സങ്കീര്‍ണമല്ല ആഖ്യാനം.
ക്യാമറയ്ക്ക് പിന്നിലെ ദൈവമാണ് സംവിധായകന്‍ എന്ന് അനുരാഗ് ബസുവിന്റെ കാര്യത്തില്‍ ഉറപ്പിച്ചുപറയാം. രവിവര്‍മ്മന്റെ ഫ്രെയിമുകള്‍ തീര്‍ക്കുന്ന അത്ഭുതലോകത്തെത്തിയ അനുഭവം കൂടിയാണ് കാഴ്ചയിലെ ബര്‍ഫി. ദൃശ്യപരിചരണത്തിലെ അതീവചാരുതയില്‍ സംവിധായകനൊപ്പം ഛായാഗ്രാഹകനും കയ്യൊപ്പിടാം. ഈണങ്ങളിലെ ആവര്‍ത്തനം തീര്‍ത്ത മടുപ്പുകള്‍ക്ക് മാപ്പ് പറയുന്നു പ്രിതം. ചിത്രത്തിന് ശ്വാസവേഗമാകുന്നുണ്ട് പ്രിതം ഒരുക്കിയ ഈണവും പശ്ചാത്തലവും.
രാജ്കപൂറിനെയും ചാപ്‌ളിനെയും അനുസ്മരിക്കുന്ന അഭിനയശൈലി. ചോക്‌ളേറ്റ് മുഖവുമായി റോംകോം സിനിമകളില്‍ മാത്രം പ്രദക്ഷിണം ചെയ്യേണ്ടയാളല്ല രണ്‍ബീര്‍ കപൂറെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ശ്രുതിയോട് പ്രണയം വെളിപ്പെടുത്തുമ്പോള്‍, തിരസ്‌കൃതനായി മഴയിലേക്ക് ഇറങ്ങുമ്പോള്‍, ജില്‍മിലിനെ പരിപാലിക്കുമ്പോള്‍ അങ്ങനെ ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെയാണ് രണ്‍ബീറിന്റെ സഞ്ചാരം.പ്രിയങ്കാ ചോപ്രയുടെ നോട്ടി-സെക്‌സി ഇമേജിനെ തകര്‍ത്തെറിയുന്ന കഥാപാത്രമാണ് ജില്‍മില്‍ ചാറ്റര്‍ജി.
കൗമാരത്തിന്റെ പ്രണയചാപല്യങ്ങളും, കുടുംബിനിയുടെ നിസഹായതയും ബംഗാളി സുന്ദരിയുടെ ഭാവവും, അവിസ്മരണീയമാക്കി ഇല്യാനാ ഡിക്രൂസ്. സൗരഭ് ശുക്‌ള, രൂപാ ഗാംഗുലി, സുമോനാ ചക്രവര്‍ത്തി ഇവരുടെ കഥാപാത്രങ്ങളിലും സ്വാഭാവികസൗന്ദര്യം. വലുതൊന്നുമല്ലാത്ത കഥയെ സമാനതകളില്ലാത്ത ആഖ്യാനസൗന്ദര്യം കൊണ്ട് അനുരാഗ് ബസു അതീവ ഹൃദ്യമാക്കുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കണം ബര്‍ഫി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































